NEWSROOM

സന്ധ്യയും മക്കളും പെരുവഴിയിലായില്ല; തുണയായി യൂസഫലി

ലൈഫ് ഭവന പദ്ധതിയിൽ അനുവദിച്ച വീടിൻ്റെ നിർമ്മാണം പൂർത്തിയാക്കാനായിരുന്നു മണപ്പുറം ഫിനാൻസിൽ നിന്നും തുക വായ്പ എടുത്തത്

Author : ന്യൂസ് ഡെസ്ക്

എറണാകുളം പറവൂരിൽ മണപ്പുറം ഗ്രൂപ്പ് ഫിനാൻസ് സ്ഥാപനത്തിൻ്റെ ജപ്‌തി നടപടിക്ക് പിന്നാലെ പെരുവഴിയിലായ സന്ധ്യയ്ക്ക് സഹായവുമായി യൂസഫലി. വായ്പാ തുക മുഴുവൻ തിരികെ അടക്കും എന്ന് ഉറപ്പ് നൽകി. ഇതേതുടർന്ന് ലുലു ഗ്രൂപ്പ് പ്രതിനിധികൾ സ്ഥലത്തെത്തി, തുകയും വീടിൻ്റെ താക്കോലും കൈമാറുകയും ചെയ്തു.

സന്ധ്യയുടേയും കുടുംബത്തിൻ്റെയും അവസ്ഥ മാധ്യമങ്ങളിലൂടെ കണ്ടതിന് ശേഷമാണ് യൂസഫലി സഹായവുമായി രംഗത്തെത്തിയത്. സന്ധ്യയുടെയും മക്കളുടെയും തുടർജീവിതത്തിനായി 10 ലക്ഷം രൂപയാണ് ലുലു ഗ്രൂപ്പ്‌ നൽകിയത്. ലൈഫ് ഭവന പദ്ധതിയിൽ അനുവദിച്ച വീടിൻ്റെ നിർമ്മാണം പൂർത്തിയാക്കാനായിരുന്നു മണപ്പുറം ഫിനാൻസിൽ നിന്നും വായ്പ എടുത്തത്. വായ്പാ തുക നാളെ ബാങ്കിന് കൈമാറും. 

ഭർത്താവ് ഉപേക്ഷിച്ച് പോയതിനാൽ സന്ധ്യയ്‌ക്ക് തുക തിരിച്ചടക്കാൻ സാധിച്ചില്ല. നാല് തവണ മുന്നറിപ്പ് നൽകിയിട്ടും തുക തിരിച്ചടക്കാത്തതു കൊണ്ടാണ് നടപടിയുമായി മുന്നോട്ട് പോയതെന്നാണ് ബാങ്ക് അധികൃതർ നൽകുന്ന വിശദീകരണം.

തുണിക്കടയിൽ ജോലി ചെയ്യുന്ന തൻ്റെ വരുമാനം ദൈനംദിന ചെലവിന് മാത്രമേ തികയൂ എന്ന് സന്ധ്യ പറഞ്ഞു. ബാങ്കിൻ്റെ പ്രവർത്തന സമയം കഴിഞ്ഞതിനാൽ തുക മുഴുവനായും നാളെ അടയ്ക്കുമെന്നും ലുലു ഗ്രൂപ്പ് പ്രതിനിധികൾ അറിയിച്ചു. കുടുംബത്തിൻ്റെ നിസഹായവസ്ഥ മനസിലാക്കി കൊണ്ട് ലുലു ഗ്രൂപ്പ് നൽകിയ ഈ സഹായം സന്ധ്യയുടെ കുടുംബത്തിനെ സംബന്ധിച്ച് ഏറെ ആശ്വാസകരമാണ്.

SCROLL FOR NEXT