റോബർട്ട് ലെവൻഡോസ്കി 
NEWSROOM

ചാമ്പ്യൻസ് ലീഗില്‍ 'സെഞ്ചുറി' തികച്ച് ലെവൻഡോസ്കി; മുന്നില്‍ റൊണാള്‍ഡോയും മെസിയും മാത്രം

ബാഴ്സലോണ ഒളിംപിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലായിരുന്നു ലെവന്‍ഡോസ്കിയുടെ നേട്ടം

Author : ന്യൂസ് ഡെസ്ക്



യുഫേഫ ചാമ്പ്യൻസ് ലീഗില്‍ 100 ഗോൾ നേട്ടം സ്വന്തമാക്കി ബാഴ്സലോണയുടെ പോളണ്ട് താരം റോബർട്ട് ലെവൻഡോസ്കി. ലീഗില്‍ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ താരമായ ലെവൻഡോസ്കി എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരിലും മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ ദിവസം ബ്രസ്റ്റിനെതിരായ മത്സരത്തില്‍ പത്താം മിനുറ്റില്‍ നേടിയ പെനാല്‍‌റ്റി ഗോളിലൂടെയാണ് താരം ചാമ്പ്യന്‍സ് ലീഗില്‍ 'സെഞ്ചുറി' സ്വന്തമാക്കിയത്. മത്സരത്തിന്റെ അധികസമയത്ത് മറ്റൊരു ഗോള്‍ കൂടി നേടിയതോടെ ഗോള്‍നേട്ടം 101 ആയി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും മാത്രമാണ് ലെവന്‍ഡോസ്കിക്ക് മുന്നിലുള്ളത്.

ബാഴ്സലോണ ഒളിംപിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലായിരുന്നു ലെവന്‍ഡോസ്കിയുടെ നേട്ടം. പത്താം മിനുറ്റില്‍ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ചായിരുന്നു ലെവന്‍ഡോസ്കി നൂറാം ഗോള്‍ നേട്ടം ആഘോഷിച്ചത്. 66-ാം മിനുറ്റില്‍ ഡാനി ഒല്‍മോയിലൂടെ ബാഴ്സ ലീഡുയര്‍ത്തി. ഇഞ്ചുറി ടൈമില്‍ കളിക്ക് ഫിനിഷിങ് ടച്ച് നല്‍കി ലെവന്‍ഡോസ്കി ഒരിക്കല്‍ കൂടി ബ്രെസ്റ്റിന്റെ ഗോള്‍വല കുലുക്കി. 125മത്തെ മത്സരത്തിലായിരുന്നു താരത്തിന്റ നേട്ടം. സീസണില്‍ മികച്ച ഫോമില്‍ കളി തുടരുന്ന താരം 23 മത്സരങ്ങളില്‍നിന്നായി 23 ഗോളുകള്‍ നേടിയിട്ടുണ്ട്.

ബാഴ്സലോണയ്ക്കു പുറമേ, ബൊറൂസിയ ഡോർട്ട്മുണ്ട്, ബയേൺ മ്യൂണിച്ച് ക്ലബുകൾക്കായും കളിച്ചാണ് ലെവൻഡോസ്കി ഈ നേട്ടത്തിൽ എത്തിയത്. 183 മത്സരങ്ങളില്‍ നിന്നായി 140 ഗോളുകള്‍ നേടിയിട്ടുള്ള പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഗോള്‍നേട്ടത്തില്‍ ഒന്നാമത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റിയല്‍ മാഡ്രിഡ്, ജുവെന്റസ് ക്ലബ്ബുകള്‍ക്കായാണ് റൊണാള്‍ഡോയുടെ നേട്ടം. 163 മത്സരങ്ങളില്‍ നിന്ന് 129 ഗോളുകളുള്ള അര്‍ജന്റീനയുടെ ലയണല്‍ മെസിയാണ് രണ്ടാമത്. ബാഴ്സലോണ, പിഎസ്‌ജി ക്ലബ്ബുകള്‍ക്കായാണ് മെസിയുടെ ഗോള്‍ നേട്ടം.

SCROLL FOR NEXT