മഹാരാഷ്ട്രയിലെ ലോണാവാല വെള്ളച്ചാട്ടത്തിൽ മരിച്ച അഞ്ചുപേരുടെയും മൃതദേഹം കണ്ടെത്തി. നാല് വയസുകാരനായ ആൺകുട്ടിയുടെ മൃതദേഹമാണ് ഇന്നലെ വൈകീട്ടോടെ കണ്ടെത്തിയത്. അപകടത്തിൻ്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും ഇന്നലെ പുറത്തുവന്നിരുന്നു.
ഞായറാഴ്ചയാണ് വെള്ളച്ചാട്ടം കാണാനെത്തിയ അഞ്ചംഗ കുടുംബം ഒഴുക്കിൽപ്പെട്ടത്. ഏഴ് പേർ സംഘത്തിലുണ്ടായിരുന്നു. ഇവരിൽ നാല് കുട്ടികളും ഒരു സ്തത്രീയുമാണ് അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ടത്. മൂന്ന് പേരുടെ മൃതദേഹം ഞായറാഴ്ചയും ഒരു പെൺകുട്ടിയുടെ മൃതദേഹം തിങ്കളാഴ്ച രാവിലെയും കണ്ടെത്തി. നാല് വയസുകാരൻ അദിനാൻ അൻസാരിയുടെ മൃതദേഹമാണ് അവസാനമായി കണ്ടെത്തിയത്.
സഹിസ്ത ലിയാഖത്ത് അൻസാരി(36), അമിന ആദിൽ അൻസാരി(13), ഉമേറ അൻസാരി(8), കാരി മരിയ അൻസാരി(9) എന്നിവരാണ് മരിച്ചത്. മുംബൈയിൽനിന്ന് 80 കിലോമീറ്റർ അകലെയുള്ള ഹിൽ സ്റ്റേഷനിൽ അവധിയാഘോഷിക്കാൻ എത്തിയ കുടുംബം ബുഷി അണക്കെട്ടിനടുത്തെ വെള്ളച്ചാട്ടത്തിനു സമീപത്തുവച്ചാണ് അപകടത്തിൽപ്പെട്ടത്.
അതേസമയം, അണക്കെട്ടിന് സമീപം വിനോദസഞ്ചരികൾക്കായി മാർഗനിർദേശങ്ങൾ സ്ഥാപിക്കാൻ പൂനെ ജില്ലാ ഭരണകൂടം തീരുമാനിച്ചു. പശ്ചിമഘട്ട മലനിരകളിൽ സ്ഥിതി ചെയ്യുന്ന മാവൽ, മുൽഷി, ഖേഡ്, ജുന്നാർ, ഭോർ, വെൽഹ, അംബേഗാവ് പ്രദേശങ്ങളിൽ വരുന്ന വിനോദ സഞ്ചാരികളുടെ സുരക്ഷയ്ക്കായി അപകടസാധ്യതകൾ കണ്ടെത്തുന്നതിനും ആവശ്യമായ നടപടികൾ ഉറപ്പാക്കുന്നതിനുമായി സർവേ നടത്താൻ തിങ്കളാഴ്ച അധികാരികളെ ചുമതലപ്പെടുത്തിയതായി കളക്ടർ സുഹാസ് ദിവാസെ പറഞ്ഞു.