നാല് കുട്ടികൾക്ക് ജന്മം നൽകാൻ തീരുമാനിക്കുന്ന യുവ ബ്രാഹ്മണ ദമ്പതികൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് മധ്യപ്രദേശിലെ ബ്രാഹ്‌മണ ക്ഷേമത്തിനായുള്ള സര്‍ക്കാര്‍ ബോര്‍ഡായ പരശുറാം കല്യാണ്‍ ബോര്‍ഡ്. ബോർഡിൻ്റെ പ്രസിഡൻ്റും സംസ്ഥാന കാബിനറ്റ് മന്ത്രിയുമായ പണ്ഡിറ്റ് വിഷ്ണു രജോറിയയാണ് പ്രഖ്യാപനം നടത്തിയത്. ഇൻഡോറിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെയായിരുന്നു വിഷ്ണു രജോറിയുടെ പ്രഖ്യാപനം.
ബ്രാഹ്മണർ കുടുംബങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അവസാനിപ്പിച്ചതോടെ മതനിഷേധികളുടെ എണ്ണം വർധിച്ചെന്നായിരുന്നു വിഷ്ണു രജോറിയുടെ പ്രസ്താവന. "പ്രായമായവരിൽ നിന്ന് ഇനി നമുക്ക് കൂടുതൽ പ്രതീക്ഷിക്കാനാവില്ലെങ്കിലും, ഇന്നത്തെ യുവാക്കളിൽ എനിക്ക് വലിയ പ്രതീക്ഷയുണ്ട്. ഭാവി തലമുറയുടെ സംരക്ഷണത്തിൻ്റെ ഉത്തരവാദിത്തം നിങ്ങളിലാണ്. ചെറുപ്പക്കാർ ഒരു കുട്ടിയുടെ ജനനത്തോടെ പ്രസവം നിർത്തുകയാണ്. ഇത് വളരെ പ്രശ്നമാണ്. നിങ്ങൾക്ക് കുറഞ്ഞത് നാല് കുട്ടികളെങ്കിലുമുണ്ടായിരിക്കണമെന്നാണ് എൻ്റെ അഭ്യർഥന," വിഷ്ണു പറയുന്നു.
പിന്നാലെ നാല് കുട്ടികളുള്ള ദമ്പതിമാര്‍ക്ക് പരശുറാം കല്യാണ്‍ ബോര്‍ഡ് ഒരുലക്ഷം രൂപ നല്‍കുമെന്ന് പ്രസിഡൻ്റ് പ്രഖ്യാപിച്ചു. ബോര്‍ഡിന്റെ പ്രസിഡന്റ് താനാണെങ്കിലും അല്ലെങ്കിലും ഈ പാരിതോഷികം നല്‍കും. യുവാക്കൾ കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ മടികാണിക്കുകയാണെങ്കിൽ ദൈവനിഷേധികള്‍ രാജ്യം പിടിച്ചെടുക്കുമെന്നാണ് വിഷ്ണു രജോറിയുടെ വാദം. ഇത് സര്‍ക്കാരിന്റെ പദ്ധതിയല്ല, മറിച്ച് വ്യക്തിഗതമായ പദ്ധതിയാണെന്ന് പണ്ഡിറ്റ് വിഷ്ണു രജോറി പറഞ്ഞതായി ദേശീയ മാധ്യമമായ എന്‍ഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം വിഷ്ണു രജോറിയുടെ പ്രസ്താവനയ്ക്കെതിരെ വിമർശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. പരാമര്‍ശം പുനഃപരിശോധിക്കണമെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് മുകേഷ് നായകിൻ്റെ പ്രസ്താവന. "ജനസംഖ്യാവര്‍ധനവ് ഇന്ന് ലോകം നേരിടുന്ന വലിയ പ്രശ്‌നമാണെന്ന് വിഷ്ണു രജോറിയോട് ഞാൻ പറയാന്‍ ആഗ്രഹിക്കുന്നു. കുട്ടികളുടെ എണ്ണം കുറവാണെങ്കില്‍ അവരുടെ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉറപ്പുവരുത്താന്‍ എളുപ്പമാകും. ഇത്തരം പ്രസ്താവനകൾ അഹിന്ദുക്കളുടെ എണ്ണം വർധിക്കുമെന്നും, അവര്‍ ഹിന്ദുക്കളെ വിഴുങ്ങുമെന്നുമുള്ള വിഭ്രാന്തി സൃഷ്ടിക്കുകയാണ്. ഇതെല്ലാം സാങ്കല്‍പ്പികമാണ്. ഒന്നിച്ചുനിന്നാലേ നമ്മുടെ രാജ്യം ശക്തമാകൂ.' -മുകേഷ് പറഞ്ഞു.
പരാമർശത്തെ തള്ളികൊണ്ടായിരുന്നു ബിജെപിയുടെയും നിലപാട്. ബിജെപി സർക്കാർ നിയമങ്ങൾക്കും ഭരണഘടനയ്ക്കും അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. അദ്ദേഹം പറഞ്ഞതെല്ലാം അദ്ദേഹത്തിൻ്റെ വ്യക്തിപരമായ അഭിപ്രായമാണ്. എത്ര കുട്ടികൾ വേണമെന്നത് മാതാപിതാക്കളുടെ തീരുമാനമാണെന്ന് സർക്കാർ വിശ്വസിക്കുന്നെന്നും പാർട്ടിക്ക് പ്രസ്താവനയുമായി യാതൊരു ബന്ധവുമില്ലെന്നും ബിജെപി വ്യക്തമാക്കി.