NEWSROOM

എല്ലാവരുടെയും ആശങ്ക പരിഹരിച്ചേ പദ്ധതി നടപ്പാക്കൂവെന്ന് എംവി ഗോവിന്ദൻ; എലപ്പുള്ളി മദ്യകമ്പനി വിവാദത്തിൽ സമവായത്തിനൊരുങ്ങി സിപിഎം

ഈ വിഷയത്തിൽ സർക്കാരിനെ വിമർശിച്ച് സിപിഐ മുഖപത്രം ജനയുഗത്തിൽ ലേഖനവും പ്രസിദ്ധീകരിച്ചു. സംസ്ഥാന താൽപ്പര്യത്തിന് നിരക്കാത്ത പദ്ധതി കർഷകരിൽ ആശങ്ക ഉണ്ടാക്കിയെന്നും തീരുമാനം പുനഃപരിശോധിക്കണം എന്നും സത്യൻ മൊകേരിയുടെ ലേഖനത്തിൽ പറയുന്നു

Author : ന്യൂസ് ഡെസ്ക്

പാലക്കാട് എലപ്പുള്ളിയിൽ സ്വകാര്യ മദ്യനിർമാണ ശാലയുമായി ബന്ധപ്പെട്ട് സമവായത്തിന് സിപിഎം. പ്രതിപക്ഷം അടക്കം എല്ലാവരുടെയും ആശങ്ക പരിഹരിച്ച് മാത്രമേ പദ്ധതി നടപ്പാക്കൂവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. സിപിഐ അടക്കം എല്ലാവരുമായും ഇനിയും ചർച്ച നടത്തും. കർണാടക സ്പിരിറ്റ്‌ ലോബിക്ക് വേണ്ടിയാണ് കോൺഗ്രസ് സംസാരിക്കുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.


പാലക്കാട് എലപ്പുള്ളി മദ്യ നിർമാണ ശാലയ്‌ക്കെതിരെ ആദ്യം പ്രതിഷേധമുയർത്തിയത് കോൺഗ്രസും ബിജെപിയുമായിരുന്നു. എന്നാൽ പിന്നീട് എൽഡിഎഫ് ഘടക കക്ഷിയായ സിപിഐ തന്നെ വിയോജിപ്പുമായി രംഗത്തെത്തിയതോടെ സിപിഎം വെട്ടിലായി. സിപിഎം പാലക്കാട് നേതൃത്വം ഉയർത്തിയ വിയോജിപ്പ് പിന്നീട് സംസ്ഥാന നേതൃത്വവും ശരി വയ്ക്കുകയായിരുന്നു.

പ്രദേശത്ത് കുടിവെള്ള പ്രശ്നം നിലനിൽക്കുന്നെങ്കിൽ അത് ആദ്യം പരിഹരിക്കണമെന്നായിരുന്നു സിപിഐ ആവശ്യപ്പെട്ടത്. ഈ വിഷയത്തിൽ സർക്കാരിനെ വിമർശിച്ച് സിപിഐ മുഖപത്രം ജനയുഗത്തിൽ ലേഖനവും പ്രസിദ്ധീകരിച്ചു. സംസ്ഥാന താൽപ്പര്യത്തിന് നിരക്കാത്ത പദ്ധതി കർഷകരിൽ ആശങ്ക ഉണ്ടാക്കിയെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും സത്യൻ മൊകേരിയുടെ ലേഖനത്തിൽ പറയുന്നു.

SCROLL FOR NEXT