ശാരീരിക ബന്ധമില്ലാതെ ഭാര്യ മറ്റൊരാളുമായി പ്രണയത്തിലാകുന്നത് വിശ്വാസവഞ്ചനയല്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. കുടുംബ കോടതിയുടെ ഉത്തരവിനെതിരെ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി ജസ്റ്റിസ് ജി എസ് അലുവാലിയയുടെ നിരീക്ഷണം. ഭാര്യ മറ്റൊരു പുരുഷനുമായി പ്രണയത്തിലായതിനാൽ ജീവനാംശത്തിന് അർഹതയില്ലെന്നായിരുന്നു ഭർത്താവിൻ്റെ വാദം.
ഭാര്യയ്ക്ക് മറ്റൊരു പുരുഷനുമായി വൈകാരികമായി അടുപ്പം ഉണ്ടാകുന്നത് അവിഹിതമല്ലെന്നും, ശാരീരിക ബന്ധത്തിന് തെളിവില്ലാത്ത പക്ഷം ഭാര്യയ്ക്ക് പരപുരുഷബന്ധമുണ്ടെന്ന് പറയാനാകില്ല എന്നും കോടതി വ്യക്തമാക്കി. ഭാര്യയ്ക്ക് പരപുരുഷബന്ധമുണ്ടെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ ബോധ്യപ്പെട്ടെങ്കില്‍ മാത്രമേ കേസ് നിലനില്‍ക്കൂവെന്നും കോടതി ചൂണ്ടിക്കാട്ടി.
ഭാര്യയ്ക്ക് 4,000 രൂപ ഇടക്കാല ജീവനാംശം നൽകണമെന്ന ചിന്ദ്വാര കുടുംബ കോടതി പ്രിൻസിപ്പൽ ജഡ്ജിയുടെ ഉത്തരവിനെതിരെയാണ് ഭർത്താവ് ഹൈക്കോടതിയെ സമീപിച്ചത്. ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 24 പ്രകാരം തൻ്റെ ഭാര്യക്ക് 4,000രൂപ ജീവനാംശമായി നൽകുന്നുണ്ടെന്നും, ഭാര്യ ഒരു ബ്യൂട്ടി പാർലർ നടത്തി വരുമാനം നേടുന്നുണ്ടെന്നും ഭർത്താവ് കോടതിയെ ബോധിപ്പിച്ചു.
തനിക്ക് വരുമാനമായി 8000 രൂപയാണ് ലഭിക്കുന്നുള്ളുവെന്നും, ഹർജിക്കാരൻ കോടതിയെ അറിയിച്ചു. സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെന്ന തൻ്റെ വാദത്തെ പിന്തുണയ്ക്കുന്നതിനായി ഭർത്താവ് ഹാജരാക്കിയ ശമ്പള സർട്ടിഫിക്കറ്റും കോടതി പരിശോധിച്ചു. എന്നാൽ ഹാജരാക്കിയ സർട്ടിഫിക്കറ്റുകളിൽ പൊരുത്തക്കേട് ഉണ്ടെന്നും, പരപുരുഷബന്ധത്തിന് തെളിവ് ഇല്ലെന്നും പറഞ്ഞുകൊണ്ടാണ് കോടതി വിചിത്ര വിധിക്ക് ഉത്തരവിട്ടത്.