NEWSROOM

സുൽത്താൻ ബത്തേരിയിൽ വീണ്ടും പുലി; വനം വകുപ്പിനെതിരെ പ്രദേശവാസികൾ

നിരന്തരം ആവശ്യപ്പെട്ടിട്ടും വനം വകുപ്പ് ഇതുവരെ കൂട് സ്ഥാപിച്ചിട്ടില്ലെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്

Author : ന്യൂസ് ഡെസ്ക്


വയനാട് സുൽത്താൻ ബത്തേരിയിൽ വീണ്ടും പുലി. കോട്ടക്കുന്ന് പുതുശേരിയിൽ പോൾ മാത്യുവിന്റെ വീട്ടിലാണ് ഇന്ന് പുലർച്ചെയോടെ പുലി എത്തിയത്. പ്രദേശത്ത് ഇത് മൂന്നാം തവണയാണ് പുലി ഇറങ്ങുന്നത്. നേരത്തെയും ഇതേസ്ഥലത്താണ് ​പുലിയിറങ്ങിയത്. നിരന്തരം ആവശ്യപ്പെട്ടിട്ടും വനം വകുപ്പ് ഇതുവരെ കൂട് സ്ഥാപിച്ചിട്ടില്ലെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്.

സംഭവത്തിൽ വനം വകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് പോൾ മാത്യു ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ചീഫ് സെക്രട്ടറി, വയനാട് ജില്ല കളക്ടർ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹർജി. കൂടു വെയ്ക്കുന്നതിൽ വനം വകുപ്പിന് അനാസ്ഥയാണെന്നും കുടുംബത്തിൻ്റെയും ബത്തേരി നിവസികളുടെയും സുരക്ഷ ഉറപ്പു വരുത്തണമെന്നും ഹ‍ർജിയിൽ ആവശ്യപ്പെടുന്നുണ്ട്.

കഴിഞ്ഞ രണ്ടുതവണയും പോൾ മാത്യുവിന്റെ വീട്ടിൽ പുലി എത്തി കോഴികളെ ആക്രമിച്ചിരുന്നു. ഏഴ് കോഴികളെയാണ് കോഴിക്കൂട് പൊളിച്ച് പുലികൊന്നു തിന്നത്.

അതേസമയം, മലപ്പുറം കാളികാവിലെ ആളെക്കൊല്ലി കടുവയെ കൂട്ടിലാക്കാനുള്ള ദൗത്യം ഏഴാം ദിവസത്തിലേക്ക്. മഞ്ഞൾപാറ, കേരള എസ്റ്റേറ്റ്, എന്നിവിടങ്ങളിൽ മൂന്ന് ലൈവ് സ്ട്രീമിംഗ് ക്യാമറകൾ ഉൾപ്പെടെ 30 പുതിയ ക്യാമറകൾ കൂടി സ്ഥാപിക്കും. 20 പേർ വീതമുള്ള മൂന്ന് സംഘങ്ങളായുള്ള തെരച്ചിൽ തുടരും.

SCROLL FOR NEXT