NEWSROOM

വയനാട് എടയ്ക്കലിൽ ഉഗ്രശബ്ദം; ഭൂചലനമല്ലെന്ന് ദുരന്തനിവാരണ അതോറിറ്റി; പരിഭ്രാന്തിയിൽ പ്രദേശവാസികൾ

ഭൂമിക്കടിയില്‍ നിന്നാണ് ഉഗ്രശബ്ദവും പ്രകമ്പനവുമുണ്ടായതെന്നും നാട്ടുകാര്‍ പറയുന്നു.

Author : ന്യൂസ് ഡെസ്ക്

വയനാട് എടയ്ക്കലില്‍ മലയുടെ സമീപത്ത് വലിയ മുഴക്കം കേട്ടതായി നാട്ടുകാര്‍. ഭൂമിക്കടിയില്‍ നിന്നാണ് ഉഗ്രശബ്ദവും പ്രകമ്പനവുമുണ്ടായതെന്നും നാട്ടുകാര്‍ പറയുന്നു.

അമ്പലവയല്‍ വില്ലേജിലെ ആര്‍.എ.ആര്‍.എസ്, മാങ്കോമ്പ്, നെന്മേനി വില്ലേജിലെ അമ്പുകുത്തി മാളിക, പടിപറമ്പ്, വൈത്തിരി താലൂക്കിലെ സുഗന്ധഗിരി, അച്ചൂരാന്‍ വില്ലേജിലെ സേട്ടുകുന്ന്, വെങ്ങപ്പള്ളി വില്ലേജിലെ കാരാറ്റപിടി, മൈലാടിപ്പടി, ചോലപ്പുറം, തൈക്കുംതറ ഭാഗങ്ങളിലാണ് ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും അനുഭവപ്പെട്ടത്.

റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്തെ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വയനാട് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. നിലവില്‍ ആരെയും മാറ്റേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.  

റവന്യു വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സ്ഥലത്തെത്തി. ഭൂചലനം ഉണ്ടായതായി കണ്ടെത്തിയിട്ടില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി പരിശോധനയ്ക്ക് ശേഷം അറിയിച്ചു. ജിയോളജി വകുപ്പും പ്രദേശത്ത് പരിശോധന നടത്തുന്നുണ്ട്.

കോഴിക്കോട് കൂടരഞ്ഞി, മുക്കത്തെ മണാശ്ശേരി ഭാഗങ്ങളിലും ശബ്ദം കേട്ടതായും നാട്ടുകാര്‍ പറയുന്നു. 

SCROLL FOR NEXT