NEWSROOM

ഒരിക്കല്‍ ഈണമിട്ട പാട്ട് തഴയപ്പെട്ടു, പിന്നീട് പാടിയ പാട്ടും; വിദ്യാധരന്‍ മാസ്റ്റര്‍ക്ക് വൈകിയെത്തിയ അംഗീകാരം

സിനിമയ്ക്കും നാടകത്തിനും ആല്‍ബങ്ങള്‍ക്കുമായി അയ്യായിരത്തോളം പാട്ടുകള്‍ക്ക് ഈണമിട്ടിട്ടുണ്ട് മാസ്റ്റര്‍. എല്ലാ തലമുറയ്ക്കും ഓര്‍ത്തുവെക്കാവുന്ന പാട്ടുകളൊരുക്കിയ മാസ്റ്റര്‍ക്ക്, പുരസ്കാരവേദികളില്‍ നിന്നുള്ള തിരിച്ചടികളും വേദനയേറുന്ന അനുഭവങ്ങളും ഒരുപിടിയുണ്ട്.

Author : എസ് ഷാനവാസ്



മലയാളികള്‍ ഓര്‍ത്തുവെക്കുന്ന ഒട്ടനവധി ഈണങ്ങളുടെ ഉടയോനാണ് വിദ്യാധരന്‍ മാസ്റ്റര്‍. മാസ്റ്റര്‍ ഈണമിട്ടതും പാടിയതുമായ പാട്ടുകള്‍ക്ക് അന്നുമിന്നും കേള്‍വിക്കാര്‍ ഏറെയാണ്. സംഗീത സപര്യയില്‍ ആറ് പതിറ്റാണ്ട് എത്തുമ്പോഴാണ് സര്‍ക്കാരിന്റെ ഒരു ചലച്ചിത്ര പുരസ്കാരം മാസ്റ്ററെ തേടിയെത്തുന്നത്. ഗായകനായെത്തി സംഗീത സംവിധായകനായി മാറിയ മാസ്റ്റര്‍ക്ക് മികച്ച പിന്നണി ഗായകനുള്ള പുരസ്കാരമാണ് ലഭിച്ചിരിക്കുന്നത്. ജനനം 1947, പ്രണയം തുടരുന്നു എന്ന ചിത്രത്തിലെ ​ഗാനത്തിനാണ് പുരസ്കാരം. സിനിമയ്ക്കും നാടകത്തിനും ആല്‍ബങ്ങള്‍ക്കുമായി അയ്യായിരത്തോളം പാട്ടുകള്‍ക്ക് ഈണമിട്ടിട്ടുണ്ട് മാസ്റ്റര്‍. എല്ലാ തലമുറയ്ക്കും ഓര്‍ത്തുവെക്കാവുന്ന പാട്ടുകളൊരുക്കിയ മാസ്റ്റര്‍ക്ക്, പുരസ്കാരവേദികളില്‍ നിന്നുള്ള തിരിച്ചടികളും വേദനയേറുന്ന അനുഭവങ്ങളും ഒരുപിടിയുണ്ട്.


1988ല്‍ പുറത്തിറങ്ങിയ പാദമുദ്ര എന്ന ചിത്രത്തിലെ അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴും ഓംകാരമൂര്‍ത്തി ഓച്ചിറയില്‍... എന്ന മാസ്റ്റര്‍ ഒരുക്കിയ ക്ലാസിക്ക് ഗാനം ദേശീയ ചലച്ചിത്ര പുരസ്കാരത്തിന്റെ അവസാന റൗണ്ട് വരെ എത്തിയിരുന്നു. ഹരി കുടപ്പനക്കുന്നിന്റെ വരികള്‍ പാടിയത് ഗാനഗന്ധര്‍വന്‍ കെ.ജെ യേശുദാസ്, അഭിനയിച്ചത് മോഹന്‍ലാലും. ഭജന്‍ ശൈലിയിലൊരുക്കിയ ഗാനം മലയാളി സംഗീതാസ്വാദകര്‍ അതിനോടകം ഏറ്റെടുത്തുകഴിഞ്ഞിരുന്നു. അതിനാല്‍ എല്ലാവരും പുരസ്കാരം ഉറപ്പിച്ചിരുന്നു. പക്ഷേ, അവസാന റൗണ്ടില്‍ പാട്ട് തഴയപ്പെട്ടു. അശ്ലീലത്തിന്റെ അതിപ്രസരമുണ്ടെന്നായിരുന്നു ജൂറി അംഗത്തിന്റെ കണ്ടെത്തല്‍. കാമനെ ചുട്ടൊരു കണ്ണില്‍ കനലല്ല കാമമാണിപ്പോള്‍ ജ്വലിപ്പതെന്നോ, കുന്നിന്‍ മകളറിയാതെ ആ ഗംഗയ്ക്ക് ഒളിസേവ ചെയ്യുന്നു മുക്കണ്ണന്‍... എന്നീ വരികള്‍ ജൂറിയിലെ അംഗം വികലമായി തര്‍ജമ ചെയ്തതാണ് അന്ന് പ്രശ്നമായത്. ഏറെ വേദനിപ്പിച്ച അനുഭവമെന്നാണ് മാസ്റ്റര്‍ അതിനെ വിശേഷിപ്പിച്ചത്.



