NEWSROOM

മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ്: രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്‌

48 പേരുടെ സ്ഥാനാർഥി പട്ടികയാണ് കോണ്‍ഗ്രസ് ആദ്യ ഘട്ടത്തില്‍ പ്രഖ്യാപിച്ചത്

Author : ന്യൂസ് ഡെസ്ക്

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്. കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി (സിഇസി) യോഗത്തിനു ശേഷമാണ് 23 പേരുടെ പട്ടിക പുറത്തുവിട്ടത്. സീറ്റ് വിഭജന ഘട്ടത്തില്‍ കോൺഗ്രസും ശിവസേനയും (ഉദ്ധവ് വിഭാഗം) തമ്മില്‍ തർക്കത്തിനു കാരണമായ നാഗ്‌പൂർ സൗത്ത് സീറ്റ് കോൺഗ്രസിന് ലഭിച്ചു. കോണ്‍ഗ്രസ് നേതാവ് ഗിരീഷ് കൃഷ്‌ണറാവു പാണ്ഡവ് ആയിരിക്കും നാഗ്പൂർ സൗത്ത് മണ്ഡലത്തിൽ മത്സരിക്കുക.

48 പേരുടെ സ്ഥാനാർഥി പട്ടികയാണ് കോണ്‍ഗ്രസ് ആദ്യ ഘട്ടത്തില്‍ പ്രഖ്യാപിച്ചത്. പിസിസി അധ്യക്ഷന്‍ നാനാ പടോല്‍, മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍, പ്രതിപക്ഷ നേതാവ് വിജയ് വഡേത്തിവാർ എന്നിവർ ആദ്യ പട്ടികയില്‍ ഇടം പിടിച്ചു.

Also Read: ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെയുണ്ടായ ആക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് പാകിസ്ഥാന്‍ ഭീകര സംഘടന

പട്ടിക വന്നതിനു പിന്നാലെ, സീറ്റ് വിഭജന പ്രശ്നങ്ങള്‍ പരിഹരിച്ചെന്നും മെറിറ്റിന്‍റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുന്നതെന്നും വിജയ് വഡേത്തിവാർ എഎന്‍ഐയോട് പറഞ്ഞിരുന്നു. മഹായുതി സഖ്യത്തിനെ അധികാരത്തില്‍ നിന്നും താഴെയിറക്കുമെന്നും പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചു.

മഹാവികാസ് അഘാഡി സഖ്യത്തിലെ പ്രധാനകക്ഷികളായ കോൺഗ്രസും ശിവസേന ഉദ്ധവ് വിഭാഗവും എൻസിപി ശരദ് പവാർ വിഭാഗവും 85 വീതം സീറ്റുകളിലാണ് മത്സരിക്കുന്നത്. 18 സീറ്റുകള്‍ സഖ്യത്തിലേക്ക് ചേരാന്‍ സാധ്യതയുള്ള മറ്റ് കക്ഷികള്‍ക്കായി നീക്കിവെക്കും. സിപിഎം, സിപിഐ, സമാജ്‌വാദി പാർട്ടി, ആംആദ്മി പാർട്ടി, പെസന്‍റ്സ് വർക്കേഴ്‌സ് പാർട്ടി എന്നിവർക്ക് സീറ്റു നല്‍കി സഖ്യത്തിന്‍റെ ഭാഗമാക്കാനാണ് മഹാവികാസ് അഘാഡി ശ്രമിക്കുന്നത്. നവംബർ 20നാണ് മഹാരാഷ്ട്രയിലെ 288 മണ്ഡങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 23നാണ് വൊട്ടെണ്ണല്‍.

SCROLL FOR NEXT