ഇന്ത്യയുടെ ഇരുപത്തിയഞ്ചാമത് ആര്‍മി ട്രയിനിങ് കമാന്‍ഡിന്‍റെ (എആര്‍ടിആര്‍എസി) കമാന്‍ഡിങ് ഇന്‍ ചീഫായി ലഫ്റ്റനന്‍റ് ജനറല്‍ ദേവേന്ദ്ര ശര്‍മ്മ ഷിംലയില്‍ ചുമതലയേറ്റു.അജ്‌മേറിലെ മയോ കോളേജ്, നാഷണല്‍ ഡിഫന്‍സ് അക്കാദമി, ഇന്ത്യന്‍ മിലിട്ടറി അക്കാദമി എന്നിവിടങ്ങളിലെ പൂര്‍വ വിദ്യാര്‍ഥിയായ ലഫ്റ്റനന്‍റ് ജനറല്‍ ശര്‍മ്മ 'സ്വോഡ് ഓഫ് ഹോണര്‍' ജേതാവുമാണ്. 1987 ഡിസംബര്‍ 19നാണ് ജനറല്‍ ശര്‍മ്മ 'സിന്ധേ ഹോഴ്‌സസിലേക്ക്' കമ്മീഷന്‍ ചെയ്യപ്പെടുന്നത്.
നാല് ദശാബ്ദങ്ങള്‍ നീണ്ട കരിയറില്‍ ഒട്ടനവധി പ്രധാനപ്പെട്ട സൈനിക നീക്കങ്ങള്‍ക്കും തീവ്രവാദ വിരുദ്ധ നടപടികളുടെയും ഭാഗമായിട്ടുണ്ട് ജനറല്‍. സിന്ധേ. ഹോഴ്‌സിന്‍റെ കമാന്‍ഡറായി പ്രവര്‍ത്തിച്ചിട്ടുള്ള ജനറല്‍ ശര്‍മ്മ കിഴക്കന്‍ സൈനിക കമാന്‍ഡിന്‍റെ ചീഫ് ഓഫ് സ്റ്റാഫായിരുന്നു. ചീഫ് ഓഫ് സ്റ്റാഫായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ സൈനിക ഓപ്പറേഷനുകളിലും, ഭരണപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിലും കഴിവ് പ്രകടിപ്പിച്ച വ്യക്തിയാണ് ജനറല്‍ ശര്‍മ്മ.
150 വര്‍ഷമായി ഇന്ത്യന്‍ സൈന്യത്തില്‍ തന്ത്രപരമായ സ്ഥാനമാണ് എആര്‍ടിആര്‍എസിക്കുള്ളത്. ബ്രിട്ടീഷ് ഭരണകാലത്ത് 1864 മുതല്‍ 1939 വരെ ഇന്ത്യന്‍ സൈന്യത്തിന്‍റെ ആസ്ഥാനമായിരുന്നു ഇത്. സ്വാതന്ത്ര്യാനന്തരം, 1948, 1965, 1971 വര്‍ഷങ്ങളില്‍ പാക്കിസ്ഥാനുമായി യുദ്ധം നടക്കുന്ന സമയത്ത് കിഴക്കന്‍ കമാന്‍ഡിന്‍റെ ആസ്ഥാനം ഷിംലയിലേക്ക് മാറ്റുകയായിരുന്നു. 1962ല്‍ ഇന്ത്യ-ചൈന യുദ്ധ സമയത്തും ഇവിടമായിരുന്നു സൈനിക ആസ്ഥാനം. പിന്നീട് 1985 ല്‍ കിഴക്കന്‍ കമാന്‍ഡിന്‍റെ ആസ്ഥാനം ഛണ്ഡിമന്ദിറിലേക്ക് മാറ്റി.