NEWSROOM

'LIFE IS BEAUTIFUL', എൻഎസ്എസിൻ്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ പുതിയ ക്യാംപയിൻ ആരംഭിക്കും: ആർ. ബിന്ദു

"കളമശേരിയിൽ ലഹരി പിടികൂടാൻ സഹായകം ആയത് വിദ്യാർഥികളും കോളേജ് യൂണിയനും ചേർന്ന് രൂപീകരിച്ച സംഘടനയാണ്. വി ക്യാൻ എന്ന സംഘടനയ്ക്ക് ലഭിച്ച വിവരമാണ് വഴിത്തിരിവായത്"

Author : ന്യൂസ് ഡെസ്ക്

ലഹരിക്കെതിരെ ജനജാഗ്രത സദസുകൾ സംഘടിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിലാണ് പ്രത്യേക ക്യാംപയിൻ തുടക്കം കുറിക്കുന്നത്. ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്നതാണ് ക്യാംപയിനെന്നും മന്ത്രി പ്രതികരിച്ചു.

സംസ്ഥാനത്തെ 3500 എൻഎസ്എസ് യൂണിറ്റിൽ നിന്നുള്ള മൂന്നര ലക്ഷം സന്നദ്ധപ്രവർത്തകർ ഭാഗമാകും. സ്വന്തം കലാലയങ്ങളുടെ പങ്കാളിത്ത ഗ്രാമങ്ങളിലും പട്ടണങ്ങളിലുമാകും സദസുകൾ. മാർച്ച് 17 മുതൽ 25 വരെ ക്യാംപയിൻ ഒന്നാം ഘട്ടം നടപ്പാക്കുമെന്നും ആർ. ബിന്ദു പ്രതികരിച്ചു.

കളമശേരിയിൽ ലഹരി പിടികൂടാൻ സഹായകം ആയത് വിദ്യാർഥികളും കോളേജ് യൂണിയനും ചേർന്ന് രൂപീകരിച്ച സംഘടനയാണ്. വി ക്യാൻ എന്ന സംഘടനയ്ക്ക് ലഭിച്ച വിവരമാണ് വഴിത്തിരിവായത്. ഹോളി ആഘോഷത്തിന് എത്തിയ ലഹരിയാണ് പിടികൂടിയത്. ലഹരിക്കെതിരായ പ്രതിരോധ സേനയായി വിദ്യാർഥികൾക്ക് പ്രവർത്തിക്കാനാകും. വിദ്യാർഥികൾക്ക് ഇന്നലത്തെ സംഭവത്തിൽ പ്രതികരിക്കാനുള്ള ധൈര്യം ലഭിച്ചത് ആറു മാസമായി അവിടെ നടത്തുന്ന പ്രവർത്തനങ്ങളാണെന്നും മന്ത്രി പ്രതികരിച്ചു.

എറണാകുളം കളമശേരി പോളിടെക്‌നിക്ക് കോളേജ് ഹോസ്റ്റലില്‍ പൊലീസ് റെയ്ഡിൽ രണ്ട് കിലോയോളം കഞ്ചാവ് പിടികൂടിയിരുന്നു. ഇന്നലെ രാത്രിയാണ് ഹോസ്റ്റലില്‍ കഞ്ചാവുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് എത്തി റെയ്ഡ് നടത്തിയത്. വില്‍പ്പനയ്ക്കായാണ് കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. ഹോസ്റ്റലില്‍ നിന്ന് മദ്യവും പിടികൂടി. ഹോസ്റ്റലില്‍ രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയിലാണ് പൊലീസ് കഞ്ചാവ് പിടികൂടിയത്. പാക്കറ്റുകളിൽ ആക്കുന്നതിനിടെയാണ് പിടികൂടിയത്.

മൂന്ന് പേരാണ് നിലവില്‍ അറസ്റ്റിലായിരിക്കുന്നത്. ആലപ്പുഴ സ്വദേശി ആദിത്യന്‍ കൊല്ലം, കൊല്ലം സ്വദേശികളായ ആകാശ്, അഭിരാജ് എന്നിവരാണ് പിടിയിലായത്. ഇതില്‍ പിടിയിലായ അഭിരാജ് കോളേജ് യൂണിയന്‍ ഭാരവാഹിയാണ്. യൂണിയന്‍ ജനറല്‍ സെക്രട്ടറിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ അഭിരാജ് മൂന്നാം വര്‍ഷം എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയാണ്. പിടിയിലായ ആദിത്യന്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്. അഭിരാജിനെയും ആദിത്യനെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.


SCROLL FOR NEXT