NEWSROOM

ലണ്ടനില്‍ തീപിടിത്തത്തെ തുടര്‍ന്ന് അടച്ചിട്ട ഹീത്രൂ വിമാനത്താവളം തുറന്നു; വിമാന സർവീസുകൾ പുനഃരാരംഭിച്ചു

വിമാനത്താവളത്തിന്‍റെ പ്രവർത്തനങ്ങള്‍ ഇന്നുമുതല്‍ പൂർണതോതില്‍ പുനരാരംഭിക്കുമെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

ലണ്ടനില്‍ ഇലക്ട്രിക് സബ്സ്റ്റേഷനിലുണ്ടായ പൊട്ടിത്തെറിയെ തുടര്‍ന്ന് അടച്ച ഹീത്രൂ വിമാനത്താവളം 18 മണിക്കൂറുകൾക്ക് ശേഷം തുറന്നു. റദ്ദാക്കിയ വിമാന സർവീസുകൾ പുനഃരാരംഭിച്ചു. ഇന്നലെ രാത്രി 11:30യോടെയാണ് ആദ്യ വിമാനം ഹീത്രൂവിൽ ലാന്‍ഡ് ചെയ്തത്. വിമാനത്താവളത്തിന്‍റെ പ്രവർത്തനങ്ങള്‍ ഇന്നുമുതല്‍ പൂർണതോതില്‍ പുനരാരംഭിക്കുമെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു.

ഏഴുമണിക്കൂർ നീണ്ട ദൗത്യത്തിലൂടെയാണ് സബ്സ്റ്റേഷനിലെ തീപിടുത്തം നിയന്ത്രണവിധേയമാക്കിയത്. 16,000ത്തോളം വീടുകളെ ബാധിച്ച വെെദ്യുതതടസത്തിന് താത്കാലിക പരിഹാരം കണ്ടെത്തിയതായി നാഷണൽ ഗ്രിഡ് അറിയിച്ചു. അതേസമയം, തീപിടുത്തത്തിന്‍റെ കാരണം കണ്ടെത്തുന്നതിനായി ഭീകരവിരുദ്ധ സ്ക്വാഡിന്‍റെ അന്വേഷണം പുരോഗമിക്കുകയാണ്.

തീപിടിത്തം 1300 ഓളം വിമാനങ്ങളുടെ പ്രവർത്തനത്തെയും ബാധിച്ചിരുന്നു. നിരവധി ഫ്‌ളൈറ്റുകള്‍ വഴി തിരിച്ചുവിട്ടുവെന്ന് ഫ്‌ളൈറ്റ് ട്രാക്കിംഗ് സര്‍വീസ് ആയ ഫ്‌ളൈറ്റ് റഡാര്‍ 24 അറിയിച്ചു. യാത്രക്കാരോട് ഹീത്രൂ വിമാനത്താവളത്തിലേക്ക് വരരുതെന്നും യാത്ര സംബന്ധമായ വിവരങ്ങള്‍ക്ക് അതത് എയര്‍ലൈനുകളുമായി ബന്ധപ്പെടണമെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചിരുന്നു.

വിമാനത്താവളത്തിന് സമീപം താമസിക്കുന്ന 150 ഓളം പേരെ ഒഴിപ്പിച്ചിരുന്നു. തീ നിയന്ത്രണ വിധേയമായിട്ടുണ്ടെന്നും എന്നാൽ തീപിടിത്തത്തിന്‍റെ കാരണം തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്നും ലണ്ടനിലെ അഗ്നിശമന സേന അറിയിച്ചിരുന്നു. അതേസമയം തീപിടിത്തത്തിൽ ആളപായമില്ല. തീ അണയ്ക്കുന്നതിനായി പത്തോളം ഫയര്‍ എന്‍ജിനുകളും 70 അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തുണ്ടെന്നും സേന അറിയിച്ചിരുന്നു.

SCROLL FOR NEXT