ഷിൻഡെയോ ഫഡ്നാവിസോ? ചർച്ചകൾക്കും വിയോജിപ്പുകൾക്കുമൊടുവിൽ മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രിയായി ചക്രവ്യൂഹം ഭേദിച്ച അഭിമന്യു എന്ന് സ്വയം വിശേഷിപ്പിക്കുന്ന ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് അധികാരമേല്‍ക്കും. മറാത്തയുടെ പ്രക്ഷുബ്ധമായ രാഷ്ട്രീയ ഭൂമികയില്‍ ഫഡ്നാവിസ് മെനഞ്ഞ തന്ത്രം മഹായുതിയുടെ ഉജ്വല ജയത്തിന് വഴിമരുന്നായെന്ന വിലയിരുത്തലിലാണ് ബിജെപി കേന്ദ്ര നേതൃത്വം മുഖ്യമന്ത്രിക്കസേരയിലേക്ക് ഒരിക്കൽ കൂടി അദ്ദേഹത്തെ ക്ഷണിച്ചത്. മുഖ്യമന്ത്രി പദത്തില്‍ മൂന്നാം തവണയാണ് ഫഡ്നാവിസ് എത്തുന്നത്. ഇതോടെ മഹാരാഷ്ട്രയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വസന്തറാവു നായിക്, ശരദ് പവാർ തുടങ്ങിയ നേതാക്കളുടെ നിരയിലേക്ക് ഫഡ്‌നാവിസ് ഉയരുകയാണ്.
2014ൽ 122 സീറ്റുകളോടെ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോഴാണ് മഹാരാഷ്ട്രാ ബിജെപി അധ്യക്ഷനായിരുന്ന ഫഡ്‌നാവിസനെ തേടി ആദ്യമായി മുഖ്യമന്ത്രി പദം എത്തിയത്. 2019ൽ, എൻസിപിയുടെ അജിത് പവാറിനെ കൂട്ടുപിടിച്ച് രൂപീകരിച്ച സർക്കാരിന് മൂന്ന് ദിവസത്തെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാൽ 2022ൽ ശിവസേനയെ പിളർത്തി ഷിൻഡയെ പാളയത്തിലെത്തിച്ച് ഭരണം ഉറപ്പിച്ചു. ഈ തീരുമാനം പാർട്ടിയിൽ ഫഡ്നാവിസിൻ്റെ യശ്ശസുയർത്തി. എന്നാൽ ഷിൻഡയെ മുഖ്യമന്ത്രിയാക്കി മഹായുതി സർക്കാർ രൂപീകരിച്ചപ്പോള്‍ ഉപ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മാറാനുള്ള പാർട്ടി തീരുമാനം വിശ്വസ്തനായ പ്രവർത്തകനെന്ന നിലയില്‍ ഫഡ്നാവിസ് അംഗീകരിച്ചു. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ പാർട്ടിയെന്ന നിലയിൽ ബിജെപി നേട്ടമുണ്ടാക്കിയതോടെ വീണ്ടും ഫഡ്നാവിസിലേക്ക് തന്നെ മുഖ്യമന്ത്രിപദം എത്തിയിരിക്കുന്നു.
ALSO READ: മഹായുതി 2.0യില്‍ രണ്ട് ഉപമുഖ്യമന്ത്രിമാർ; ഷിന്‍ഡെയും പവാറും നാളെ സത്യപ്രതിജ്ഞ ചെയ്തേക്കും
1989ൽ എബിവിപിയിലൂടെയാണ് ഫഡ്നാവിസ് രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കുന്നത്. ആർഎസ്എസ് ആസ്ഥാനമായ നാഗ്പൂരിൽ നിന്നാണ് അധികാരത്തിലേക്കുള്ള ഫഡ്‌നാവിസിൻ്റെ യാത്ര ആരംഭിച്ചത്. 22 –ാം വയസിൽ നാഗ്പൂരിൻ്റെ കൗൺസിലർ. തുടർന്ന് നാഗ്പൂരിൻ്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ. 1999–ൽ സംസ്ഥാന തെരഞ്ഞെടുപ്പിൽ മത്സരിച്ച് നിയമസഭയിൽ. 2013ൽ മഹാരാഷ്ട്രാ ബിജെപിയെ നയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഫഡ്നാവിസിനെ വിശേഷിപ്പിച്ചത്, ‘നാഗ്പൂർ, രാജ്യത്തിന് നൽകിയ സമ്മാനമാണ് ദേവേന്ദ്ര ഫഡ്നാവിസ്’ എന്നാണ്.
രാഷ്ട്രീയ എതിരാളികളോട് മൂർച്ചയുള്ള ഭാഷയില്‍ കലഹിക്കുന്ന ഫഡ്‌നാവിസ് മഹാരാഷ്ട്രയിലെ വർത്തമാനകാല രാഷ്ട്രീയ മാറ്റങ്ങളുടെ പ്രധാന ശില്പിയാണ്. മഹാരാഷ്ട്ര വികസനത്തിലും ആ കൈയൊപ്പുണ്ട്. സമൃദ്ധി എക്‌സ്‌പ്രസ്‌വേ മുതല്‍ നവി മുംബൈ എയർപോർട്ട് വരെയുള്ള വികസന പദ്ധതികൾ ഫഡ്നാവിസിൻ്റേയും ഗഡ്കരിയുടേയും നേട്ടമാണ്. ഫഡ്നാവിസിന് ആർഎസ്എസിലുള്ള സ്വാധീനമാണ് ബിജെപിക്ക് മുതല്‍ക്കൂട്ടായത്. ആർഎസ്എസ് ആസ്ഥാനമായ നാഗ്പൂരിൽ നിന്നാണ് അധികാരത്തിലേക്കുള്ള ഫഡ്‌നാവിസിൻ്റെ യാത്രയും.
അമ്മ സരിത ഫഡ്നാവിസിന്റെ ഭാഷയിൽ പറയുകയാണെങ്കിൽ മോദിക്ക് പ്രിയപ്പെട്ടവനാണ് ദേവേന്ദ്ര. പിതാവിന് മകനോടെന്ന പോലുള്ള സ്നേഹമെന്നാണ് മോദി-ദേവേന്ദ്ര ബന്ധത്തെക്കുറിച്ച് അമ്മ സരിത പറയുന്നത്. ഏതായാലും എതിർപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പോരാട്ടവും സ്വന്തം മുന്നണിയിലെ എതിർപ്പുകളുടെ ചക്രവ്യൂഹവും ഭേദിച്ച് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാകുകയാണ്.