NEWSROOM

ഉദ്ധവിന് ഇനി ശരശയ്യയോ? 'യഥാർഥ' ശിവസേനയായി ഷിന്‍ഡെ വിഭാഗത്തെ തെരഞ്ഞെടുത്ത് മഹാരാഷ്ട്ര

മഹായുതി സഖ്യം 233 സീറ്റുകളിൽ മുന്നിട്ടുനിൽക്കുമ്പോൾ, പ്രതിപക്ഷ ബ്ലോക്കായ മഹാ വികാസ് അഘാഡി 50 സീറ്റുകളുമായി ബഹുദൂരം പിന്നിലാണ്

Author : ശ്രീജിത്ത് എസ്

ആരാണ് 'യഥാർഥ' ശിവസേനയെന്നതിനുള്ള ജനഹിതപരിശോധന കൂടിയായിരുന്നു ഇത്തവണത്തെ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ്. ബിജെപി നേതൃത്വത്തില്‍ മഹായുതി സഖ്യം വിജയത്തേരോട്ടം നടത്തിയതോടെ അതിനൊരു തീരുമാനമായിരിക്കുകയാണ്. ബാല്‍ താക്കറെയുടെ മകനെ പിന്തള്ളി ശിവസേനയുടെ പേരിനും കൊടിക്കും ഒപ്പം സ്വത്വം കൂടി ഏക്നാഥ് ഷിന്‍ഡെ തനിക്കൊപ്പം ചേർത്തിരിക്കുന്നു. ഇതോടെ ഉദ്ധവ് താക്കറെയുടെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്.


"അമ്പു കൊള്ളാത്തവരില്ല കുരുക്കളിൽ" എന്നതാണ് ഉദ്ധവ് പക്ഷത്തിന്‍റെ അവസ്ഥ. പ്രധാന എതിരാളികളായ ഷിന്‍ഡെ വിഭാഗത്തിനു, മത്സരിച്ച 81 സീറ്റുകളില്‍ 54 ഇടത്തും വിജയിക്കാന്‍ സാധിച്ചു. അതേസമയം, 95 ഇടത്ത് പോരിനിറങ്ങിയ ഉദ്ധവ് പക്ഷത്തിന് 20 സീറ്റുകളില്‍ മാത്രമാണ് പച്ച തൊടാന്‍ സാധിച്ചത്. 2019 തെരഞ്ഞെടുപ്പില്‍ അവിഭക്ത ശിവസേനയായി മത്സരിച്ചപ്പോള്‍ 15 സീറ്റുകളിലായിരുന്നു വിജയം എന്നത് മാത്രമാണ് ഉദ്ധവിന്‍റെ ഏക ആശ്വാസം. ആകെമൊത്തത്തിൽ, മഹായുതി സഖ്യം 233 സീറ്റുകളിൽ മുന്നിട്ടുനിൽക്കുമ്പോൾ, പ്രതിപക്ഷ ബ്ലോക്കായ മഹാ വികാസ് അഘാഡി 50 സീറ്റുകളുമായി ബഹുദൂരം പിന്നിലാണ്.

Also Read: Assembly Election 2024 | മഹാരാഷ്ട്രയില്‍ ചരിത്ര വിജയത്തിനരികെ എന്‍ഡിഎ; ജാർഖണ്ഡില്‍ ശക്തി തെളിയിച്ച് ഇന്ത്യാ സഖ്യം

മുംബൈയിലും, മുംബൈ മെട്രോപൊളിറ്റൻ റീജിയണിലും (എംഎംആർ) ആണ് സേനകള്‍ തമ്മില്‍ ഏറ്റവും രൂക്ഷമായ പോരാട്ടം നടന്നത്. ഇവിടെ മാഹിം, വർളി, ബൈക്കുള തുടങ്ങിയ മറാത്തി ആധിപത്യമുള്ള മണ്ഡലങ്ങളിൽ ഉദ്ധവിന് ശക്തി തെളിയിക്കാന്‍ സാധിച്ചു. അതേസമയം, ചരിത്രപരമായി ശിവസേനയുടെ ശക്തികേന്ദ്രമായ താനെയില്‍ ബിജെപിയുടെ സഞ്ജയ് മുകുന്ദ് കേൽക്കറാണ് ലീഡ് ചെയ്യുന്നത്. 'ബാല്‍ താക്കറെയുടെ സൈനികർ' എന്ന് പ്രഖ്യാപിച്ചിരുന്ന താനെയിലെ ജനങ്ങളെ രാജൻ ബാബുറാവുവിലൂടെ ഒപ്പം കൂട്ടാനുള്ള ഉദ്ധവിന്‍റെ ശ്രമം വൃഥാവിലായി. ശിവസേനയുടെ ബാനറില്‍ ഷിന്‍ഡെ രാഷ്ട്രീയ പാഠങ്ങള്‍ പഠിച്ച താനെ മഹായുതിയെ തെരഞ്ഞെടുത്തു.

