NEWSROOM

പുലിപ്പല്ല് കേസ്: വേടനെ വിടാതെ വനംവകുപ്പ്; കൂടുതൽ തെളിവ് ശേഖരിക്കാൻ നിർദേശം

അന്വേഷണ സംഘത്തെ വനംമന്ത്രി തള്ളി പറഞ്ഞതില്‍ ഉദ്യോഗസ്ഥർക്കിടയിൽ അത്യപ്തിയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

Author : ന്യൂസ് ഡെസ്ക്

പുലിപ്പല്ല് കേസില്‍ വേടനെ വിടാതെ വനംവകുപ്പ്. വേടനെതിരെ കൂടുതൽ തെളിവ് ശേഖരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുകയാണ് വനംവകുപ്പ്. വേടൻ്റെ മാനേജർ അടക്കമുള്ളവരെ ചോദ്യം ചെയ്യും. ലോക്കറ്റ് നൽകിയതായി വനംവകുപ്പ് പറയുന്ന രഞ്ജിത്ത് കുംബിഡിയെ കണ്ടെത്താനും നീക്കം തുടങ്ങി.

ബുധനാഴ്ചാണ് പെരുമ്പാവൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വേടന് ജാമ്യം അനുവദിച്ചത്. തുടരന്വേഷണം നടക്കുന്നത് കൊണ്ട് ജാമ്യം അനുവദിക്കരുതെന്ന വനംവകുപ്പ് ആവശ്യം,  പെരുമ്പവൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. എന്നാൽ കേസിൽ കൂടുതൽ പിടിമുറുക്കാനാണ് വനംവകുപ്പിൻ്റെ തീരുമാനം. ഇതിൻ്റെ ഭാഗമായി വരുംദിവസങ്ങളിൽ വേടൻ്റെ മനേജർ അടക്കമുള്ളവരെ ചോദ്യം ചെയ്യും.

വേടൻ്റെ അറസ്റ്റ് സംബന്ധിച്ച് വനംമന്ത്രിക്ക് എ.കെ. ശശീന്ദ്രന് വിശദമായ മറുപടി നൽകാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. വേടന് ജാമ്യം കിട്ടിയതിനു പിന്നാലെ മന്ത്രി എ.കെ ശശീന്ദ്രന്‍ വനംവകുപ്പിനെ തള്ളിപ്പറഞ്ഞിരുന്നു. അപൂര്‍വമായ ഒരു സംഭവം എന്ന നിലയില്‍ വനംവകുപ്പ് ഈ കേസിനെ പെരുപ്പിച്ചു കാണിച്ചെന്നായിരുന്നു മന്ത്രിയുടെ വിമർശനം. അന്വേഷണ സംഘത്തെ മന്ത്രി തള്ളി പറഞ്ഞതില്‍ ഉദ്യോഗസ്ഥർക്കിടയിൽ അതൃപ്തിയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.



വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അകാരണമായ ആശങ്ക സൃഷ്ടിക്കും വിധം മാധ്യമങ്ങളോട് പ്രതികരിച്ചെന്ന വിമർശനവും മന്ത്രി എ.കെ. ശശീന്ദ്രൻ ഉയർത്തിയിരുന്നു. വേടന്റെ അറസ്റ്റിനിടയാക്കിയതും തുടര്‍ന്നുണ്ടായ സംഭവങ്ങളും ദൗര്‍ഭാഗ്യകരമാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം. വേടന്‍ രാഷ്ട്രീയ ബോധമുള്ള യുവതയുടെ പ്രതിനിധിയെന്നും വേടന്‍ തിരികെ വരണമെന്നും എ.കെ ശശീന്ദ്രന്‍ അഭിപ്രായപ്പെട്ടു. 

രാഷ്ട്രീയബോധമുള്ള യുവതയുടെ പ്രതിനിധി എന്ന നിലയില്‍ ഏറെ പ്രതീക്ഷയുള്ള കലാകാരനാണ് വേടന്‍. അതുകൊണ്ടുതന്നെ അറസ്റ്റിനിടയാക്കിയ സാഹചര്യങ്ങള്‍ തിരുത്തി അദ്ദേഹം തിരിച്ചുവരേണ്ടതുണ്ട്. അതിനായി സാമൂഹികവും സാംസ്‌കാരികവുമായ പിന്തുണയുമായി വനംവകുപ്പും വേടന്റെ ഒപ്പമുണ്ടാകും. നിയമപരമായ പ്രശ്‌നങ്ങള്‍ അതിന്റേതായ മാര്‍ഗങ്ങളില്‍ നീങ്ങട്ടെയെന്നും മന്ത്രി പറഞ്ഞു.

SCROLL FOR NEXT