NEWSROOM

മകൻ്റെ ഓർമകളുറങ്ങുന്ന മണ്ണ് ഇനി ആ അമ്മയ്ക്ക് സ്വന്തം; അട്ടപ്പാടിയിലെ മധുവിൻ്റെ അമ്മ മല്ലിക്ക് 3.45 ഹെക്ടർ ഭൂമി പതിച്ചുകിട്ടി

വനംവകുപ്പിന്റെ കൈവശമായിരുന്ന പുതൂർ കടുകുമണ്ണയിലെ 3.45 ഹെക്ടർ ഭൂമിയാണ് മല്ലിക്ക് ലഭിച്ചത്

Author : ന്യൂസ് ഡെസ്ക്


അട്ടപ്പാടിയിൽ ആൾക്കൂട്ട മർദനത്തിനിരയായി കൊല്ലപ്പെട്ട മധുവിന്റെ അമ്മ മല്ലിയ്ക്ക് പട്ടയമായി. അട്ടപ്പാടി കടുകുമണ്ണയിലെ 3.45 ഹെക്ടർ സ്ഥലത്തിനാണ് പട്ടയം ലഭിച്ചത്. പാലക്കാട്ട് നടന്ന സർക്കാരിന്റെ പട്ടയമേളയിൽ മന്ത്രി കെ. രാജൻ മല്ലികയ്ക്ക് രേഖ കൈമാറി. വനംവകുപ്പിന്റെ കൈവശമായിരുന്നു പുതൂർ കടുകുമണ്ണയിലെ 3.45 ഹെക്ടർ ഭൂമി.

പതിറ്റാണ്ടുകൾക്കുശേഷമാണ് മകൻ മധുവിൻ്റെ ഓർമയുറങ്ങുന്ന മണ്ണ് മല്ലിയ്ക്ക് സ്വന്തം പേരിൽ പതിച്ചുകിട്ടിയത്. വനാവകാശ നിയമപ്രകാരമുള്ള പട്ടയമാണ് മല്ലിയ്ക്ക് ലഭിച്ചത്. ആൾക്കൂട്ട കൊലപാതകത്തിന് ഇരയായ മധുവിന്റെ ബാല്യകാലം മുഴുവൻ കടുകുമണ്ണയിലായിരുന്നു. ആ ഓർമകളുറങ്ങുന്ന ഭൂമിയ്ക്ക് പട്ടയം കിട്ടാനുള്ള കാത്തിരിപ്പിന് ഇന്ന് അവസാനമായി.

നിലവിൽ ചിണ്ടക്കിയിലാണ് മല്ലിയും കുടുംബവും താമസിക്കുന്നത്. കടുകുമണ്ണയിൽ ബന്ധുക്കൾ മാത്രമാണുള്ളതെങ്കിലും മല്ലിയുടെ മേൽനോട്ടത്തിൽ ഈ ഭൂമിയിൽ തിന, റാഗി, ചാമ, ചോളം തുടങ്ങിയവയെല്ലാം കൃഷിചെയ്യുന്നുണ്ട്.

SCROLL FOR NEXT