NEWSROOM

മനാഫിന്‍റെ മനസുറപ്പിന് മുന്‍പിലാവും ഗംഗാവലി പുഴയും തോറ്റുകൊടുക്കാന്‍ തീരുമാനിച്ചത്; മനു മഞ്ജിത്ത്

അര്‍ജുനെ കണ്ടെത്തണമെന്ന മനാഫ് എന്ന സഹജീവി സ്നേഹിയായ മനുഷ്യന്‍റെ നിരന്തര ശ്രമങ്ങളാണ് ഒടുവില്‍ ഫലം കണ്ടത്.

Author : ന്യൂസ് ഡെസ്ക്


സമാനതകളില്ലാത്ത ദൗത്യമാണ് ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടി നടന്നത്. ഒടുവില്‍ ഗംഗാവലി പുഴയുടെ ആഴങ്ങളില്‍ നിന്ന് അര്‍ജുന്‍റെ ശരീരത്തിന്‍റെ ശേഷിപ്പുകള്‍ കണ്ടെത്തിയ നിമിഷം ഉള്ളുലക്കുന്ന വേദനയോടെയാണ് കേരള ജനത നോക്കി നിന്നത്. അര്‍ജുനെ കണ്ടെത്തണമെന്ന മനാഫ് എന്ന സഹജീവി സ്നേഹിയായ മനുഷ്യന്‍റെ നിരന്തര ശ്രമങ്ങളാണ് ഒടുവില്‍ ഫലം കണ്ടത്. മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി നിന്ന മനാഫിന്‍റെ നിശ്ചയദാര്‍ഢ്യത്തെ കുറിച്ച് ഗാനരചയിതാവ് മനു മഞ്ജിത്ത് ഫെയ്സ്ബുക്കില്‍ കുറിച്ച വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

കുറിപ്പിന്‍റെ പൂര്‍ണരൂപം

"അങ്ങനെ ഗംഗാവലി പുഴയിൽ ഇടാൻ ഉദ്ദേശിച്ചിട്ടില്ല ഓനെ...തോൽക്കാനുള്ള മനസ്സില്ല എന്തായാലും. ഓനേം കൊണ്ടേ പോവുള്ളൂ. അത് ഞാൻ പറഞ്ഞതേയ്നു. ആ വാക്ക് ഞാൻ ഓൻ്റെ അമ്മക്ക് പാലിച്ചു കൊടുത്തിക്ക്ണു..."

ഇത്രയും പറഞ്ഞൊപ്പിക്കുമ്പോഴേയ്ക്കും എത്രയോ വട്ടം അയാളുടെ തൊണ്ടയിടറിയിരുന്നു. ചങ്കു പൊട്ടിയാണ് വാക്കുകൾ പലതും പുറത്തു വീണത്. പല മരണവീടുകളിലും മൃതദേഹം സംസ്കരിക്കാൻ എടുത്തു കഴിഞ്ഞാൽ സ്വന്തം ജീവിതത്തിലേക്കും വീട്ടു വിശേഷങ്ങളിലേക്കും നേരമ്പോക്കുകളിലേക്കുമൊക്കെ മടങ്ങിപ്പോകുന്ന കാഴ്ചകൾ പതിവായ ഇക്കാലത്ത് മരിച്ചെന്നുറപ്പിച്ച ഒരാളെ കണ്ടെത്താൻ വേണ്ടി ഇങ്ങനെ സമരം ചെയ്ത് ഒരാൾ... അസാധാരാണമാവണം അയാളുടെ കഴിഞ്ഞ രണ്ടു രണ്ടര മാസക്കാലം.

ഇത്രയും കാലം തൻ്റെ ആഴങ്ങളിലേക്ക് ഇറങ്ങാൻ ഒരുത്തനെയും അനുവദിക്കാതെ രൗദ്രഭാവം പൂണ്ടൊഴുകിയ പുഴയും ഒടുവിൽ തോറ്റു കൊടുക്കാൻ തീരുമാനിച്ചത് മനാഫെന്ന ഈ കൂട്ടുകാരന്റെ മനസ്സുറപ്പിന് മുൻപിലാവും. ഇങ്ങനെ ഒരുപാട് സുമനസ്സുകളുടെയും ഒരു നാടിൻ്റെയും പ്രാർഥനയോടൊപ്പം അർജുന് ആദരാഞ്ജലികൾ.

അപകടം നടന്ന് 72-ാം ദിവസമായ ഇന്നലെയായിരുന്നു അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടെ കാമ്പിന്‍ ഗംഗാവലി പുഴയില്‍ നിന്ന് കണ്ടെത്തിയത്. അതിൽ നിന്നും അഴുകിയ നിലയിൽ ഒരു മൃതദേഹവും കണ്ടെത്തിയിരുന്നു. ക്യാബിനിൽ നിന്ന് കണ്ടെത്തിയത് അർജുൻ തന്നെയാണെന്ന് സ്ഥീരികരിക്കുന്നതിനായി ഡിഎൻഎ പരിശോധനയടക്കം നടക്കും. ശേഷം വീട്ടുകാർക്ക് വിട്ടുനൽകും. അര്‍ജുന്‍ മടങ്ങിവരുന്നതും കാത്തുനിന്ന ഒരു കുടുംബത്തിന്‍റെ നീണ്ടനാളത്തെ ചോദ്യത്തിനാണ് ഒടുവില്‍ ഉത്തരമായത്. അർജുനെ വീട്ടുമുറ്റത്ത് തന്നെ അന്ത്യ വിശ്രമം ഒരുക്കാൻ തയാറാവുകയാണ് ബന്ധുക്കള്‍. അർജുൻ പണിത വീടായതിനാൽ മകൻ ഇവിടെ തന്നെ വേണമെന്ന അച്ഛൻ്റെ ആഗ്രഹം കൂടി കണക്കിലെടുത്താണ് തീരുമാനം.

SCROLL FOR NEXT