NEWSROOM

ഡെപ്യൂട്ടി സ്പീക്കറുടെ 'എടുത്തുചാട്ടം'; മഹാരാഷ്ട്രയില്‍ സെക്രട്ടറിയേറ്റ് കെട്ടിടത്തിലെ മൂന്നാം നിലയില്‍ നിന്ന് ചാടി

ഡെപ്യൂട്ടി സ്പീക്കർക്കൊപ്പം മൂന്ന് എംഎല്‍എമാരും എടുത്തുചാടി

Author : ന്യൂസ് ഡെസ്ക്

മഹാരാഷ്ട്ര സെക്രട്ടറിയേറ്റില്‍ ഇന്ന് ഉച്ചയോടെ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. സംവരണത്തിനെതിരായ പ്രതിഷേധത്തിനിടയില്‍ കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയില്‍ നിന്ന് ഡെപ്യൂട്ടി സ്പീക്കര്‍ താഴേക്ക് ചാടി. ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹരി സിര്‍വാളും മൂന്ന് എംഎല്‍എമാരും സ്പീക്കര്‍ക്കൊപ്പം എടുത്തുചാടി.

സംവരണവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെയാണ് ഡെപ്യൂട്ടി സ്പീക്കറുടേയും എംപിയുടേയും എംഎല്‍എമാരുടേയും എടുത്തുചാട്ടം. പട്ടികവര്‍ഗ സംവരണ വിഭാഗത്തില്‍ ദംഗര്‍ സമുദായത്തെ ഉള്‍പ്പെടുത്തിയതിനെതിരെ വിവിധ ആദിവാസി വിഭാഗങ്ങള്‍ നിയമസഭാ അംഗങ്ങളുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു വരികയായിരുന്നു. ഇതിനിടയിലായിരുന്നു സംഭവം.


മൂന്നാമത്തെ നിലയില്‍ നിന്നും താഴേക്ക് ചാടിയെങ്കിലും ആര്‍ക്കും പരുക്കോ ജീവഹാനിയോ പറ്റിയിട്ടില്ല. കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയില്‍ കെട്ടിയ വലയിലേക്കാണ് എല്ലാവരും സുരക്ഷിതരായി വീണത്. കെട്ടിടത്തിലെ ആത്മഹത്യാശ്രമങ്ങള്‍ തടയാന്‍ വേണ്ടി 2018 ലാണ് ഇവിടെ വല കെട്ടിയത്.

എന്‍സിപി അജിത് പവാര്‍ പക്ഷത്തിലെ അംഗമാണ് സിര്‍വാള്‍. വലയിലേക്ക് ചാടിയവര്‍ തിരിച്ചു കയറുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രിമാരായ അജിത് പവാര്‍, ദേവേന്ദ്ര ഫഡ്നാവിസ് എന്നിവര്‍ പങ്കെടുത്ത മന്ത്രിസഭാ യോഗത്തിനിടെ ആദിവാസി വിഭാഗത്തില്‍പെട്ട എംഎല്‍എമാര്‍ മന്ത്രാലയ സമുച്ചയത്തില്‍ പ്രതിഷേധം നടത്തിയിരുന്നു.

ഒബിസി വിഭാഗത്തില്‍പെട്ട ദംഗര്‍ സമുദായത്തെ എസ്ടി വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രതിഷേധം നടന്നിരുന്നു. നിരവധി സംസ്ഥാനങ്ങളില്‍ പട്ടിക വിഭാഗത്തില്‍ ഉള്‍പ്പെട്ട ദംഗദ് സമുദായമാണ് തങ്ങളുടേതെന്നും മറ്റ് സംസ്ഥാനങ്ങളിലുള്ള പദവി മഹാരാഷ്ട്രയിലും വേണമെന്നാണ് ആവശ്യം.

SCROLL FOR NEXT