പ്രാദേശിക തലത്തിൽ ലഹരി വ്യാപനം തടയാൻ കടുത്ത നടപടികളുമായി കോഴിക്കോട് ജില്ലയിലെ മഹല്ല് കമ്മറ്റികൾ. ലഹരി കുറ്റവാളികളെ ബഹിഷ്കരിക്കാനാണ് താമരശ്ശേരി പുതുപ്പാടിയിലെ മഹല്ല് കമ്മിറ്റികളുടെ തീരുമാനം. ഈങ്ങാപ്പുഴയിലെ ഷിബിലയുടെ കൊലപാതകത്തിൻ്റെ പശ്ചാത്തലത്തിലാണ് നടപടി. മുപ്പതോളം മഹല്ല് കമ്മിറ്റികൾ സംയുക്തമായാണ് തീരുമാനമെടുത്തത്.
നാടും നാട്ടുകാരും ലഹരി വ്യാപനത്തിൻ്റെ ഇരകളായി മാറുന്നത് തടയാൻ കോഴിക്കോട് പുതുപ്പാടി പഞ്ചായത്തിലെ മുസ്ലീം പള്ളികളിലെ മഹല്ല് കമ്മറ്റികൾ തന്നെ മുൻകൈ എടുക്കുകയാണ്. പുതുപ്പാടി പഞ്ചായത്തിലാണ് ലഹരിയുമായി ബന്ധപെട്ട് രണ്ട് കൊലപാതകങ്ങളും ഒരു മരണവും ഉണ്ടായത്. അതുകൊണ്ടുതന്നെ സംസ്ഥാന വ്യാപകമായി ലഹരിക്കെതിരെയുള്ള മതസാമൂഹിക പ്രതിരോധം ശക്തിപെടുത്താനാണ് തീരുമാനം. പുതുപ്പാടി പഞ്ചായത്തിലെ സുന്നി, മുജാഹിദ് , ജമാഅത്തെ ഇസ്ലാമി തുടങ്ങി എല്ലാ വിഭാഗത്തിലും പെട്ട 30-ഓളം പള്ളികളിലെ മഹല്ല് കമ്മറ്റി ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു.
Also Read; പിൻമാറാതെ ആശമാർ;നിരാഹാര സമരം രണ്ടാം ദിവസം, സമരം ചർച്ചയിലൂടെ പരിഹരിക്കണമെന്ന് LDF യോഗത്തിൽ ആവശ്യം
ലഹരി കച്ചവടവും ഉപയോഗവുമായി ബന്ധപ്പെട്ടവരെ ബഹിഷ്കരിക്കും.മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിൽ സർക്കാരും പൊലീസും നടത്തുന്ന എല്ലാ നടപടികൾക്കും സർവ്വ തലത്തിലുമുള്ള സഹകരണവും പിന്തുണയും നൽകും. ലഹരിക്കെതിരെ സംരക്ഷണ വലയവും, മഹല്ല് തലത്തിൽ ബഹുജന കൂട്ടായ്മയും യുവാക്കളുടെ കൂട്ടായ്മയും രൂപീകരിക്കാനും യോഗത്തിൽ തീരുമാനിച്ചു.