ഇത്രയും വലിയൊരു തോല്‍വി ഉദ്ധവ് താക്കറെയോ മഹാ വികാസ് അഘാഡി സഖ്യമോ പ്രതീക്ഷിച്ചതല്ല. മഹായുതിയുടെ വിജയം പ്രവചിച്ച എക്സിറ്റ് പോള്‍ സർവേകളെ തമാശയായിട്ടാണ് മഹായുതി സഖ്യം കണ്ടത്. അതിനു കാരണമുണ്ട്. ഈ വർഷം ആദ്യം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ, 48 സീറ്റുകളില്‍ 30 ഇടത്ത് ഇന്ത്യാ സഖ്യമാണ് വിജയിച്ചിരുന്നത്. ഇത് നിയമസഭ തെരഞ്ഞെടുപ്പിലും ആവർത്തിക്കാന്‍ സാധിക്കുമെന്ന് അവർ വിചാരിച്ചിരുന്നു. എന്നാല്‍, അത്ര കണ്ട് ആത്മവിശ്വാസം ഉദ്ധവിനില്ലായിരുന്നു. ഷിന്‍ഡെ വിഭാഗവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ലോക്‌സഭ തെരഞ്ഞെടുപ്പിലെ ഉദ്ധവിന്‍റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല എന്നതാണ് അതിനു കാരണം. ഷിന്‍ഡെ വിഭാഗം മത്സരിച്ച 15 സീറ്റുകളിൽ ഏഴിലും വിജയിച്ചിരുന്നു. ഈ ആത്മവിശ്വാസത്തോടെയാണ് അവർ നിയമസഭ തെരഞ്ഞെടുപ്പിനെ സമീപിച്ചതും. എന്നാല്‍ മത്സരിച്ച 21 ലോക്‌സഭ സീറ്റുകളില്‍ ഒന്‍പതിടത്ത് മാത്രം വിജയിക്കാനെ ഉദ്ധവ് പക്ഷത്തിനു സാധിച്ചുള്ളൂ.

Also Read: ബാല്‍ താക്കറെ ഉയര്‍ത്തിക്കെട്ടിയ കൊടിയും പിന്‍ഗാമികളുടെ തമ്മിലടിയും

നിയമസഭ തെരഞ്ഞെടുപ്പില്‍ എല്ലാ വിധ പാർട്ടി സംവിധാനവും ഉപയോഗിച്ച് വിജയം കൊയ്യാം എന്നായിരുന്നു ഉദ്ധവ് താക്കറെയുടെ കണക്കുകൂട്ടല്‍. അതുകൊണ്ടാണ്, ഈ തെരഞ്ഞെടുപ്പ് ശിവസേന സ്വത്വം വീണ്ടെടുക്കാന്‍ വേണ്ടിയാണെന്ന് ഉദ്ധവ് താക്കറെ കണ്ണും പൂട്ടി പ്രഖ്യാപിച്ചത്. എന്നാല്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. ഇന്ത്യാ മുന്നണിക്ക് കൈകൊടുത്ത ഉദ്ധവിനേക്കാള്‍ മറാത്ത മണ്ണിന് ബിജെപിക്കൊപ്പം നില്‍ക്കുന്ന എക്നാഥിനോടാണ് താല്‍പ്പര്യമെന്ന് ജനങ്ങള്‍ വീണ്ടും വെളിപ്പെടുത്തി. ഈ ജനവിധി വിശ്വസിക്കാന്‍ ഉദ്ധവ് ക്യാംപിന് ഇനിയും സാധിച്ചിട്ടില്ല. എന്തോ ക്രമക്കേട് സംഭവിച്ചിട്ടുണ്ട്, ഇത് ജനവിധിയല്ല എന്നായിരുന്നു ശിവസേന (ഉദ്ധവ് ) നേതാവ് സഞ്ജയ് റാവത്തിന്‍റെ ആദ്യ പ്രതികരണം.

