NEWSROOM

വിഴിഞ്ഞം കമ്മീഷനിങിൽ പ്രതിപക്ഷ നേതാവിന് ക്ഷണമില്ല; ഇടതുപക്ഷത്തിന് സങ്കുചിത മനോഭാവമെന്ന് എം. വിൻസൻ്റ് എംഎൽഎ

വാർഷിക ആഘോഷമായതു കൊണ്ടാണ് പ്രതിപക്ഷ നേതാവിനെ പങ്കെടുപ്പിക്കാത്തതെന്നാണ് മന്ത്രി വാസവൻ പറഞ്ഞത് വാർഷിക ആഘോഷത്തിൽ പങ്കെടുക്കാൻ ആണോ പ്രധാനമന്ത്രി വരുന്നതെന്ന് എംഎൽഎ ചോദിച്ചു.

Author : ന്യൂസ് ഡെസ്ക്

വിഴിഞ്ഞം കമ്മീഷനിങിൽ പ്രതിപക്ഷ നേതാവിനെ പങ്കെടുപ്പിക്കാത്തത് ഇടതുപക്ഷത്തിൻ്റെ സങ്കുചിത മനോഭാവം കൊണ്ടെന്ന് എം. വിൻസൻ്റ് എംഎൽഎ. പ്രതിപക്ഷ നേതാവ് പങ്കെടുക്കുക എന്നാൽ പ്രതിപക്ഷത്തിൻ്റെ പൂർണ പങ്കാളിത്തം ഉണ്ടാകുക എന്നതാണ് അർഥം. വാർഷിക ആഘോഷമായതു കൊണ്ടാണ് പ്രതിപക്ഷ നേതാവിനെ പങ്കെടുപ്പിക്കാത്തതെന്നാണ് മന്ത്രി വാസവൻ പറഞ്ഞത് വാർഷിക ആഘോഷത്തിൽ പങ്കെടുക്കാൻ ആണോ പ്രധാനമന്ത്രി വരുന്നതെന്ന് എംഎൽഎ ചോദിച്ചു.

"പരിപാടിയിൽ ഞാനും കോൺഗ്രസ് പ്രതിനിധികളും പങ്കെടുക്കും. തുറമുഖ നിർമാണം നിർത്തി വെക്കണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞിട്ടില്ല. വിഴിഞ്ഞത്തെ എന്ത് പരിപാടിയിലും വികാര വായ്പോടെയാണ് ഞങ്ങൾ പങ്കെടുക്കുന്നത്.ഉമ്മൻ ചാണ്ടിയുടെ സ്വപ്ന പദ്ധതിയാണ് വിഴിഞ്ഞം," എം. വിൻസെൻ്റ് പറഞ്ഞു.

ഉമ്മൻ ചാണ്ടിയുടെ കാലത്ത് പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചിരുന്നു. സർവ്വകക്ഷി യോഗത്തിലും ഇടതുപക്ഷം പങ്കെടുത്തിരുന്നു. പദ്ധതിയെ എതിർക്കുമ്പോഴും ഇടതുപക്ഷത്തെ ശിലാസ്ഥാപന ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് എംഎൽഎ ഓർമിപ്പിച്ചു.

അതിനിടെ വിഴിഞ്ഞം പദ്ധതിയിൽ ഇടതു സർക്കാരിനെ പ്രശംസിച്ചതിൽ തരൂരിന് മറുപടി നൽകാനും എം വിൻസൻ്റ് മറന്നില്ല. അവിടെ പോയാൽ ആരും വിസ്മയിച്ചു പോകും. പക്ഷെ, അത് ചെയ്തത് കരാർ ഒപ്പിട്ട കമ്പനിയാണ്. ആ കരാറിലേർപ്പെട്ടത് UDF സർക്കാരാണ്. അതിശയവും വിസ്മയവും കൊണ്ടുവന്നത് കമ്പനിയാണെന്ന് എംഎൽഎ പറഞ്ഞു. എം.വിൻസൻ്റ് എംഎൽഎയ്ക്കും ശശി തരൂരിനുമാണ് വിഴിഞ്ഞം കമ്മീഷനിങിലേക്ക് ക്ഷണം ലഭിച്ചത്.

SCROLL FOR NEXT