NEWSROOM

കഥകളുടെ പെരുന്തച്ചൻ ഇനി ഓർമ; നിറകണ്ണുകളോടെ ആദരാഞ്ജലികൾ നേർന്ന് മലയാളം

പാതിരാവും പകൽവെളിച്ചവും. അതാണ് എംടിയുടെ ആദ്യനോവൽ. നാലുകെട്ട് എന്ന കെട്ടുറപ്പുള്ള കഥയുടെ മൂലക്കല്ലായിരുന്നു അത്. കാലവും അസുരവിത്തും രണ്ടാമൂഴവും വാരണാസിയും. മഞ്ഞുപോലെ മലയാളിയെ പ്രണയനഷ്ടത്താൽ മൂടിയ അനേകം മറ്റ് എഴുത്തുകൾ.

Author : ന്യൂസ് ഡെസ്ക്


മലയാളഭാഷയിൽ ജീവതേജസ്സുവിതറിയ എംടിയെന്ന സൂര്യനാണ് ഭ്രമണചക്രം പൂർത്തിയാക്കി അസ്തമിക്കുന്നത്. മുക്കാൽ നൂറ്റാണ്ടു മുഴുവൻ മലയാളിക്കായി കഥ പറഞ്ഞുകൊണ്ടേ ഇരുന്ന ശബ്ദം മാത്രമാണ് നിലയ്ക്കുന്നത്. ആ കഥകൾ ഇനിയാണ് കൂടുതൽ ഉച്ചത്തിൽ സംസാരിക്കാൻ തുടങ്ങുക. ഇനിയാണ് എംടി തുറന്നുവച്ച ലോകത്തേക്ക് അക്ഷരങ്ങളിലൂടെ മലയാളി കൂടുതൽ തീർത്ഥയാത്രകൾ പോവുക.


ഇന്ന് ഓരോ മലയാളിയുടെ മനസ്സിലും കർക്കടകത്തിലെ ഉത്രട്ടാതി പോലെ മഴമേഘങ്ങൾ ഉരുണ്ടുകൂടും . ചിലർ ആ കറുത്തമേഘങ്ങളെപ്പോലെ തെളിയാത്ത മുഖവുമായി യാത്രകൾ തുടരും. മറ്റു ചിലർ ചാറിയൊന്നു വിതുമ്പിപ്പോകും. വേറെ ചിലർ അടച്ചിട്ടമുറിയിൽ അസുരവിത്തോ നാലുകെട്ടോ കെട്ടിപ്പിടിച്ച് ഇടിവെട്ടി കരയും. ഇന്ന് എംടിയെ ഓർത്ത് ഒന്നു നനയാത്തവർ ഭൂമിമലയാളത്തിൽ ആരുമുണ്ടാകില്ല. ഈറനണിഞ്ഞ കൺകോണുകൊണ്ടാണ് ഇന്നു മലയാളം ആ മഹാപ്രതിഭയ്ക്ക് ഉദകക്രിയ ചെയ്യുന്നത്.


തൊണ്ണൂറ്റിയൊന്നു വർഷം മുൻപ് മഴയാർത്തു നിന്ന കർക്കടകത്തിലെ ഉത്രട്ടാതിക്കു പിറന്നതാണ് മാടത്തു തെക്കേപ്പാട്ടു വീട്ടിൽ വാസുദേവൻ.അമ്മ അമ്മാളുവമ്മയുടെ നാട് അക്കിത്തവും പിന്നെ എംടിയും വളർന്ന കൂടല്ലൂർ . അച്ഛൻ നാരായണൻ ബാലാമണിയമ്മയുടേയും മാധവിക്കുട്ടിയുടേയും പുന്നയൂർക്കുളത്ത്. കൂടല്ലൂരും പുന്നയൂർക്കുളത്തും മാറിമാറിപ്പാർത്ത ബാല്യത്തിൽ തന്നെ കഥകളുടെ കടലിരമ്പം ആ മനസ്സിലുണ്ടായി.

