കൊച്ചി മാടവനയിൽ ബസ് അപകടം നടന്ന് രണ്ടാഴ്‌ച പിന്നിട്ടിട്ടും ട്രാഫിക് സിഗ്നലുകൾ പുനഃസ്ഥാപിച്ചിട്ടില്ല. ദിവസവും ആയിരകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന ദേശീയപാതയിലെ സിഗ്നലുകൾക്ക് നേരെ കണ്ണടയ്ക്കുകയാണ് അധികൃതർ. ജൂൺ 23 നാണു കല്ലട ബസ് കൊച്ചി മാടവനയിലെ ട്രാഫിക് സിഗ്നലിലേക്കു നിയന്ത്രണം വിട്ടു ഇടിച്ചു കയറിയത് . ഒരാൾ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അപകടം നടന്ന് രണ്ടാഴ്‌ച കഴിഞ്ഞിട്ടും ട്രാഫിക് സിഗ്നലുകൾ പുനഃസ്ഥാപിച്ചിട്ടില്ല. തകർന്ന സിഗ്നൽ പോസ്റ്റുകൾ പൊലീസ് നീക്കം ചെയ്തതല്ലാതെ തുടർനടപടികൾ ഒന്നുമുണ്ടായില്ല. ബസ്സപകടത്തിന് ശേഷം ഇരുചക്ര വാഹനാപകടങ്ങളും ഇവിടെയുണ്ടായി. സിഗ്നലുകൾ പുനഃസ്ഥാപിക്കണമെന്ന് ഡ്രൈവർമാരടക്കം ആവശ്യം ഉന്നയിച്ചിട്ടും ഫലം കണ്ടില്ല.
മാടവന സിഗ്നൽ ഭാഗത്തെ റോഡുകൾക്കും തകരാറുകളുണ്ട്. ദേശീയപാതയായിട്ടും അറ്റകുറ്റപ്പണി നടക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. വേഗത്തിൽ വരുന്ന വാഹനങ്ങൾ ബ്രേക്ക് ചെയ്യുമ്പോൾ നിയന്ത്രണം വിട്ട് അപകടങ്ങളും പതിവാണ്. ടൈമറുകളുള്ള സിഗ്നൽ ലൈറ്റുകൾ എത്രയും പെട്ടന്ന് സ്ഥാപിക്കണമെന്നുള്ള ആവശ്യവും ശക്തമാകുകയാണ്.
അതേസമയം, ഗുരുതര നിയമലംഘനങ്ങളായിരുന്നു അപകടത്തിൽപ്പെട്ട കല്ലട ബസ് പരിശോധിച്ച എംവിഡി ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ബസിൻ്റെ വേഗപ്പൂട്ട് വിഛേദിച്ച നിലയിലായിരുന്നുവെന്നും ഇതിനൊപ്പം പിന്നിലെ ഇടത് വശത്തെ ടയറിന് തേയ്മാനം ഉണ്ടായിരുന്നതായും കണ്ടെത്തി. ബസ് ഡ്രൈവർ പാൽപ്പാണ്ടിയുടെ അറസ്റ്റ് പനങ്ങാട് പൊലീസ് രേഖപ്പെടുത്തിയിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം നടന്നുവരികയാണ്.