NEWSROOM

ഇസ്രയേൽ ആക്രമണം: ആരോഗ്യ കേന്ദ്രങ്ങളെ ബാധിച്ചു, ലബനനിലെ ആശുപത്രികൾ അടച്ചു

ഹിസ്ബുള്ള ഉപയോഗിക്കുന്നതായി അവകാശപ്പെടുന്ന ആശുപത്രിയോട് ചേർന്നുള്ള പള്ളിയാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കിയിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

ഇസ്രയേൽ ആക്രമണം ആരോഗ്യ കേന്ദ്രങ്ങളെ ബാധിച്ചതിനെ തുടർന്ന് ലബനനിലെ ആശുപത്രികൾ അടച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11 പാരാമെഡിക്കുകൾ കൊല്ലപ്പെട്ടതായി ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട ആരോഗ്യ സംഘടന അറിയിച്ചു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലബനനിലെ ആശുപത്രികൾക്ക് നേരെയുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ 37 ഓളം ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടുകയും നിരവധി മെഡിക്കൽ സ്റ്റാഫുകൾ കൊല്ലപ്പെടുകയും ചെയ്‌തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

യുദ്ധവിമാനങ്ങളും ആയുധങ്ങളും കൊണ്ടുപോകാൻ ഹിസ്ബുള്ള മെഡിക്കൽ വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് ആരോപണം ഉയർന്നു. ഇതേതുടർന്ന് സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതായി സംശയിക്കുന്ന ഏത് വാഹനത്തെയും ആക്രമിക്കുമെന്ന് ഇസ്രയേൽ സൈന്യം മുന്നറിയിപ്പ് നൽകിയിരുന്നു.


കഴിഞ്ഞ ദിവസം ആശുപത്രിയുടെ പ്രവേശന വഴിയിൽ രണ്ട് ആംബുലൻസുകളിൽ വ്യോമാക്രമണം നടക്കുകയും ഏഴ് പാരാമെഡിക്കുകൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് ആശുപത്രി അടച്ചിടുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് തെക്കൻ ലബനനിലെ മർജയൂൺ സർക്കാർ ആശുപത്രി ഡയറക്ടർ ഡോ മൗൺസ് കലാകിഷ് പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു. ആക്രമണം നഴ്‌സുമാരുടെയും ഡോക്ടർമാരുടെയും ഇടയിൽ പരിഭ്രാന്തി സൃഷ്‌ടിച്ചു. അന്തരീക്ഷം ശാന്തമാക്കി ജോലി തുടരാനുള്ള ശ്രമം നടത്തിയെങ്കിലും അത് പരാജയപ്പെടുകയാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: ഇറാനിൽ ഇസ്രയേലിൻ്റെ തിരിച്ചടി പ്രവചനാതീതം; ആശങ്കയിൽ പശ്ചിമേഷ്യ

45 ഇൻപേഷ്യൻ്റ് കിടക്കകൾ ആശുപത്രിയിൽ ഉണ്ടായിരുന്നതായും, എന്നാൽ എല്ലാം ഇപ്പോൾ ശൂന്യമാണെന്നും അവർ പറഞ്ഞു. ഈ മേഖലയിൽ ഡയാലിസിസ് നൽകുന്ന ഏക ആശുപത്രിയിൽ നിന്നും അത്യാഹിത രോഗികളെ പിന്തിരിപ്പിക്കുകയും മറ്റുള്ളവരോട് പോകാൻ പറയുകയും ചെയ്യേണ്ടി വന്നതായും ആശുപത്രി അധികൃതർ അറിയിച്ചു. കൂടാതെ ആശുപത്രി സേവനങ്ങൾ നിർത്തിവെക്കാൻ നിർബന്ധിതരാവുകയും ചെയ്തു. ഹിസ്ബുള്ളക്കാർ ഉപയോഗിക്കുന്നതായി അവകാശപ്പെടുന്ന ആശുപത്രിയോട് ചേർന്നുള്ള പള്ളിയാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.

SCROLL FOR NEXT