NEWSROOM

ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ അന്തരിച്ചു

200ലേറെ മലയാള സിനിമകള്‍ക്കായി എണ്ണൂറിലേറെ ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്


പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ (78) അന്തരിച്ചു. ഹൃദയഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 4.55 ഓടെയാണ് അദ്ദേഹം അന്തരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

നാടകഗാനങ്ങളിലൂടെ ഗാനരചനാ രംഗത്തേക്ക് കടന്നുവന്ന മങ്കൊമ്പ്  1971ലാണ് ആദ്യമായി സിനിമാ പാട്ടുകള്‍ക്ക് വരികള്‍ എഴുതിയത്. 'വിമോചനസമരം' എന്ന ചിത്രത്തിലൂടെ വയലാര്‍, പി. ഭാസ്‌കരന്‍, പി.എന്‍. ദേവ് എന്നിവരോടൊപ്പം ഗാനങ്ങള്‍ എഴുതിക്കൊണ്ടായിരുന്നു സിനിമ രംഗത്തെ അരങ്ങേറ്റം.  ലക്ഷാര്‍ച്ചന കണ്ട് മടങ്ങുമ്പോള്‍, ഇളം മഞ്ഞിന്‍ കുളിരുമായൊരു കുയില്‍, നാടന്‍ പാട്ടിന്റെ മടിശ്ശീല, ആഷാഡമാസം, തുടങ്ങിയവയാണ് ശ്രദ്ധേയമായ ഗാനങ്ങള്‍. 

ALSO READ : എല്ലാവരെയും പോലെ ഞാനും കാത്തിരിക്കുകയാണ്, ആദ്യ ദിവസം തന്നെ എമ്പുരാന്‍ കണ്ടിരിക്കും: ഷെയിന്‍ നിഗം


200ലേറെ മലയാള സിനിമകള്‍ക്കായി എണ്ണൂറിലേറെ ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. 15ഓളം ആല്‍ബങ്ങള്‍ക്കായും വരികള്‍ രചിച്ചു. എം.എസ്. വിശ്വനാഥൻ, ദേവരാജൻ, എം.കെ. അർജുനൻ, രവീന്ദ്ര ജയിൻ, ബോംബെ രവി, കെ.വി. മഹാദേവൻ, ബാബുരാജ്, ഇളയരാജ, എ.ആർ. റഹ്‌മാൻ, കീരവാണി, ഹാരിസ് ജയരാജ്, യുവൻ ശങ്കർ രാജ തുടങ്ങിയ പ്രമുഖ സംഗീത സംവിധായകർക്കൊപ്പം പ്രവർത്തിച്ചു. കവി, കഥാകൃത്ത്, തിരക്കഥാകൃത്ത്, സംഭാഷണ രചയിതാവ് എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു.

ഹരിഹരനു വേണ്ടിയാണ് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ എറ്റവും കൂടുതല്‍ ഗാനങ്ങള്‍ രചിച്ചത്. അദ്ദേഹത്തിന്റെ വരികള്‍ക്ക് ഏറ്റവും കൂടുതല്‍ തവണ ഈണം പകര്‍ന്നത് എം.എസ്. വിശ്വനാഥനാണ്. കൂടാതെ പത്തോളം ചിത്രങ്ങള്‍ക്ക് കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്. റോജ, മുതല്‍വന്‍, ബാഹുബലി എന്നിങ്ങനെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി ഭാഷകളിലെ സിനിമാ ഗാനങ്ങള്‍ മൊഴിമാറ്റിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

SCROLL FOR NEXT