NEWSROOM

ആലപ്പുഴ തറയിൽ കടവ് തീരത്തടിഞ്ഞ കണ്ടെയ്നറിൽ പഞ്ഞി തന്നെയെന്ന് കസ്റ്റംസ്; ചരക്ക് നീക്കാത്തതിൽ പ്രതിഷേധം

കണ്ടെയ്നറും ചരക്കും ഉടൻ തന്നെ കൊല്ലത്തെ യാർഡിലേക്ക് നീക്കുമെന്നും കസ്റ്റംസ് അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ തറയിൽ കടവ് ഭാഗത്ത്‌ തീരത്തടിഞ്ഞ കണ്ടെയ്നർ മാറ്റാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം. മന്ത്രി പി. പ്രസാദ് സ്ഥലം സന്ദർശിച്ചു. കസ്റ്റംസ് എത്താതെ ഒന്നും ചെയ്യാനാകില്ലെന്നും കസ്റ്റംസ് എത്താൻ വൈകുന്നത് എന്താണെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. പിന്നാലെ കസ്റ്റംസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തീരത്തടിഞ്ഞത് കോട്ടണാണെന്ന് സ്ഥിരീകരിച്ചു.


ഇന്നലെ രാത്രിയോടെയാണ് ആലപ്പാട് ചെറിയഴീക്കൽ ഭാഗത്ത് ആദ്യ കണ്ടെയ്നർ അടിഞ്ഞത്. പിന്നീട് നീണ്ടകര പരിമണം, ശക്തി കുളങ്ങര മദാമ്മതോപ്പ് എന്നിവിടങ്ങളിലായി കണ്ടെയ്നറുകൾ അടിഞ്ഞു. രാവിലെ തന്നെ കസ്റ്റംസിനെ വിവരം അറിയിച്ചെങ്കിലും ഉദ്യോഗസ്ഥർ എത്താൻ വൈകിയതാണ് പ്രതിഷേധത്തിന് കാരണം. കണ്ടെയ്നറുകൾ പരിശോധിച്ച ഉദ്യോഗസ്ഥർ. കടവ് തീരത്തടിഞ്ഞത് കോട്ടൺ തന്നെയെന്ന് സ്ഥിരീകരിച്ചു. രണ്ട് കണ്ടെയ്നറിലും പഞ്ഞിയാണ് ഉണ്ടായിരുന്നത്. കണ്ടെയ്നറും ചരക്കും ഉടൻ തന്നെ കൊല്ലത്തെ യാർഡിലേക്ക് നീക്കുമെന്നും കസ്റ്റംസ് അറിയിച്ചു.

640 കണ്ടെയ്നറുകളാണ് മുങ്ങിയ കപ്പലിൽ ഉണ്ടായിരുന്നത്. ഇതില്‍ 13 എണ്ണത്തിൽ ഹാനികരമായ വസ്തുക്കളും 12 എണ്ണത്തിൽ കാൽസ്യം കാർബൈഡും ആയിരുന്നുവെന്നാണ് കണ്ടെത്തൽ. ഇതിൽ ഒമ്പതോളം കണ്ടെയ്‌നറുകളാണ് കടലിൽ വീണത്. അപകടത്തേ തുടർന്ന്, കടലിൽ ഏതാണ്ട് 3.7 കിലോമീറ്റർ (2 നോട്ടിക്കൽ മൈൽ) വീതിയിലും അത്രത്തോളം നീളത്തിലുമുള്ള പ്രദേശമാകെ എണ്ണപടർന്നതായാണ് റിപ്പോർട്ട്. കപ്പൽ ഉയർത്താൻ കഴിയുമോ ഉപേക്ഷിക്കേണ്ടി വരുമോ തുടങ്ങിയ സാധ്യതകൾ കപ്പൽ കമ്പനിയുടെ നേതൃത്വത്തിൽ പരിശോധിച്ച് വരികയാണ്.


ഇന്നലെ രാവിലെയോടെയാണ് കൊച്ചിയിൽ നിന്ന് 38 നോട്ടിക്കൽ മൈൽ അകലെ എംഎസ്‌സി എലിസ 3 കപ്പൽ മുങ്ങിയത്. യന്ത്രത്തകരാറും, കാലാവസ്ഥയുമാണ് കപ്പൽ തകരാൻ കാരണമെന്ന് കപ്പലിൻ്റെ ക്യാപ്റ്റൻ പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തുനിന്നു പുറപ്പെട്ട ചരക്കുകപ്പൽ മെയ് 24നാണ് കൊച്ചി പുറങ്കടലിൽ അപകടത്തിൽപ്പെട്ടത്. തീരത്തു നിന്നു 38 നോട്ടിക്കൽ മൈൽ (70.3 കിലോമീറ്റർ) തെക്കു പടിഞ്ഞാറായാണ് കപ്പൽ ചെരിഞ്ഞത്. കപ്പല്‍ ക്രൂവിനെ മുഴുവന്‍ രക്ഷിച്ചിരുന്നു.

SCROLL FOR NEXT