NEWSROOM

"ഇവരെ സ്റ്റാര്‍ ആക്കിയത് നിര്‍മാതാക്കള്‍"; എന്തെങ്കിലും പറഞ്ഞാല്‍ ആരാധകര്‍ ആക്രമിക്കുകയാണെന്ന് ലിസ്റ്റിന്‍ സ്റ്റീഫന്‍

സാന്ദ്രാ തോമസ് തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്കും ലിസ്റ്റിന്‍ മറുപടി പറഞ്ഞു

Author : ന്യൂസ് ഡെസ്ക്


അഭിനേതാക്കളെ വലിയ താരങ്ങളാക്കുന്നത് നിര്‍മാതാക്കളാണെന്ന് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. താരത്തിനെതിരെ സംസാരിച്ചാല്‍ ആരാധകര്‍ ആക്രമിക്കുകയാണെന്നും ലിസ്റ്റിന്‍ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. താരത്തെ പേടിച്ച് പറയാനുള്ള കാര്യങ്ങള്‍ പറയാതിരിക്കാനാവില്ലെന്നും ലിസ്റ്റിന്‍ വ്യക്തമാക്കി.

"ഞാന്‍ 15 വര്‍ഷമായിട്ട് ഒരു താരത്തിനെതിരെയും ടെക്‌നീഷ്യനെതിരെയും പറഞ്ഞിട്ടില്ല. ഞാന്‍ പറയാത്തത് എന്താണെന്നാല്‍, സിനിമയിലെ താരത്തിന്റെ ഫൈറ്റ് താങ്ങാനുള്ള ശക്തി ഒരു ഇന്‍ഡിവിജ്വല്‍ പ്രൊഡ്യൂസര്‍ക്കില്ല. കാരണം സിനിമ നിര്‍മിക്കുന്ന വ്യക്തി എന്ന് പറയുന്നത് ഒരാള്‍ മാത്രമാണ്. അവര്‍ക്ക് ആരാധകരില്ല. പക്ഷെ ഇവരെയെല്ലാം വലിയ താരങ്ങളാക്കി മാറ്റാന്‍ മുന്‍കൈ എടുക്കുന്നത് ഞങ്ങളാണ്. അത്തരം നിര്‍മാതാക്കളില്‍ പെട്ട ഒരാളാണ് ഞാന്‍. ഞങ്ങള്‍ എന്തെങ്കിലും പറഞ്ഞ് കഴിഞ്ഞാല്‍ ഒന്നും അറിയാത്ത ആരാധകരും ആര്‍മ്മിയും എല്ലാം ആക്രമിച്ചുകൊണ്ടിരിക്കുകയാണ്", ലിസ്റ്റിന്‍ പറഞ്ഞു.

"നിങ്ങളീ പറയുന്ന നടനെതിരെ ഞാന്‍ എന്തെങ്കിലും പരാമര്‍ശം നടത്തിയിട്ടുണ്ടോ? പരാമര്‍ശിക്കേണ്ട സമയത്ത് പറയേണ്ടതാണെങ്കില്‍ പേടിയില്ലാതെ തന്നെ പറയും. നാളെ എനിക്ക് സിനിമ എടുക്കണ്ട. എനിക്ക് കഞ്ഞി കുടിക്കാനുള്ള വക എന്റെ കയ്യിലുണ്ട്. എനിക്ക് അത് മതി. താരത്തിനെ പേടിച്ച് പറയാനുള്ള കാര്യം പറയനുള്ള കാര്യം പറയാതിരിക്കാനാവില്ല. നമ്മള്‍ ഒക്കെ ടിക്കറ്റ് എടുത്തിട്ടല്ലേ ഇവരെ വലിയ ആളാക്കിയത്", എന്നും ലിസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു.

സാന്ദ്രാ തോമസ് തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്കും ലിസ്റ്റിന്‍ മറുപടി പറഞ്ഞു. "ഞാന്‍ മലയാള സിനിമയെ ഒറ്റിക്കൊടുത്തു എന്ന് പറയുമ്പോള്‍ അദ്ദേഹം എന്താണ് ഉദ്ദേശിക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. പലിശയ്ക്ക് പൈസ എടുക്കുന്നുണ്ട്. ഞാന്‍ അങ്ങനെയാണ് എല്ലാ സിനിമകളും ചെയ്യുന്നത്. മലയാള സിനിമയിലെ 99 ശതമാനം നിര്‍മാതാക്കളും അങ്ങനെ തന്നെയാണ് സിനിമ ചെയ്യുന്നത്. അതില്‍ എവിടെയാണ് സത്യസന്ധത കുറവ്?", എന്നും ലിസ്റ്റിന്‍ പറഞ്ഞു.

കുറച്ച് ദിവസം മുന്‍പാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ മലയാള സിനിമയിലെ ഒരു പ്രമുഖ നടനെ കുറിച്ച് വിവാദ പരാമര്‍ശം നടത്തിയത്. മലയാള സിനിമയിലെ പ്രമുഖനടന്‍ വലിയ തെറ്റിന് തിരികൊളുത്തിയിട്ടുണ്ടെന്നായിരുന്നു ലിസ്റ്റിന്റെ പരാമര്‍ശം. കൊച്ചിയില്‍ ഒരു സിനിമാ പരിപാടിയില്‍ പങ്കെടുക്കവെയാണ് ലിസ്റ്റിന്‍ ഇക്കാര്യം പറഞ്ഞത്. എന്നാല്‍ നടന്റെ പേരോ ചെയ്ത തെറ്റോ ലിസ്റ്റിന്‍ വെളിപ്പെടുത്തിയിരുന്നില്ല.

SCROLL FOR NEXT