NEWSROOM

ഒക്ടോബറില്‍ മിശിഹാ കേരളത്തിലെത്തും; ഉറപ്പ് പറഞ്ഞ് സ്‌പോണ്‍സര്‍മാര്‍

കേരളത്തില്‍ രണ്ട് മത്സരങ്ങളാണ് അര്‍ജന്റീന ടീം കളിക്കുക

Author : ന്യൂസ് ഡെസ്ക്

അര്‍ജന്റീനന്‍ സംഘത്തിനൊപ്പം ലയണല്‍ മെസിയും കേരളത്തില്‍ എത്തും, ഉറപ്പ്. ഒക്ടോബറില്‍ കേരളത്തില്‍ സൗഹൃദമത്സരം കളിക്കാനെത്തുന്ന അര്‍ജന്റീന ടീമിനൊപ്പം മെസ്സിയുമുണ്ടാകുമെന്ന് ഉറപ്പായി. അര്‍ജന്റീന ടീമിന്റെ ഇന്ത്യയിലെ സ്‌പോണ്‍സര്‍മാരായ HSBCയാണ് ഇക്കാര്യം അറിയിച്ചത്. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റിന്റെ സാന്നിധ്യത്തിലാണ് പ്രഖ്യാപനം.

ഇന്നാണ് എച്ച്എസ്ബിസിയെ അര്‍ജന്റീന ടീമിന്റെ ഔദ്യോഗിക പാര്‍ട്ണര്‍മാരായി പ്രഖ്യാപിച്ചത്.

കേരളത്തില്‍ രണ്ട് മത്സരങ്ങളാണ് അര്‍ജന്റീന ടീം കളിക്കുക. 14 വര്‍ഷങ്ങള്‍ക്കു ശേഷമാണ് അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീം ഇന്ത്യയിലെത്തുന്നത്. 2011ലാണ് ഇതിന് മുമ്പ് അര്‍ജന്റീന ഇന്ത്യയിലെത്തിയത്. കൊല്‍ക്കത്തയില്‍ വെനസ്വേലയ്‌ക്കെതിരെ ലോകകപ്പ് യോഗ്യതാമത്സരമായിരുന്നു അന്ന് നടന്നത്. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലെയ്ക്ക് സ്‌റ്റേഡിയത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് അര്‍ജന്റീന വിജയിക്കുകയും ചെയ്തു.

അതേസമയം, കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ അര്‍ജന്റീനയുടെ എതിരാളികള്‍ ആരായിരിക്കുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. അര്‍ജന്റീനയ്‌ക്കെതിരെ ഒരു വിദേശ ടീം തന്നെ എതിരാളികളായി വരുമെന്നാണ് സൂചന.

ഇന്ത്യയില്‍ സൗഹൃദമത്സരം കളിക്കാന്‍ തയ്യാറാണെന്ന് നേരത്തെ അര്‍ജന്റീന അറിയിച്ചിരുന്നു. എന്നാല്‍ അര്‍ജന്റീനയെപ്പോലൊരു ടീമിനെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനും മത്സരത്തിനുമായി വലിയ ചെലവ് വരുമെന്നതിനാല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ക്ഷണം നിരസിക്കുകയായിരുന്നു.

എന്നാല്‍ ഇത് ശ്രദ്ധയില്‍പ്പെട്ട കേരള കായിക മന്ത്രി അബ്ദുറഹിമാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലോഡിയോ ടാപിയയ്ക്ക് ടീമിനെ കേരളത്തിലേക്ക് ക്ഷണിച്ചുകൊണ്ട് കത്തയച്ചു. ഈ ക്ഷണം അര്‍ജന്റീന ഫുട്‌ബോള്‍ ടീം സ്വീകരിക്കുകയായിരുന്നു.

SCROLL FOR NEXT