മൂതിക്കയം പാലം 
NEWSROOM

കനത്ത മഴ പെയ്താൽ വീടുകളിൽ വെള്ളം കയറും; പാലക്കാട് മൂതിക്കയം റഗുലേറ്ററിൻ്റെ ഉയരം കൂട്ടണമെന്ന് നാട്ടുകാർ

പൈലിങ് കാര്യക്ഷമമല്ലെന്നും പാരിസ്ഥിതിക ആഘാത പഠനം നടത്തിയില്ലന്നുമാരോപിച്ച് പ്രദേശവാസികളാണ് പരാതി നൽകിയത്.

Author : ന്യൂസ് ഡെസ്ക്

പാലക്കാട് തിരുവേഗപ്പുറയിലെ മൂതിക്കയം റഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമാണം അശാസ്ത്രീയമെന്ന് പരാതി. പാലക്കാട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് തൂതപ്പുഴക്ക് കുറുകെ നിർമിച്ച മൂതിക്കയം റഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതിക്കെതിരെയാണ് ആരോപണം ഉയരുന്നത്. പൈലിങ് കാര്യക്ഷമമല്ലെന്നും പാരിസ്ഥിതിക ആഘാത പഠനം നടത്തിയില്ലന്നുമാരോപിച്ച് പ്രദേശവാസികളാണ് പരാതി നൽകിയത്. റഗുലേറ്ററിന്റെ ഉയരം കൂട്ടണമെന്നാണ് നാട്ടുകാരുടെ ഉയർത്തുന്ന പ്രധാന ആവശ്യം.

മൂതിക്കയം റെഗുലേറ്ററിന്റെ നിർമ്മാണം ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. അപ്രോച്ച് റോഡ്‌ നിർമാണം മാത്രമാണ് ഇനി ബാക്കിയുള്ളത്. എന്നാൽ പുഴയിൽ നീരൊഴുക്ക് വർധിച്ചാൽ റെഗുലേറ്റർ മുങ്ങുന്ന അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. കനത്ത കാലവർഷത്തിൽ വെള്ളം ഉയർന്നപ്പോൾ റെഗുലേറ്ററിന് ഇരുഭാഗത്തെയും വീടുകളിലേക്ക് വെള്ളം കയറുന്ന സാഹചര്യവുമുണ്ടായി. അതിനാൽ റെഗുലേറ്ററിന്റെ ഉയരം കൂട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

റെഗുലേറ്ററിന്റെ നിർമാണ പ്രവർത്തനങ്ങളിൽ തുടക്കം മുതൽ പ്രദേശവാസികൾ പരാതിയുമായി അധികൃതരെ സമീപിച്ചിരുന്നു. പാരിസ്ഥിതിക ആഘാത പഠനം നടത്തിയിട്ടില്ലെന്നും, പൈലിങ് ഉൾപ്പെടെയുള്ള പ്രവർത്തികളും വേണ്ട രീതിയിൽ നടത്തിയില്ലെന്നും പരാതിയുണ്ട്. മൂതിക്കയം റഗുലേറ്റർ കം ബ്രിഡ്ജിന് തൊട്ടടുത്ത മൂർക്കനാട് പാലം, തിരുവേഗപ്പുറ പാലം എന്നിവയെക്കാൾ ഉയരം കുറവാണെന്നും പുഴയുടെ ആഴം കൂടിയതിനാൽ റഗുലേറ്റർ കം ബ്രിഡ്ജിന് സമീപത്തായി നിർമ്മിക്കുന്ന കുടിവെള്ള പദ്ധതിയിലേക്ക് വെള്ളം ലഭിക്കില്ലെന്നും നാട്ടുകാർ പറഞ്ഞു.

കിഫ്ബി വഴി അനുവദിച്ച 65 കോടി രൂപ ഉപയോഗിച്ച് മൈനർ ഇറിഗേഷന്റെ നേതൃത്വത്തിലാണ് റെഗുലേറ്റർ നിർമിച്ചത്. പരാതികൾ ഉന്നയിച്ചിട്ടും നിർമാണ സമയത്ത് പരിശോധന നടത്തുകയോ ശാസ്ത്രീയ പഠനം നടത്തുകയോ ചെയ്യാതെ റെഗുലേറ്റർ നിർമ്മാണം മുന്നോട്ടു കൊണ്ടുപോയ അധികൃതർക്കെതിരെ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്.

SCROLL FOR NEXT