NEWSROOM

പഞ്ചാരക്കൊല്ലിയിൽ വീണ്ടും കടുവയെ കണ്ടെന്ന് നാട്ടുകാർ; കാടിനുള്ളിൽ നിന്ന് ശബ്ദം കേട്ടുവെന്ന് വനംവകുപ്പ്

മാനന്തവാടി മുനിസിപ്പാലിറ്റിയിൽ നാളെ എസ് ഡി പി ഐ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്


വയനാട് പഞ്ചാരക്കൊല്ലിയിൽ വീണ്ടും കടുവയെ കണ്ടെന്ന് നാട്ടുകാർ. രാധയുടെ മൃതദേഹം കിട്ടിയ സ്ഥലത്തു തന്നെയാണ് വീണ്ടും കടുവയെ കണ്ടതെന്നും നാട്ടുകാർ പറഞ്ഞു. കാടിനുള്ളിൽ നിന്ന് ശബ്ദം കേട്ടുവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിട്ടുണ്ട്. 100 ഓളം വനംവകുപ്പ് ജീവനക്കാർ സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. ആർ ആർ ടി, വയനാട് വൈൽഡ് ലൈഫ് വിങ് അംഗങ്ങളാണ് സ്ഥലത്ത് പരിശോധന നടത്തുന്നത്. അതേസമയം, കടുവാ ആക്രമണത്തില്‍  കൊല്ലപ്പെട്ട രാധയുടെ പോസ്റ്റുമോർട്ടം പൂർത്തിയായി. മൃത​ദേഹം നാളെ സംസ്കാരിക്കും.

ഇന്ന് ഉച്ചയോടെയാണ് കടുവാ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടത്. പഞ്ചാരക്കൊല്ലി സ്വദേശി രാധയാണ് കൊല്ലപ്പെട്ടത്. പഞ്ചാരക്കൊല്ലി പ്രിയദർശനി എസ്റ്റേറ്റിനു സമീപത്ത് വെച്ചാണ് കടുവയുടെ ആക്രമണമുണ്ടായത്. തോട്ടത്തിൽ കാപ്പി പറിക്കാൻ പോയപ്പോഴായിരുന്നു ആക്രമണം. തലയറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പ്രദേശവാസികൾ പറയുന്നു. പരിശോധന നടത്തുകയായിരുന്ന തണ്ടർ ബോൾട്ട് അംഗങ്ങളാണ് രാധയുടെ മൃതദേഹം കണ്ടെത്തിയത്. താത്കാലിക വാച്ചറുടെ ഭാര്യയാണ് രാധ.

അതേസമയം, കടുവയെ പിടികൂടുകയോ അതിന് കഴിഞ്ഞില്ലെങ്കില്‍ വെടിവെച്ചു കൊല്ലുകയോ ചെയ്യുമെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചിട്ടുണ്ട്. ഇതിനായി ഉത്തരവ് പുറപ്പെടുവിക്കും. കേന്ദ്ര വന്യജീവി സംരക്ഷണ നിയമമനുസരിച്ച് പ്രകാരം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍ (SOP) പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കും. അതിന് ശേഷം നരഭോജി കടുവയെ വെടിവെച്ച് കൊല്ലാനുള്ള അന്തിമ നടപടി സ്വീകരിക്കുമെന്നും അ​ദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ മറ്റു ഭാഗങ്ങളില്‍ നിന്ന് വിദഗ്‌ധരായ ഷൂട്ടര്‍മാരെയും വെറ്റിനറി ഡോക്ടര്‍മാരെയും അടിയന്തരമായി വയനാട് എത്തിക്കും. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി നോര്‍ത്തേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.എസ്. ദീപയെ ചുമതലപ്പെടുത്തി. കര്‍ണാടകത്തിലെ ബന്ദിപ്പൂര്‍ മേഖലയില്‍ നിന്നും കടുവ, കാട്ടാന തുടങ്ങിയ വന്യമൃഗങ്ങള്‍ വയനാട് മേഖലയിലേക്ക് കടന്നുവരാനുള്ള സാധ്യത പരിഗണിച്ച് ആ മേഖലകളില്‍ കൂടുതല്‍ പട്രോളിംഗ് ഏര്‍പ്പെടുത്തുമെന്നും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കൂട്ടിച്ചേർത്തു.

SCROLL FOR NEXT