പാലക്കാട് എലപ്പുള്ളിയിൽ മദ്യനിർമാണ കമ്പനി വരുന്നതിൽ പ്രദേശവാസികളായ കർഷകർ ആശങ്കയിൽ. കുടിവെള്ളത്തിനും, കൃഷിക്കും സർക്കാർ പദ്ധതികളെ ആശ്രയിക്കുന്ന പ്രദേശത്ത് മദ്യ കമ്പനി വരുന്നത് ജല ചൂഷണത്തിന് കാരണമാകുമെന്നാണ് നാട്ടുകാർ പറയുന്നത്.
ഒന്നിടവിട്ട ദിവസങ്ങളിലാണ് ഇവിടെ വെള്ളം കിട്ടുന്നത്. നിശ്ചിത ദിവസം വെള്ളം വന്നില്ലെങ്കിൽ ഇവർ ദുരിതത്തിലാകും. വാളയാർ ഡാമിൽ നിന്നുള്ള വെള്ളമാണ് ജലസേചനത്തിനായി പ്രദേശവാസികൾ ഉപയോഗിക്കുന്നത്. കുടിവെള്ളത്തിന് ആശ്രയക്കുന്നത് വാട്ടർ അതോറിറ്റിയുടെ പദ്ധതിയും. ഇത് രണ്ടുമില്ലെങ്കിൽ എലപ്പുള്ളിയിലെ ആറാം വാർഡ് പ്രതിസന്ധിയിലാകും. അതുകൊണ്ടു തന്നെയാണ് പ്രദേശത്തെ നിർദിഷ്ട മദ്യനിർമാണ കമ്പനി സംബന്ധിച്ച് നാട്ടുകാർക്ക് ആശങ്ക നിലനിൽക്കുന്നത്. ആശങ്കകൾ സർക്കാർ പരിഹരിക്കുമെന്ന പ്രതീക്ഷയാണ് സിപിഎം പ്രതിനിധിയായ വാർഡ് അംഗം അടക്കം പങ്കുവയ്ക്കുന്നത്.
Also Read: ഫ്ലാറ്റിൻ്റെ ബാൽക്കണിയിൽ നിന്ന് നഗ്നതാ പ്രദർശനവും തെറിവിളിയും; വിനായകൻ വീണ്ടും വിവാദച്ചുഴിയിൽ
മദ്യ നിർമാണ കമ്പനിക്ക് പ്രാഥമിക അനുമതി മാത്രമാണ് ഇപ്പോൾ ലഭിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ വരും ദിവസങ്ങളിൽ കൂടുതൽ വ്യക്തത വരുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. എന്നാൽ പദ്ധതിയെ ഒരു തരത്തിലും അംഗീകരിക്കില്ലെന്നാണ് പ്രതിപക്ഷം വ്യക്തമാക്കുന്നത്.
ആതേസമയം, മദ്യനിർമാണ കമ്പനിക്കുളള തീരുമാനം പുനഃപരിശോധിക്കണമെന്ന് എലപ്പുള്ളി പഞ്ചായത്ത് ഭരണ സമിതി യോഗത്തിലെ തീരുമാനം. പുനഃപരിശോധന ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകാനും യോഗം തീരുമാനിച്ചു. ഭരണ സമിതി തീരുമാനത്തെ ബിജെപി അംഗങ്ങൾ പിന്തുണച്ചപ്പോൾ, സിപിഎം അംഗങ്ങൾ യോജിക്കാനും വിയോജിക്കാനുമില്ലെന്ന് പറഞ്ഞു.