അച്ഛൻ കടൽകടന്നു സിലോണിൽ പോയപ്പോൾ മുതൽ കർക്കടകത്തിലെ ഉത്രട്ടാതിക്കു മകനൊരു പായസം വച്ചുകൊടുക്കാനുള്ള നെല്ലിനായി കുടുംബക്കാരണവർക്കു മുന്നിൽ കൈനീട്ടിനിൽക്കുന്ന അമ്മ ആ കഥകളിൽ ജനിച്ചു. പിന്നൊരു ഓണക്കാലത്ത് അച്ഛൻ പാട്ടുപെട്ടിയുമായി കടന്നുവന്നു. കൂടെ ഒരു സിംഹളഭാഷ പറയുന്ന പെൺകുട്ടിയും. ഒരിക്കൽ മാത്രം കണ്ട അനിയത്തി 'നിന്‍റെ ഓർമയ്ക്ക്' എന്ന കഥയിലെ നായികയായി.

കോപ്പൻ മാസ്റ്ററുടെ കുടിപ്പള്ളിക്കൂടത്തിൽ തുടങ്ങി, മലമക്കാവ് എലിമെന്‍ററി സ്കൂളും കുമരനല്ലൂർ സ്കൂളും കടന്ന് അപ്പോഴേക്കും വാസുദേവൻ വിക്ടോറിയ കോളജിലെത്തി. രസതന്ത്രത്തിൽ ബിരുദത്തിനു പഠിക്കുമ്പോൾ രക്തംപുരണ്ട മൺതരികളെന്ന ആദ്യ കഥാ സമാഹാരം. വളർത്തുമൃഗങ്ങൾ എന്ന കഥയ്ക്ക് മാതൃഭൂമി ചെറുകഥാ പുരസ്കാരം. പാലക്കാട്ടെ ട്യൂട്ടോറിയൽ കോളജിൽ നിന്ന് പിന്നീട് അതേ മാതൃഭൂമിയുടെ പത്രാധിപ സമിതിയിലേക്ക്. അരനൂറ്റാണ്ടിലേറെ നീണ്ട ബന്ധത്തിന്‍റെ തുടക്കമായിരുന്നു അത്.



പാതിരാവും പകൽവെളിച്ചവും. അതാണ് എംടിയുടെ ആദ്യനോവൽ. നാലുകെട്ട് എന്ന കെട്ടുറപ്പുള്ള കഥയുടെ മൂലക്കല്ലായിരുന്നു അത്. കാലവും അസുരവിത്തും രണ്ടാമൂഴവും വാരണാസിയും. മഞ്ഞുപോലെ മലയാളിയെ പ്രണയനഷ്ടത്താൽ മൂടിയ അനേകം മറ്റ് എഴുത്തുകൾ. വാനപ്രസ്ഥവും വാരിക്കുഴിയും വെയിലും നിലാവും. ഓപ്പോളും കർക്കടകവും ചെറിയ ചെറിയ ഭൂകമ്പങ്ങളും. ആ കഥകൾ അച്ചടിച്ച കടലാസുകൾ കൊണ്ടു തന്നെ ഇന്നു മലയാളത്തിനൊരു പതിനാറുകെട്ടു പണിയാം. ആ വീട്ടിലായിരിക്കും നമ്മുടെ ഭാഷ നാട്ടുവഴികടന്നെത്തി സപ്രമഞ്ചമേറുക.



