എറണാകുളം കുന്നത്തുനാട്ടിൽ 42 തെരുവുനായകളെ കൂട്ടത്തോടെ പാർപ്പിച്ചിരുന്ന വീട്ടിൽ പ്രതിഷേധവുമായി നാട്ടുകാർ. പ്രതിഷേധക്കാർ വീടിൻ്റെ മതിൽ തകർത്തു. വീട് വാടകയ്ക്ക് എടുത്താണ് നായകളെ പാർപ്പിച്ചിരുന്നത്. ദുർഗന്ധവും നായകളുടെ കുരയും ദുസ്സഹമാണെന്നാണ് നാട്ടുകാർ പറയുന്നത്. ഇന്നലെ ഉച്ചയോടെ സ്ഥലം എംഎൽഎ ശ്രീനിജൻ്റെ നേതൃത്വത്തിൽ നാട്ടുകാർ സംഘടിച്ചെത്തിയിരുന്നു. ഇവരില്‍ ചിലർ ചേർന്ന് വീടിൻ്റെ മതിൽ തകർത്തിരുന്നു.
കുറേ നാളുകളായി പരാതി പറഞ്ഞിട്ടും ഇവർ നായകളെ മാറ്റാൻ തയ്യാറായിരുന്നില്ലെന്നാണ് വീടിന്റെ ഉടമസ്ഥൻ പറയുന്നത്. പതിമൂന്ന് മാസത്തേക്കാണ് വാടകക്കാരിയായ കോന്നി സ്വദേശിനിയായ വീണ ജനാർദനന്‍ കരാർ ഒപ്പിട്ടിരിക്കുന്നത്. തനിക്കൊപ്പം നാല് നായകളും ഉണ്ടാകുമെന്നാണ് കരാറിൽ ഈ സ്ത്രീ പറഞ്ഞിരുന്നത്. എന്നാൽ താമസം തുടങ്ങിയതും അത് 42 ആയി. ഇതുമൂലമുണ്ടായ ദുസഹമായ ഗന്ധവും സുരക്ഷാ പ്രശ്നങ്ങളും പരിസരവാസികളും വീടിന്റെ ഉടമസ്ഥരും നിരന്തരം വാടകക്കാരിയെ അറിയിച്ചിരുന്നു. എന്നാൽ ഇവർ അത് വകവച്ചില്ല. ഉടമയെയോ മകനേയൊ അകത്തേക്കു പ്രവേശിപ്പിക്കുകയും ചെയ്തിരുന്നില്ല. ഇതിനെ തുടർന്നാണ് ഇന്നലെ പ്രദേശവാസികൾ എംഎൽഎ സമീപിച്ചത്. ഇന്നലെ വൈകിട്ട് മുതൽ ആരംഭിച്ച പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.
തെരുവുനായകളെ സംരക്ഷിക്കാന്‍ സർക്കാർ നടപടിയൊന്നും സ്വീകരിക്കുന്നില്ലെന്നും അതുകൊണ്ടാണ് താനത് ചെയ്യുന്നതെന്നുമാണ് വീണ ജനാർദനൻ പറയുന്നത്. നായകള്‍ ആർക്കും ശല്യമാകുന്നില്ല. വേണമെങ്കില്‍ പുലിയെ വരെ വളർത്താനുള്ള അനുവാദം ഉടമ തന്നതായും വീണ പറയുന്നു.
അതേസമയം, ജനപ്രതിനിധി എന്നുള്ള നിലയ്ക്ക് സംഭവസ്ഥലം സന്ദർശിക്കുക മാത്രമാണ് ചെയ്തതെന്ന് പി.വി. ശ്രീനിജൻ എംഎൽഎ പറഞ്ഞു. ഒട്ടും സഹകരിക്കാൻ അവർ തയ്യാറായില്ല. നിരവധി പേരാണ് പ്രതിഷേധിക്കുന്നത്. നായകളെ വീട്ടിൽ സംരക്ഷിക്കുമ്പോൾ പഞ്ചായത്തിൽ നിന്ന് ലൈസൻസ് എടുക്കണമെന്നും നിലവിൽ കുന്നത്തുനാട് പഞ്ചായത്തിൽ നിന്ന് അത്തരം അനുമതിയില്ലെന്നും എംഎൽഎ അറിയിച്ചു. ജില്ലാ കളക്ടറെ ബന്ധപ്പെട്ട് ആർഡിഒയെ ഈ വീട്ടിലേക്ക് അയച്ചു. ആർഡിഒയുടെ റിപ്പോർട്ടിലും ഇത്തരം കണ്ടെത്തലുകളുണ്ട്. അന്തിമ തീരുമാനം കളക്ടർ എടുക്കുമെന്നും വീട്ടിലേക്ക് അതിക്രമിച്ചു കയറിയിട്ടില്ലെന്നും എംഎൽഎ പറഞ്ഞു. തനിക്കെതിരെ കേസെടുത്താൽ നിയമപരമായി നേരിടുമെന്നും പി.വി. ശ്രീനിജൻ എംഎൽഎ കൂട്ടിച്ചേർത്തു.