NEWSROOM

മഹാരാഷ്ട്രയില്‍ 'പഴയ' ഫോർമുല തന്നെ വീണ്ടും പരീക്ഷിച്ചേക്കും; ഫഡ്നാവിസ് മുഖ്യമന്ത്രിയാകും, ഷിന്‍ഡെയും പവാറും ഉപമുഖ്യമന്ത്രിമാർ

നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ മഹായുതി സഖ്യം, പ്രത്യേകിച്ച് ബിജെപി വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചത്

Author : ന്യൂസ് ഡെസ്ക്

മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രി ബിജെപിയില്‍ നിന്നായിരിക്കുമെന്ന സൂചനകള്‍ ശക്തമാകുന്നു. മഹായുതി സഖ്യത്തിനുള്ളിലെ അനുനയ നീക്കങ്ങളുടെ ഭാഗമായി സംസ്ഥാന ക്യാബിനറ്റില്‍ മുഖ്യമന്ത്രിക്ക് പുറമേ രണ്ട് ഉപമുഖ്യമന്ത്രിമാരുണ്ടാകും. ഏക്നാഥ് ഷിന്‍ഡെയുടെ ശിവസേനയില്‍ നിന്നും എന്‍സിപി (അജിത് പവാർ)യില്‍ നിന്നുമാകും ആ ഉപമുഖ്യമന്ത്രിമാർ. ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസായിരിക്കും മുഖ്യമന്ത്രി. മഹായുതിയോട് അടുത്ത വൃത്തങ്ങള്‍, എന്‍ഡിടിവിയോടാണ് ഈ വിവരം പങ്കുവെച്ചത്.

മുഖ്യമന്ത്രി സ്ഥാനം ബിജെപി ഉറപ്പിച്ചു എന്നത് ഒഴിച്ചാല്‍, തെരഞ്ഞെടുപ്പിന് മുമ്പ് സഖ്യത്തിനുള്ളില്‍ ഉരുത്തിരിഞ്ഞ 'രണ്ട് ഉപമുഖ്യമന്ത്രിമാർ' എന്ന കരാർ പ്രകാരം തന്നെയാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്. കഴിഞ്ഞ ആഴ്ച നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ മഹായുതി സഖ്യം, പ്രത്യേകിച്ച് ബിജെപി വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചത്. 288 സീറ്റുകളില്‍ 235 എണ്ണം മഹായുതി സഖ്യം വിജയിച്ചപ്പോള്‍ ബിജെപിയുടെ അക്കൗണ്ടില്‍ 132 സീറ്റുകളാണ് ഉള്ളത്.

പുതിയ മുഖ്യമന്ത്രിയുടെ പേര് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, 2014 നും 2019 നും ഇടയിൽ ആ സ്ഥാനം വഹിച്ച ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസിനു തന്നെയാണ് മുന്‍തൂക്കം. അവിഭക്ത ശിവസേന വിട്ട് ഏക്നാഥ് ഷിന്‍ഡെ മഹായുതിയുടെ ഭാഗമായി മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയപ്പോള്‍ ഉപമുഖ്യമന്ത്രി സ്ഥാനം ഫഡ്നാവിസിനായിരുന്നു.

Also Read: "ബിഹാറിലെ രീതിയല്ല മഹാരാഷ്ട്രയിൽ"; തെരഞ്ഞെടുപ്പ് ഫലത്തെ അടിസ്ഥാനമാക്കി മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന് ബിജെപി

വിജയം ഉറപ്പിച്ചതിനു ശേഷം ഷിന്‍ഡെയുടെ അനുയായികള്‍ മുഖ്യമന്ത്രി പദം ശിവസേനയ്ക്ക് നല്‍കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. മറുവശത്ത്, ഫഡ്നാവിസിനായി ബിജെപിയും പിടിമുറുക്കി. 2022ന് സമാനമായി സർക്കാർ രൂപീകരിക്കുന്നതിനു ഒരു സഖ്യകക്ഷിയുടെ ആവശ്യം ഉള്ളതിനാല്‍ ഷിന്‍ഡെയെ പിണക്കുന്ന തരത്തില്‍ ഔദ്യോഗികമായ പ്രസ്താവനകള്‍ ഒന്നും തന്നെ ബിജെപിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. സഖ്യത്തിലെ മറാത്ത മുഖവുമാണ് ഷിന്‍ഡെ. എന്നാല്‍, മുഖ്യമന്ത്രി ആരെന്ന കാര്യം, തെരഞ്ഞെടുപ്പ് ഫലത്തെ അടിസ്ഥാനമാക്കിയായിരിക്കുമെന്ന് നേതൃത്വം നേരത്തെ തീരുമാനിച്ചിരുന്നതായി ബിജെപി ദേശീയ വക്താവ് പ്രേം ശുക്ല സൂചന നല്‍കിയിരുന്നു.

മഹാരാഷ്ട്രയില്‍ ഒരു മുഖ്യമന്ത്രി രണ്ട് ഉപമുഖ്യന്മാർ എന്ന ഫോർമുല ആവർത്തിക്കുമെന്ന വാർത്ത വരുന്നതിനു മണിക്കൂറുകൾക്ക് മുമ്പ്, താന്‍ അധികാര വടംവലിക്കില്ലെന്ന് ഷിൻഡെ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി മറ്റൊരാളെ മുഖ്യമന്ത്രിയാക്കാൻ താല്‍പ്പര്യപ്പെടുന്നെങ്കില്‍ താൻ ഒരു തടസമാകില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

Also Read: അദാനി വിഷയത്തിൽ ചർച്ച ആവശ്യപ്പെടാനൊരുങ്ങി കോൺഗ്രസ്; വഖഫ് ഭേദഗതി ബില്ലിൽ അടിയന്തര യോഗം വിളിച്ച് JPC അധ്യക്ഷൻ , പാർലമെന്റ് സമ്മേളനം ഇന്നും തുടരും

ദേവേന്ദ്ര ഫഡ്‌നാവിസ്, ഏകനാഥ് ഷിൻഡെ, അജിത് പവാർ എന്നിവർ നാളെ (വ്യാഴം) കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണും. പുതിയ അനുനയ ഫോർമുലയിലെ ഏക തടസം മുഖ്യമന്ത്രി സ്ഥാനം ‘വാഗ്ദാനം’ ചെയ്‌തതായി ഏകനാഥ് ഷിൻഡെയുടെ ഗ്രൂപ്പിലെ ചില അംഗങ്ങളുടെ അവകാശവാദമാണ്. ഷിന്‍ഡെ അധികാര താല്‍പ്പര്യമില്ലെന്ന് പറയുമ്പോഴും അനുയായികള്‍ അതിനായി വാദിക്കുന്നതിലെ വൈരുധ്യമാണ് ഇപ്പോഴും മഹാരാഷ്ട്രയിലെ മുഖ്യമന്ത്രി പദത്തിലെ സസ്പെന്‍സ് നിലനിർത്തുന്നത്. 

SCROLL FOR NEXT