മുറപ്പെണ്ണിന് തിരക്കഥയെഴുതിത്തുടങ്ങിയതാണ് എംടിയുടെ സിനിമയിലേക്കുള്ള വരവ്. മലയാള സിനിമ തന്നെ പിന്നെ ആ പേനത്തുമ്പിലൂടെ തിരിഞ്ഞു. ഓളവും തീരവും, മുറപ്പെണ്ണ്, വിൽക്കാനുണ്ട് സ്വപ്നങ്ങൾ, അസുരവിത്ത്, പകൽക്കിനാവ്, ഇരുട്ടിന്‍റെ ആത്മാവ്, വെള്ളം, പഞ്ചാഗ്നി, നഖക്ഷതങ്ങൾ... വേറെയുമെത്രയെണ്ണം. അമൃതംഗമയ, ആരൂഢം, ഋതുഭേദം, വൈശാലി.... ഒരു വടക്കൻ വീരഗാഥ, പെരുന്തച്ചൻ, പരിണയം. ഒടുവിൽ ഒരു ചെറുപുഞ്ചിരിയും.



വിൽക്കാനുണ്ട് സ്വപ്നങ്ങളിൽ പ്രവാസംകഴിഞ്ഞുവരുന്ന സുകുമാരൻ കാറിൽ വന്നിറങ്ങിപ്പറയുന്ന ഡയലോഗുണ്ട്. എല്ലാ പ്രവാസികളുടേയും മുഖവാചകമായി അതു പിന്നീട് മാറി. നിങ്ങളെന്നെ ഈ നാട്ടിൽ നിന്ന് തല്ലിയോടിച്ചുവെന്നു തുടങ്ങുന്ന ആ ഡയലോഗ് മുതൽ ചന്തുവിനെതോൽപ്പിക്കാനാകില്ല മക്കളേ വരെ മലയാളി ദിവസവും ഒരിക്കലെങ്കിലും ഒരു എംടി ഡയലോഗിനു മുന്നിലൂടെ ഇപ്പോൾ നടന്നുപോകുന്നു. കണ്ട പാണനും പറയനും പ്രതിഭ തെളിയിക്കുമ്പോൾ സംശയിച്ചു തുടങ്ങും ബീജം ബ്രാഹ്മണന്‍റെ അല്ലേയെന്ന പെരുന്തച്ചനിലെ ഒറ്റ വാചകം കൊണ്ട് പറയിപെറ്റ പന്തിരുകലത്തിലെ കഥ മുഴുവൻ അപ്രസക്തമാകുന്നത് അറിയും. സാധാരണക്കാരൻ തത്വശാസ്ത്രം പഠിച്ചത് എംടിയുടെ തിരക്കഥകളിലൂടെയായിരുന്നു. അവരെ ജീവിതം പഠിപ്പിച്ചതും അതേ തൂലികയായിരുന്നു.

എഴുത്തുകാരിയും വിവർത്തകയുമായ പ്രമീള ആദ്യ ജീവിത സഖി. അതിലൊരു മകൾ സിതാര. പിന്നെ ജീവിതത്തിലേക്കു വന്നത് നർത്തകി കലാമണ്ഡലം സരസ്വതി. മകൾ അശ്വതി. കേന്ദ്ര കേരള അക്കാദമി പുരസ്കാരങ്ങൾ പല തവണ. പിന്നെ ജ്ഞാനപീഠവും പത്മഭൂഷണും. കേരളം എഴുത്തച്ഛൻ പുരസ്കാരവും ജെ സി ദാനിയൽ പുരസ്കാരവും നൽകി എഴുത്തിലേയും തിരശ്ശിലിയിലേയും ആ മികവിനെ നമിച്ചു. ആദ്യ കേരളജ്യോതി നൽകി സാഷ്ടാംഗം പ്രണമിച്ചു.


ഈ അവസാന ശ്വാസത്തിലും എം ടി ഒരു കഥ ആലോചിച്ചിട്ടുണ്ടാകും. അതൊരിക്കലും എഴുതിക്കാണാനാകില്ലെന്നോർത്ത് ഇനി ജനിക്കുന്ന മലയാളികളെല്ലാം വിഷാദംകൊള്ളും.

ഇനിയുമുണ്ടായിരുന്നു. ഇവിടെ എംടി പറയേണ്ട അനേകം കഥകൾ.


SCROLL FOR NEXT