NEWSROOM

സ്പീക്കറുടെ പ്രസ്താവനയില്‍ ഞാന്‍ പ്രതികരിക്കേണ്ടതില്ല; എഡിജിപിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരട്ടെ: എം.എ. ബേബി

യുഡിഎഫിന്റെ കാലത്തും അന്വേഷണങ്ങളില്‍ പുറത്തുനിന്നുള്ള ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നും എം.എ. ബേബി പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

എഡിജിപി എം.ആര്‍. അജിത് കുമാര്‍ ആര്‍എസ്എസ് നേതാവിനെ കണ്ടതില്‍ പ്രശ്‌നമില്ലെന്ന സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ പ്രസ്താവനയില്‍ പ്രതികരിക്കേണ്ട ആവശ്യമില്ലെന്ന് പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. സ്പീക്കര്‍ പറഞ്ഞത് പ്രസംഗത്തിലെ വാചകങ്ങള്‍ ആയിരിക്കും. അതിൽ താൻ പ്രതികരിക്കേണ്ടതില്ലെന്നുമാണ് എം.എ. ബേബി പറഞ്ഞത്.

അജിത് കുമാറിനെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരട്ടെയെന്നും എം.എ. ബേബി പ്രതികരിച്ചു. കെഇഎന്‍, സംവാദങ്ങളുടെ ആല്‍ബം എന്ന പുസ്തക പ്രകാശന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫിന്റെ കാലത്തും അന്വേഷണങ്ങളില്‍ പുറത്തുനിന്നുള്ള ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നും എം.എ. ബേബി പറഞ്ഞു. എന്നാൽ സര്‍ക്കാര്‍ പ്രമുഖനായ നടനെതിരെ കേസെടുത്തിട്ടുണ്ട്. അദ്ദേഹം ദീര്‍ഘകാലം ജയിലില്‍ കിടന്നിട്ടുമുണ്ടെന്നും എം.എ. ബേബി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെ തുടര്‍ നടപടികള്‍ക്ക് ഏഴംഗ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. അതില്‍ വനിത ഐപിഎസ് ഉദ്യോഗസ്ഥരുമുണ്ടെന്നും എം.എ. ബേബി പറഞ്ഞു.

ആര്‍എസ്എസ് ഇന്ത്യയിലെ പ്രധാന സംഘടനയാണെന്നും എഡിജിപി എം.ആര്‍. അജിത് കുമാര്‍ ആര്‍എസ്എസ് നേതാവിനെ കണ്ടതില്‍ എന്താണ് പ്രശ്‌നം എന്നുമായിരുന്നു എ.എന്‍. ഷംസീറിന്റെ പരാമര്‍ശം. സുഹൃത്താണ് കൂട്ടിക്കൊണ്ടു പോയതെന്ന് എഡിജിപി വ്യക്തമാക്കിയതാണ്. മന്ത്രിമാരുടെ ഫോണ്‍ എഡിജിപി ചോര്‍ത്തിയെന്ന അന്‍വറിന്റെ ആരോപണം അഭ്യൂഹം മാത്രമാണെന്നും സര്‍ക്കാര്‍ സംവിധാനത്തില്‍ ഇത്തരം കാര്യങ്ങള്‍ നടക്കുമെന്ന് കരുതുന്നില്ലെന്നും ഷംസീര്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഇത് വലിയ വിവാദത്തിലേക്കാണ് വഴിവെച്ചത്. മിത്ത് വിവാദത്തിലടക്കം ആര്‍എസ്എസും ബിജെപിയും പല തരത്തില്‍ വിമര്‍ശിച്ചിട്ടുള്ള ഷംസീര്‍ തന്നെ എഡിജിപി-ആര്‍എസ്എസ് നേതാവ് കൂടിക്കാഴ്ചയെ നിസാരവത്കരിച്ചതാണ് വിമര്‍ശനങ്ങളിലേക്ക് നയിച്ചത്.

അതേസമയം എ.എന്‍. ഷംസീറിനെതിരെ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തിയിരുന്നു. സ്പീക്കര്‍ അത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ലെന്നുമായിരുന്നു ബിനോയ് വിശ്വം പറഞ്ഞത്.

കേരളത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എന്തിനാണ് അടിക്കടി ബിജെപിയുമായി കൂടിക്കാഴ്ച നടത്തുന്നതെന്നും ബിനോയ് വിശ്വം ചോദിച്ചു. എഡിജിപി ഊഴം വെച്ച് ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയുടെ പൊരുളെന്താണെന്നും അത് അറിയാന്‍ അവകാശമുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

SCROLL FOR NEXT