കോഴിക്കോട് കൂടരഞ്ഞിയിൽ യുവാവ് ആശുപത്രിയിൽ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ആരോപണവുമായി പ്രദേശവാസി. ആശുപത്രിക്കെതിരെയാണ് പ്രദേശവാസി കോലോത്തുംകടവ് സ്വദേശി സാദിഖ് ആരോപണമുന്നയിച്ചത്. രണ്ട് മാസം മുൻപ് തനിക്ക് ആശുപത്രി പരിസരത്ത് വെച്ച് ഷോക്കേറ്റെന്നാണ് സാദിഖ് പറയുന്നത്. അന്ന് ആശുപത്രി അധികൃതരെ ഇക്കാര്യം അറിയിച്ചിരുന്നു വെന്നും അപ്പോൾ തന്നെ നടപടി സ്വീകരിച്ചിരുന്നെങ്കിൽ യുവാവിന് ജീവൻ നഷ്ടമാകില്ലായിരുന്നുവെന്നും സാദിഖ് ന്യൂസ് മലയാളത്തോട് പ്രതികരിച്ചു.
Read More: ആശുപത്രി ക്യാന്‍റീനില്‍ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം; സംഭവം കോഴിക്കോട് കൂടരഞ്ഞിയില്‍
വ്യാഴാഴ്ച രാത്രിയാണ് തിരുവമ്പാടി ചവലപ്പാറ സ്വദേശി അബിൻ വിനു ആശുപത്രിയിൽ ഷോക്കേറ്റ് മരിക്കുന്നത്. രോഗിയായ സുഹൃത്തിനെ കാണാന്‍ ആശുപത്രിയിലെത്തിയപ്പോഴായിരുന്നു സംഭവം. അതേസമയം, അബിന് ആശുപത്രി അധികൃതർ ചികിത്സ നൽകാൻ വൈകിയെന്ന് അബിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആരോപിച്ചു. സിപിആർ ഉൾപ്പെടെ നൽകാൻ വൈകിയെന്ന് പരാതി. തെളിവ് നശിപ്പിക്കാനുള്ള ശ്രമം നടത്തിയതായും ആരോപണം ഉന്നയിച്ചു.