NEWSROOM

മഹാരാഷ്ട്രയെ ഇനി ഫഡ്നാവിസ് നയിക്കും; ഉപമുഖ്യമന്ത്രിമാരായ ഷിന്‍ഡെയ്ക്കും പവാറിനുമൊപ്പം സത്യപ്രതിജ്ഞ ചെയ്തു

മൂന്നാം തവണയാണ് ഫഡ്നാവിസ് സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയാകുന്നത്

Author : ന്യൂസ് ഡെസ്ക്

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്തു. മൂന്നാം തവണയാണ് ഫഡ്നാവിസ് സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയാകുന്നത്. മുംബൈയിലെ ആസാദ് മൈതാനിയില്‍ നടന്ന ചടങ്ങിൽ ഉപമുഖ്യമന്ത്രിമാരായി ശിവസേന നേതാവ് ഏകനാഥ് ഷിൻഡെയും എൻസിപിയുടെ അജിത് പവാറും സത്യപ്രതിജ്ഞ ചെയ്തു. 

പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രിമാർ, ബോളിവുഡ്  താരങ്ങള്‍, ആത്മീയ നേതാക്കള്‍ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.

തെരഞ്ഞെടുപ്പില്‍ ഉജ്വല വിജയത്തിനു പിന്നാലെ മഹായുതി സഖ്യത്തിനുള്ളില്‍ മുഖ്യമന്ത്രി കസേരയെ ചൊല്ലി അഭിപ്രായവ്യത്യാസങ്ങള്‍ ഉയർന്നിരുന്നു. ഏക്നാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കണമെന്ന് ശിവസേന വാദിച്ചപ്പോള്‍ ഫഡ്നാവിസിനായി ബിജെപി സംസ്ഥാന- കേന്ദ്ര നേതൃത്വം ഉറച്ചുനിന്നു. ഒടുവില്‍ ബിജെപി കോർ കമ്മിറ്റി നേതൃത്വം ഫഡ്നാവിസിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു. സഖ്യത്തിനുള്ളിലെ അസ്വാരസ്യങ്ങള്‍ പരിഹരിക്കുന്നതിനായി ശിവസേനയില്‍ നിന്നും ഏക്നാഥി ഷിന്‍ഡെയെയും എന്‍സിപിയില്‍ നിന്നും അജിത് പവാറിനെയും തെരഞ്ഞെടുക്കുകയും ചെയ്തു.

ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയമാണ് നേടിയത്. ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയും അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപിയുമാണ് മഹായുതിയിലെ മറ്റ് കക്ഷികള്‍. 288 സീറ്റുകളിൽ മഹായുതി 230 സീറ്റുകളാണ് നേടിയത്. ബിജെപി 132 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോള്‍ ശിവസേന 57 സീറ്റുകളിലുംഎൻസിപി 41 സീറ്റുകളിലും വിജയിച്ചു.

SCROLL FOR NEXT