NEWSROOM

ഒറ്റ സംഭവം കൊണ്ട് മുംബൈ സുരക്ഷിതമല്ലെന്ന് പറയാനാകില്ല; സെയ്‌ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ ദേവേന്ദ്ര ഫട്നവിസ്

ആഴത്തിലുള്ള രണ്ടു മുറിവുകളാണ് ഉള്ളത്. നട്ടെല്ലിനും സുഷുമ്നയോടും ചേർന്ന ഭാഗത്താണ് വലിയ മുറിവുള്ളത്. അടിയന്തര ശസ്ത്രക്രിയയ്ക്ക് പിന്നാലെ സെയ്ഫിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

Author : ന്യൂസ് ഡെസ്ക്

ബോളിവുഡ് താരം സെയ്‌ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ പ്രതികരണവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ്. ഒരൊറ്റ സംഭവംകൊണ്ട് മുംബൈ സുരക്ഷിതമല്ലെന്ന് പറയാനാകില്ലെന്നും സാധ്യമായ എല്ലാ മാർ​ഗവുമുപയോ​ഗിച്ച് അന്വേഷണം നടത്തുമെന്നും ഫട്നവിസ് പറഞ്ഞു.

ഇന്ന് പുലർച്ചെയാണ് അജ്ഞാതനായ അക്രമി സെയ്‌ഫ് അലി ഖാനെ കുത്തിപ്പരിക്കേൽപ്പിച്ചത്.നടൻ്റെ ആരോഗ്യനില തൃപ്തികരമെന്നാണ് റിപ്പോർട്ട്. പുലർച്ചെ 2.30 ഓടെ ആറു തവണ കുത്തേറ്റ നടനെ ഉടനെ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ആഴത്തിലുള്ള രണ്ടു മുറിവുകളാണ് ഉള്ളത്. നട്ടെല്ലിനും സുഷുമ്നയോടും ചേർന്ന ഭാഗത്താണ് വലിയ മുറിവുള്ളത്. അടിയന്തര ശസ്ത്രക്രിയയ്ക്ക് പിന്നാലെ സെയ്ഫിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ഇനി ഒരു പ്ലാസ്റ്റിക് സർജറി കൂടി നടത്തുമെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.

അതേസമയം, ബാന്ദ്രയിലെ അതീവ സുരക്ഷയുള്ള നടൻ്റെ വസതിയിൽ അക്രമി എങ്ങനെ കടന്നുവന്നുവെന്നത് ആശ്ചര്യമുണ്ടാക്കുന്ന വസ്തുതയാണ്. ആദ്യം വന്ന റിപ്പോർട്ടുകൾ പ്രകാരമുള്ള മോഷണ ശ്രമം അല്ല ആക്രമണത്തിലേക്ക് നയിച്ചതെന്നും സൂചനയുണ്ട്.

അതേ സമയം സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവത്തിൽ ഒരു പ്രതിയെ തിരിച്ചറിഞ്ഞെന്നും, ഒന്നിലധികം പ്രതികളുണ്ടെന്നും ഡിസിപി ദീക്ഷിത് ഗേഡാം പറഞ്ഞു.  പ്രതി സ്റ്റെയർകെയ്സ് വഴി കയറിയെന്നും പൊലീസ് വ്യക്തമാക്കി. വീട്ടിനകത്തെത്താൻ അക്രമിയെ സഹായിച്ചവരെന്ന് സംശയിക്കപ്പെടുന്ന മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഓടി രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

SCROLL FOR NEXT