സംസ്ഥാന പുരസ്കാരവേദിയിലുമുണ്ട് മാസ്റ്റര്‍ക്ക് സമാന അനുഭവം. 2017ല്‍ പുറത്തിറങ്ങിയ ‘ആളൊരുക്കം’ എന്ന ചിത്രത്തിനായി മാസ്റ്റര്‍ പാടിയ ഒരിടത്തൊരു പുഴയുണ്ടേ...ഒഴുകാതെ വയലേല.. എന്ന പാട്ട് മികച്ച ഗായകനുള്ള പുരസ്കാരത്തിന്റെ അവസാന റൗണ്ട് വരെയുണ്ടായിരുന്നു. പുരസ്കാരം ഉറപ്പാണെന്ന് എല്ലാവരും അഭിപ്രായപ്പെട്ട പാട്ട് കൂടിയായിരുന്നു അത്. എന്നാല്‍, പിന്നീട് എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്നാണ് മാസ്റ്റര്‍ തന്നെ ഒരിക്കല്‍ പറഞ്ഞത്. പല പാട്ടുകള്‍ക്കും അത്തരം അനുഭവമുണ്ടായിട്ടുണ്ട്. ആരോടും പരാതിയോ, പരിഭവമോ ഇല്ല. എന്തെങ്കിലും പ്രതീക്ഷിച്ചല്ല സംഗീതത്തെ സ്നേഹിച്ചതെന്നുമായിരുന്നു മാസ്റ്റര്‍ പ്രതികരിച്ചത്. അതേസമയം, 2004ൽ കേരള സംഗീത നാടക അക്കാദമി പുരസ്കാരവും 2017-ൽ ഓള്‍ കേരള മാപ്പിള സംഗീത അക്കാദമി ഏർപ്പെടുത്തിയ ജി. ദേവരാജന്‍ മാസ്റ്റര്‍ അവാര്‍ഡും മാസ്റ്റർ നേടിയിട്ടുണ്ട്. മുംബൈയിലെ സാംസ്കാരിക സംഘടനയായ കേളി ഏർപ്പെടുത്തിയ സുധാംശു പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തിയിരുന്നു.


ചെറുപ്പം മുതല്‍ സംഗീതം പഠിച്ചിരുന്ന മാസ്റ്റർ പാട്ടുകാരനായാണ് ചലച്ചിത്രലോകത്ത് എത്തുന്നത്. 1965ൽ പുറത്തിറങ്ങിയ ‘ഓടയിൽ നിന്ന്’ എന്ന ചിത്രത്തില്‍, മെഹ്ബൂബിനൊപ്പം ‘ഓ റിക്ഷാവാല' എന്ന പാട്ട് പാടിയായിരുന്നു തുടക്കം. ബലിയാടുകൾ നാടകത്തിലെ മോഹങ്ങൾ ഞെട്ടറ്റുവീഴുന്ന ഊഷ്മളഭൂമി... എന്ന ഗാനത്തോടെയാണ് സംഗീത സംവിധായകനാകുന്നത്. 1984ല്‍ ശ്രീമൂല നഗരം വിജയന്‍ സംവിധാനം ചെയ്ത എന്റെ ഗ്രാമം എന്ന സിനിമയിലൂടെ ചലച്ചിത്രരംഗത്തും സംഗീത സംവിധായകനായി. ശാസ്ത്രീയ സംഗീതവും, നാടന്‍ശീലുകളും ഭജനുമൊക്കെ ഇടകലര്‍ന്ന സംഗീതവഴിയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ സഞ്ചാരം. നഷ്ടസ്വർഗ്ഗങ്ങളേ..., സ്വപ്നങ്ങളൊക്കെയും പങ്കുവെയ്ക്കാൻ..., ചന്ദനം മണക്കുന്ന പൂന്തോട്ടം..., വിണ്ണിന്റെ വിരിമാറിൽ..., കല്‍പ്പാന്ത കാലത്തോളം..., അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴും... എന്നിങ്ങനെ മലയാളികളുടെ ഹൃദയത്തില്‍ കുടികൊണ്ട ഗാനങ്ങളൊരുക്കിയ മാസ്റ്റര്‍ ആലാപനത്തിലൂടെയും ഹൃദയം കവര്‍ന്നു.


ആരെയും കീഴടക്കുന്ന ആലാപനംകൊണ്ട് ശ്രദ്ധേയമായിരുന്നു കഥാവശേഷനിലെ കണ്ണുനട്ടുകാത്തിരുന്നിട്ടും എന്ന പാട്ട്. ഇന്ദ്രന്‍സ് ആണോ ആ പാട്ട് പാടിയിരിക്കുന്നതെന്ന് ഏറെപ്പേരും സംശയിക്കുകയും ചെയ്തു. അത്രത്തോളം വൈകാരികമായിരുന്നു മാസ്റ്ററിന്റെ ആലാപനസൗന്ദര്യം. തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ എന്ത് വിധിയിത്... എന്ന പാട്ടിലൂടെ പുതു തലമുറയെയും കൈയിലെടുത്തു. സമീറിലെ മഴചാറുമിടവഴിയില്‍, എബ്രിഡ് ഷൈനിന്റെ മഹാവീര്യനിലെ രാധേ രാധേ എന്നിങ്ങനെ മാസ്റ്റര്‍ ശബ്ദം പകര്‍ന്ന പാട്ടുകളും സൂപ്പര്‍ഹിറ്റായി. മാസ്റ്ററുടെ ഈണവും സ്വരവും കാലാതിവര്‍ത്തിയായി തുടരും.

SCROLL FOR NEXT