ചുരമിറങ്ങി വരുന്ന പാലക്കാടന്‍ കാറ്റ് ചൂളമടിക്കുന്ന കരിമ്പനകളുടെ നാട്, തസ്രാക്കിന്‍റെ ഇതിഹാസകാരന്‍ ഒ.വി വിജയന്‍റെ ജന്മവാർഷികമാണിന്ന്. നൂറാം പതിപ്പിൻ്റെ തലയെടുപ്പോടെ ഇതിഹാസം തുടരുമ്പോള്‍ ഇതിഹാസകാരനും കാലാതീതനാണ്. അങ്ങനെ നോക്കിയാല്‍ ഇന്ന് ഒ.വി വിജയന് 94 തികയുന്നു.
പണ്ട് പണ്ട്, ഓന്തുകള്‍ക്കും മുമ്പ്, ദിനോസറുകള്‍ക്കും മുമ്പ്, ഒരു സായാഹ്നത്തില്‍ രണ്ടു ജീവ ബിന്ദുക്കള്‍ നടക്കാനിറങ്ങി. അസ്തമയത്തില്‍ ആറാടി നിന്ന ഒരു താഴ്വരയിലെത്തി. ഇതിൻ്റെ അപ്പുറം കാണണ്ടേ...? ശൂന്യതയാൽ ചുറ്റപ്പെട്ട ഒരു നാഗരികതയ്ക്ക് അപ്പുറം കാണാൻ കൂമൻകാവിൽ രവിക്കൊപ്പം ബസിറങ്ങിയ ഒ.വി വിജയനെ മലയാള ഭാവന എന്നെങ്കിലും മറക്കുമോ?
ഒ.വി വിജയന്‍റെയും എഴുത്ത് പിറക്കുന്നത് ആധുനികതയിലാണ്. എന്നാലത് മധ്യവര്‍ഗ റിയലിസത്തിന് അപ്പുറം മാജിക് റിയലിസത്തിന്‍റേതാണ്. അപരിചിതവും അയഥാർഥ്യവുമാണ് ആ കഥാലോകം. ഭ്രമാത്മകവും സങ്കീർണവുമായ ആ മിത്തിക്കൽ ഭൂമികയിലേക്ക് ആരും വഴിതെറ്റിയല്ല വരുന്നത്. എന്നാല്‍ അള്ളാപ്പിച്ച മൊല്ലാക്കയും മൈമുനയും നൈസാമലിയും അപ്പുക്കിളിയുമുള്ള തസ്രാക്ക് ഉപേക്ഷിച്ച് പോവുക അത്ര എളുപ്പമല്ല.
കഥാപാത്രത്തിന്‍റെ ഏമാന്‍ സാഹിത്യകാരനാണ്. അവന്‍റെ സമ്മതമില്ലാതെ കഥാപാത്രത്തിന് നേരാംവണ്ണം സംസാരിക്കാനാകില്ല. ധര്‍മ്മപുരാണത്തിലെ രാഷ്ട്രീയ വിമർശകന്‍ വിവാദങ്ങളില്‍പ്പെടുന്നത് അങ്ങനെയാണ്. പ്രജാപതിയുടെ കീഴ്‌ശ്വാസത്തില്‍ നെറ്റിചുളിക്കുന്നവരിന്നും രാജ്യദ്രോഹികളാണെന്നിരിക്കെ ആ ധർമ്മസങ്കടമവസാനിക്കുന്നില്ല.
ഗുരുസാഗരവും പ്രവാചകൻ്റെ വഴിയും മധുരം ഗായതിയും അതിലുമെത്രയോ കാതം അകലെ. ആത്മീയതയുടെ അലൗകിക തലങ്ങളിലൂടെ ചരിത്രപ്രയാണം നടത്തി ഗുരുസാഹരത്തില്‍ മുങ്ങി സംഭോഗത്തിന്‍റെ സ്വാര്‍ഥമല്ലാത്ത വിശുദ്ധ രതിയില്‍ ഗര്‍ഭം ധരിച്ച്, രക്തം സ്രവിക്കാതെ പ്രസവിച്ച്, പ്രകൃതിയുടെ ശിശുവായി വീണ്ടും പിറന്ന് പുറത്തുവരുന്ന സഞ്ചാരിയാണവിടെ എഴുത്തുകാരന്‍.
തീഷ്ണമായ അടിയന്തരാവസ്ഥാക്കാലം തൊട്ട് ഇന്ദ്രപ്രസ്ഥത്തിൻ്റെ ഇടനാഴികളെ തുറന്നുകാട്ടിയ പത്രപ്രവര്‍ത്തകനും കാർട്ടൂണിസ്റ്റും കൂടിയാണ് ഊട്ടു പുലായ്ക്കല്‍ വേലുക്കുട്ടി വിജയനെന്ന ഒ.വി വിജയന്‍. അംഗരക്ഷകർ വെടിയുതിർക്കും മുന്‍പ് പുകച്ചുരുളുകളായി പോകുന്ന ഇന്ദിരയുടെ രൂപം വരച്ച പ്രവാചകന്‍.
നിശബ്ദ പ്രാർഥനകളും നിലവിളികളും മുഴങ്ങുന്ന ഗ്രാമപാതകളില്‍ നിന്ന് കടൽത്തീരത്തേക്കുള്ള വെള്ളായിയപ്പന്‍റെ ഏകാന്തസഞ്ചാരം ഹൃദയഭേദകമാണ്. പേറ്റിച്ചിയെ പോലെ മകനെയേറ്റുവാങ്ങി ബലിച്ചോറുപേക്ഷിച്ചു പോകുന്ന കണ്ണൂരിന്‍റെ കരയില്‍ ആ അപ്പന്‍റെയും മകന്‍റെയും തത്വവും അസ്തിത്വവും ചരിത്രവുമെല്ലാം അടക്കിയിട്ടുണ്ട്.
ഒന്നുകില്‍ അസ്തമയത്തിൻ്റെ താഴ്വരയില്‍ തനിച്ചുനില്‍ക്കുന്ന വലിയ ബിന്ദുവാകാം, അല്ലെങ്കില്‍ അനന്തപഥങ്ങളിലേക്ക് നടന്നകന്ന ചെറിയ ബിന്ദുവാകാം. ഒരു യാഥാർഥ്യത്തിലൊതുങ്ങാതെ ബഹുസ്വരമാണ് ഒ.വി വിജയന്‍റെ ആഖ്യാനം. ആ കഥപറച്ചിലിന് അനേകം ഭാഷ്യങ്ങളുണ്ട്. അതെല്ലാം കൊണ്ടുതന്നെയാണ് മലയാള സാഹിത്യത്തില്‍ ആധുനികതയുടെ സൂക്ഷ്മചലനങ്ങളറിഞ്ഞ ഇതിഹാസകാരനായി ഒ.വി വിജയന്‍ മാറുന്നത്.