ഉത്തർപ്രദേശിലെ കാൺപൂരിൽ റെയിൽ പാളത്തിൽ ഗ്യാസ് സിലിണ്ടർ കണ്ടെത്തി. ലോക്കോ പൈലറ്റിൻ്റെ സമയോചിതമായ ഇടപെടൽ മൂലമാണ് അപകടം ഒഴിവായത്. അട്ടിമറി ശ്രമമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. രണ്ടാഴ്ച്ച മുൻപ് സമാനമായ സംഭവം ഈ മേഖലയിൽ നടന്നിരുന്നു.
ഹൗറ-ഡൽഹി പാതയിൽ പ്രയാഗ്‌രാജിലേക്ക് പോവുകയായിരുന്ന ചരക്ക് തീവണ്ടി കാൺപൂരിലെ പ്രേംപൂർ സ്റ്റേഷന് സമീപം എത്തിയപ്പോഴാണ് സംഭവം. മറ്റൊരു എക്സ്പ്രസ് ട്രെയിൻ ഈ ഭാഗത്തുകൂടി കടന്നുപോകുന്നതിനാൽ ചരക്ക് തീവണ്ടി നിർത്തിയിടാൻ ആവശ്യപ്പെട്ടു. ഈ സമയത്താണ് ലോക്കോ പൈലറ്റ് റെയിൽ പാളത്തിൽ ഗ്യാസ് സിലിണ്ടർ കണ്ടത്. ഉടനെ കൺട്രോൾ റൂമിൽ വിവരം അറിയിച്ചു. ഒഴിഞ്ഞ സിലിണ്ടറാണ് കണ്ടെത്തിയതെന്ന് റെയിൽവേ പൊലീസ് പറയുന്നു.
സെപ്തംബർ 9 നും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. പ്രയാഗ്‌രാജിൽ നിന്ന് ഹരിയാനയിലെ ഭിവാനിയിലേയ്ക്ക് പോവുകയായിരുന്ന കാളിന്ദി എക്‌സ്പ്രസാണ് അപകടത്തിൽ പെടാതെ രക്ഷപ്പെട്ടത്. ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം ബോധപൂർവ്വം നടക്കുന്നതായാണ് പൊലീസ് സംശയം. ലോക്കോ പൈലറ്റിൻ്റെ സമയോചിതമായ ഇടപെടലിലാണ് രണ്ട് തവണയും അപകടം ഒഴിവായത്.
READ MORE: നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ച: നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് ക്ലീന്‍ ചിറ്റ് നല്കി സിബിഐ
ട്രെയിൻ കാൺപൂരിന് സമീപം എത്തിയപ്പോൾ ട്രാക്കിൽ വെച്ചിരുന്ന ഗ്യാസ് സിലിണ്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സിലിണ്ടർ 50 മീറ്ററോളം ദൂരത്തേക്ക് തെറിച്ചുവീണെങ്കിലും മറ്റ് അപകടമൊന്നും ഉണ്ടായില്ല. സമാന രീതിയിൽ ട്രെയിൻ പാളം തെറ്റിക്കാനുള്ള ശ്രമം ആവർത്തിക്കുന്ന സാഹചര്യത്തിൽ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.