സമകാലിക ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മുതിർന്ന ഇതിഹാസ താരങ്ങളാണ് രോഹിത് ശർമയും വിരാട് കോഹ്‌ലിയും. ഇരുവരും കളിക്കളത്തിലും പുറത്തും മികച്ച സൗഹൃദം കാത്തുസൂക്ഷിക്കുന്നവരുമാണ്. എന്നാൽ ഐസിസി സംഘടിപ്പിച്ച രണ്ട് വ്യത്യസ്ത ടൂർണമെൻ്റുകളിൽ ഇന്ത്യ ജേതാക്കളായപ്പോൾ ഫൈനലിൽ ഇന്ത്യയുടെ ടോപ് സ്കോററായതും ഇരുവരുമാണെന്നതാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ഇന്ത്യ ടി20 ജേതാക്കളായ പഴയ മത്സരത്തിൽ ഫൈനലിൽ കളിയിലെ താരമായത് കോഹ്‌ലിയായിരുന്നു. അന്ന് 59 പന്തിൽ നിന്ന് 76 റൺസെടുത്ത കോഹ്ലിയായിരുന്നു ഇന്ത്യയുടെ മാച്ച് വിന്നർ. 2025 ചാംപ്യൻസ് ട്രോഫിയിലേക്ക് വരുമ്പോൾ ഇന്ത്യയുടെ മാച്ച് വിന്നറായത് നായകൻ രോഹിത് ശർമയാണ്. 83 പന്തിൽ നിന്ന് 76 റൺസുമായി കളിയിലെ താരമായും ഹിറ്റ്മാൻ തിരഞ്ഞെടുക്കപ്പെട്ടു.
ഐസിസി ചാംപ്യൻസ് ട്രോഫി ഫൈനലിൽ പ്ലേയർ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഇന്ത്യൻ നായകനാണ് രോഹിത് ശർമയെന്നതും ശ്രദ്ധേയമായി. രണ്ടാമിന്നിങ്സിൽ ബാറ്റിങ് ദുഷ്ക്കരമായ പിച്ചിൽ അനായാസം ഷോട്ടുകൾ ഉതിർത്താണ് രോഹിത് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ധോണിക്ക് ശേഷം ടി20 ലോകകപ്പും ചാംപ്യൻസ് ട്രോഫിയും നേടുന്ന രണ്ടാമത്തെ നായകനാണ് രോഹിത് ശർമ.