NEWSROOM

നടി ആക്രമിക്കപ്പെട്ട കേസ്; രാഷ്ട്രദീപിക പത്രത്തിനെതിരായ നിയമനടപടി തുടരാമെന്ന് ഹൈക്കോടതി

കേസിലെ ഇരയായ നടിയെ തിരിച്ചറിയുന്ന വിവരങ്ങൾ പ്രസിദ്ധീകരിച്ചതിനെതിരെയാണ് നടപടി

Author : ന്യൂസ് ഡെസ്ക്

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട രാഷ്ട്രദീപിക പത്രത്തിനെതിരായ നിയമനടപടി തുടരാമെന്ന് ഹൈക്കോടതി. കേസിലെ ഇരയായ നടിയെ തിരിച്ചറിയുന്ന വിവരങ്ങൾ പ്രസിദ്ധീകരിച്ചതിനെതിരെയാണ് നടപടി. പത്രത്തിനെതിരെയുള്ള ക്രിമിനൽ നടപടി റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. രാഷ്ട്രദീപിക പത്രത്തിന്‍റെ ചീഫ് എഡിറ്റര്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി.

2017 ഡിസംബറില്‍ പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് കേസ്. നടി അഭിനയിച്ച സിനിമയുടെ പേരും സ്വദേശവും പത്രത്തിൽ വെളിപ്പെടുത്തിയിരുന്നു.ബലാത്സംഗ കേസിലെ ഇരയുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസിൽ  ഒന്നാം പ്രതിയായ പൾസർ സുനിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. വിചാരണ നീണ്ടുപോകുന്ന സാഹചര്യത്തിലാണ് കോടതിയുടെ നടപടി . പ്രതിക്ക് ജാമ്യം അനുവദിച്ചാൽ കേസിലെ തെളിവുകൾ നശിപ്പിക്കപ്പെടാനും വിദേശത്തേക്ക് കടന്നുകളയാനും സാധ്യതയുണ്ടെന്ന സംസ്ഥാന സര്‍ക്കാരിന്റെ തടസവാദങ്ങള്‍ തള്ളിയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. വിചാരണ നീണ്ടു പോകുന്നതിനാൽ ജാമ്യം നൽകുകയാണെന്ന് വ്യക്തമാക്കിയ കോടതി ഒരാഴ്ചയ്ക്കുള്ളിൽ വിചാരണ കോടതി ജാമ്യം നൽകണമെന്നും ഉത്തരവിട്ടു. കേസില്‍ ഏഴര വർഷത്തിന് ശേഷമാണ് സുനിക്ക് ജാമ്യം ലഭിക്കുന്നത്. 

SCROLL FOR NEXT