ചൂരൽമല എസ്റ്റിമേറ്റ് വിവാദത്തിൽ മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ്. മാധ്യമങ്ങൾക്ക് അന്ധമായ സിപിഎം വിരോധമാണ്. കേരളം ഏതുവിധേനയും തുലഞ്ഞു പോകണമെന്ന ആഗ്രഹമാണ് ഒരു വിഭാഗം മാധ്യമങ്ങൾക്ക്. മനുഷ്യത്വം ലവലേശം ഇല്ലാതെ, ക്രിമിനൽ കുറ്റമെന്ന് പറഞ്ഞാലും അധികമാകാത്ത, നാറിയ നുണ പ്രചാരണമാണ് ചില മാധ്യമങ്ങൾ നടത്തിയതെന്ന് എം. സ്വരാജ് കുറ്റപ്പെടുത്തി.
നിയമനുസൃതമായ മെമ്മോറാണ്ടമാണ് സർക്കാർ നൽകിയത്. വ്യാജവാർത്ത നൽകിയ മാധ്യമങ്ങൾ മാപ്പ് അർഹിക്കാത്ത കുറ്റകൃത്യമാണ് ചെയ്തത്. തെറ്റിദ്ധാരണ കൊണ്ടുണ്ടായതാണെങ്കിൽ തിരുത്താൻ തയ്യാറായോ എന്നും സ്വരാജ് ചോദിച്ചു.
Also Read: നിയമം നിയമത്തിൻ്റെ വഴിക്ക് പോകും; ആധികാരികമായി പറയാൻ ഞാൻ സിനിമ മന്ത്രി അല്ല: കെ.ബി. ഗണേഷ് കുമാർ
ദുരന്തമുണ്ടായാൽ ഇഷ്ടമുള്ളത് പോലെ എസ്റ്റിമേറ്റ് കൊടുക്കാനാകില്ല.അതിന് കേന്ദ്ര മാനദണ്ഡമുണ്ട്. എത്ര എസ്റ്റിമേറ്റ് കൊടുത്താലും സംഭവിച്ച ദുരന്തവുമായി യാതൊരു ബന്ധവുമില്ലാത്ത തുച്ഛമായ തുകയാണ് കേന്ദ്രം നൽകുക. കേന്ദ്രത്തിന്റെ ഹൃദയ ശൂന്യതയെ മാധ്യമങ്ങൾ വിമർശിക്കുന്നില്ലെന്നും സ്വരാജ് കുറ്റപ്പെടുത്തി.
പാർട്ടിയോടുള്ള വിരോധം കേരളത്തോടും മലയാളികളോടും ഉള്ള പകയായി മാറുന്നത് എങ്ങനെയാണെന്നും സ്വരാജ് ചോദിച്ചു. മാധ്യമ പ്രവർത്തകന്റെ കൈയബദ്ധല്ല വാർത്ത.മാധ്യമ മുതലാളികളുടെ രാഷ്ട്രീയ താൽപര്യം തലയിൽ ചുമക്കേണ്ടവരായി മാധ്യമപ്രവർത്തകർ മാറി. കേരളത്തിലെ ദൃശ്യമാധ്യമങ്ങൾ തമ്മിൽ കഴുത്തറപ്പൻ മത്സരമാണെന്നും സ്വരാജ് പറഞ്ഞു. വിമർശനങ്ങളോട് ആർക്കും അസഹിഷ്ണുതയില്ലെന്നും വിമർശനമല്ല പച്ചക്കള്ളമാണ് പ്രചരിപ്പിക്കുതെന്നും സ്വരാജ് കൂട്ടിച്ചേർത്തു.