തിയാഗോ മെസി 
NEWSROOM

റൊസാരിയോയില്‍ കുഞ്ഞുമെസിയുടെ അരങ്ങേറ്റം; യൂത്ത് ടൂര്‍ണമെന്റില്‍ പത്താം നമ്പറില്‍ തിയാഗോ

ന്യൂവെല്‍സ് ഓള്‍ഡ് ബോയ്‌സിനെതിരെ ഇന്റര്‍ മിയാമിക്കുവേണ്ടി, പത്താം നമ്പര്‍ ജേഴ്സിയണിഞ്ഞാണ് തിയാഗോ കളത്തിലിറങ്ങിയത്.

Author : ന്യൂസ് ഡെസ്ക്



ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി പന്തുതട്ടി പഠിച്ച മണ്ണില്‍ പുതിയ സ്വപ്നങ്ങള്‍ക്ക് തുടക്കമിട്ട് മൂത്ത മകന്‍ തിയാഗോ മെസി. മെസി കളിച്ചുവളര്‍ന്ന റൊസാരിയോയിലായിരുന്നു അര്‍ജന്റീന യൂത്ത് ടൂര്‍ണമെന്റില്‍ തിയാഗോയുടെ അരങ്ങേറ്റം. ന്യൂവെല്‍സ് കപ്പില്‍ ന്യൂവെല്‍സ് ഓള്‍ഡ് ബോയ്‌സിനെതിരെ ഇന്റര്‍ മിയാമിക്കുവേണ്ടി, പത്താം നമ്പര്‍ ജേഴ്സിയണിഞ്ഞാണ് തിയാഗോ കളത്തിലിറങ്ങിയത്.

അണ്ടര്‍ 13 മത്സരത്തിന്റെ രണ്ടാം പകുതിയില്‍ പകരക്കാരനായാണ് തിയാഗോ കളത്തിലെത്തിയത്. ബാഴ്സയില്‍ മെസിക്കൊപ്പമുണ്ടായിരുന്ന ഉറുഗ്വന്‍ താരം ലൂയി സുവാരസിന്റെ മകന്‍ ബെഞ്ചമിന്‍ സുവാരസും ഇന്റര്‍ മിയാമിയില്‍ തിയാഗോയ്ക്കൊപ്പം പന്ത് തട്ടാനുണ്ടായിരുന്നു. ന്യൂവെല്‍സ് ഓള്‍ഡ് ബോയ്‌സിനോട് ഒന്നിനെതിരെ പൂജ്യത്തിന് ഇന്റര്‍ മിയാമി തോറ്റെങ്കിലും കളിക്കളത്തിലെ തിയാഗോയുടെ പ്രകടനം ഏവരെയും ആകര്‍ഷിച്ചു.

അര്‍ജന്റീനൈന്‍ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ നിന്ന് 300 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറാണ് റൊസാരിയോ. അവിടെയായിരുന്നു മെസിയുടെ ജനനം. നാലാം വയസില്‍ ഗ്രന്‍ഡോളി എന്ന പ്രാദേശിക ക്ലബ്ബില്‍ ഫുട്ബോള്‍ പരിശീലനം തുടങ്ങിയ മെസി ആറാം വയസിലാണ് റൊസാരിയോയിലെ ന്യൂവെല്‍സ് ഓള്‍ഡ് ബോയ്സ് ക്ലബ്ബില്‍ എത്തുന്നത്. കാല്‍പ്പന്തിലെ അത്ഭുതബാലനിലേക്കുള്ള മെസിയുടെ കുതിപ്പ് തുടങ്ങുന്നത് റൊസാരിയോയില്‍ നിന്നായിരുന്നു. 13ാം വയസില്‍ ബാഴ്സലോണയിലെ ലാ മസിയ യൂത്ത് അക്കാദമിയിലേക്ക് പോകുംവരെ മെസി പന്ത് തട്ടിയത് റൊസാരിയോയിലായിരുന്നു.

മെസി ജനിച്ച മണ്ണില്‍, കളിച്ചുവളര്‍ന്ന ക്ലബ്ബിനെതിരെയായിരുന്നു മൂത്തമകന്റെ യൂത്ത് ടൂര്‍ണമെന്റ് അരങ്ങേറ്റം എന്നതും കൗതുകകരമായി. തിയാഗോയുടെ അരങ്ങേറ്റ മത്സരം കാണാന്‍ അമ്മ അന്റോണെല്ല റൊക്കൂസോ, മെസിയുടെ മാതാപിതാക്കളായ ജോര്‍ജെ മെസി, സെലിയ കുക്കിറ്റിനി എന്നിവരും സ്‌റ്റേഡിയത്തിലെത്തിയിരുന്നു.

SCROLL FOR NEXT