ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിച്ച് കൊണ്ടുള്ള വിദേശ പര്യടനത്തിനുള്ള സർവകക്ഷി സംഘാംഗങ്ങളുടെ അവസാന പട്ടിക പുറത്തുവിട്ട് കേന്ദ്ര സർക്കാർ. ഏഴ് സംഘങ്ങളുടെ പട്ടികയാണ് കേന്ദ്ര മന്ത്രി കിരൺ റിജിജു പുറത്തുവിട്ടത്. കേന്ദ്ര സർക്കാരിന്റെ ക്ഷണം നിരസിച്ച സൽമാൻ ഖുർഷിദും കോൺഗ്രസ് പട്ടികയിൽ ഇല്ലാത്ത മനീഷ് തിവാരിയും ലിസ്റ്റില്‍ ഉൾപ്പെടുന്നു. കോൺഗ്രസ് ശുപാർശ ചെയ്ത നാല് പേരില്‍ ആനന്ദ് ശർമ മാത്രമാണ് സംഘത്തിൽ ഉള്ളത്.
കോൺഗ്രസ് പട്ടികയിലെ ഗൗരവ് ഗൊഗോയ്, ഡോ. സയിദ് നാസർ ഹുസൈൻ, രാജ ബ്രാർ എന്നിവരെ സർവകക്ഷി സംഘാംഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയില്ല. കോൺഗ്രസ് കേന്ദ്രത്തിന് നൽകിയ ശുപാർശ പട്ടികയിൽ ഇല്ലാതിരുന്ന എംപിമാരായ ശശി തരൂർ, അമർ സിംഗ്, മനീഷ് തിവാരി എന്നിവരെ കേന്ദ്രം സ്വന്തം നിലയിൽ തെരഞ്ഞെടുക്കുകയായിരുന്നു.
ബിജെപിയുടെ ബൈജയന്ത് ജയ് പാണ്ഡ, രവിശങ്കർ പ്രസാദ്, ജെഡിയു നേതാവ് സഞ്ജയ് ഝാ, ശിവസേനയുടെ ശ്രീകാന്ത് ഷിൻഡെ, കോൺഗ്രസിന്റെ ശശി തരൂർ, ഡിഎംകെയുടെ കനിമൊഴി, എൻസിപി (ശരദ് പവാർ) നേതാവ് സുപ്രിയ സുലെ എന്നിവർ നേതൃത്വം നൽകുന്ന ഏഴ് പ്രതിനിധി സംഘങ്ങളാണ് വിവിധ രാജ്യങ്ങളിലേക്ക് ഓപ്പറേഷൻ സിന്ദൂറിനെപ്പറ്റി വിശദീകരിക്കാനും ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിന് പിന്തുണ തേടാനും പോകുന്നത്.
"ഒരു ദൗത്യം. ഒരു സന്ദേശം. ഒരു ഭാരതം. ഭീകരതയ്‌ക്കെതിരായ നമ്മുടെ കൂട്ടായ ദൃഢനിശ്ചയത്തെ പ്രതിഫലിപ്പിക്കുന്ന ഓപ്പറേഷൻ സിന്ദൂരിന് കീഴിൽ ഏഴ് സർവകക്ഷി പ്രതിനിധികൾ ഉടൻ തന്നെ പ്രധാന രാജ്യങ്ങളുമായി ഇടപഴകും," അന്തിമ പട്ടിക പങ്കിട്ടുകൊണ്ട് കേന്ദ്രമന്ത്രി കിരൺ റിജിജു എക്‌സിൽ കുറിച്ചു.
Also Read: രാഷ്ട്രം ഉണ്ടെങ്കിലേ രാഷ്ട്രീയമുള്ളൂ, രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യേണ്ടത് കടമ: ശശി തരൂർ
നയതന്ത്രജ്ഞനായി പ്രവർത്തിച്ച് പരിചയമുള്ള ശശി തരൂർ, യുഎസ്, പനാമ, ഗയാന, ബ്രസീൽ, കൊളംബിയ എന്നിവിടങ്ങളിലേക്കുള്ള പ്രതിനിധി സംഘത്തെയാകും നയിക്കുക. യുകെ, ഫ്രാൻസ്, ജർമ്മനി, യൂറോപ്യൻ യൂണിയൻ, ഇറ്റലി, ഡെൻമാർക്ക് എന്നിവിടങ്ങളിലേക്കുള്ള പ്രതിനിധി സംഘത്തെ രവിശങ്കർ പ്രസാദാണ് നയിക്കുന്നത്. സഞ്ജയ് കുമാർ ഝാ നയിക്കുന്ന സംഘം ഇന്തോനേഷ്യ, മലേഷ്യ, റിപ്പബ്ലിക് ഓഫ് കൊറിയ, ജപ്പാൻ, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കും പോകും. സിപിഐഎം പ്രതിനിധിയായ ജോൺ ബ്രിട്ടാസ് ഈ സംഘത്തിനൊപ്പമാണ്. മുസ്ലീം ലീഗ് എംപി ഇ.ടി. മുഹമ്മദ് ബഷീർ ശ്രീകാന്ത് ഷിൻഡെ നേതൃത്വം കൊടുക്കുന്ന സംഘത്തിനൊപ്പം യുഎഇ, ലൈബീരിയ, കോംഗോ, സിയേറാ ലിയോൺ എന്നീ രാജ്യങ്ങളാകും സന്ദർശിക്കുക