2022ൽ ഏക്നാഥ് ഷിന്‍ഡെയിലൂടെ ശിവസേനയെ പിളർത്തിയാണ് ശിവസേന- എൻസിപി-കോൺഗ്രസ് സഖ്യത്തിന്‍റെ ഉദ്ധവ് താക്കറെ സർക്കാരിനെ ബിജെപി താഴെയിറക്കിയത്. ഷിൻഡെയുടെ നേതൃത്വത്തിൽ നടന്ന വിമത നീക്കം ശരിക്കും ഉദ്ധവിന്‍റെ രാഷ്ട്രീയ ഭാവിയുടെ കടയ്ക്കല്‍ കത്തിവെച്ചതിനു തുല്യമായിരുന്നു. അതിനുശേഷം, ഷിൻഡെ ബിജെപിയുമായി സഖ്യമുണ്ടാക്കുകയും സഖ്യസർക്കാരിൻ്റെ മുഖ്യമന്ത്രിയാകുകയും ചെയ്തു. പാർട്ടി വിടുമ്പോള്‍ ഉദ്ധവിനെതിരെ കടുത്ത ആരോപണങ്ങളാണ് എക്‌നാഥ് ഷിന്‍ഡെ ഉന്നയിച്ചത്. ബാല്‍ താക്കറെയുടെ ആശയങ്ങളില്‍ നിന്നും ഉദ്ധവ് പിന്നോട്ട് പോയി എന്നതായിരുന്നു അതില്‍‌ പ്രധാനം.


'എന്നെ ചെറുതായി കാണരുത്' എന്ന് പറഞ്ഞായിരുന്നു അവിഭക്ത ശിവസേനയില്‍ നിന്നുള്ള എക്നാഥ് ഷിന്‍ഡെയുടെ പടിയിറക്കം. ആ വാക്കുകളുടെ വ്യാപ്തി ഇപ്പോഴാണ് ഉദ്ധവിന് ശരിക്കും മനസിലായത്. നേർക്കുനേർ ഏറ്റുമുട്ടിയ 51ഓളം സീറ്റുകളില്‍ ഭൂരിപക്ഷം ഇടത്തും വിജയം എക്നാഥിനൊപ്പമായിരുന്നു. ഇതിലൂടെ ശിവസേന ഞങ്ങള്‍ (ഞാന്‍) തന്നെയെന്ന് ഷിന്‍ഡെ സുവ്യക്തമായി പറഞ്ഞു വയ്ക്കുന്നു.

ഷിന്‍ഡെ പുറത്തേക്ക് പോയപ്പോള്‍ പാർട്ടിയിലെ വലിയൊരു വിഭാഗം അണികളും ഒപ്പം ചേർന്നിരുന്നു. അതുകൊണ്ട് തന്നെ സംഘടനാ ശൃംഖല കാര്യക്ഷമമാക്കി തീർക്കാനും ശക്തിപ്പെടുത്താനുമായിരുന്നു ഉദ്ധവ് താക്കറെയുടെ ആദ്യ നീക്കം. ഇതില്‍ ഒരു വിധം ഉദ്ധവ് വിജയിച്ചു എന്നതിന്‍റെ തെളിവായിരുന്നു ലോക്‌സഭയിലെ വിജയം. മുതിർന്ന നേതാക്കളുടെ കൂറുമാറ്റവും പ്രധാന സഖ്യകക്ഷികളുമായുള്ള ആശയഭിന്നതകളും അടക്കമുള്ള തിരിച്ചടികൾക്കിടയിലും, താക്കറെ പാർട്ടിയുടെ കീഴ്ത്തട്ടിലെ പ്രവർത്തനങ്ങള്‍ ശക്തമാക്കാന്‍ ശ്രമിച്ചു. എന്നാലും, സംസ്ഥാനമൊട്ടാകെയുള്ള പോരാട്ടത്തിന് ആവശ്യമായ സങ്കീർണ്ണമായ പ്രചരണ സംവിധാനം കൈകാര്യം ചെയ്യാൻ തക്കവണ്ണം ഒരു കരുത്തുറ്റ ടീമിൻ്റെ അഭാവം ഉദ്ധവിന്‍റെ ശിവസേനയില്‍ ഉണ്ടായിരുന്നു. അതാണ് ഉദ്ധവ് താക്കറെക്ക് തിരിച്ചടിയായത്.

ജയിച്ചു കയറിയെങ്കിലും മഹായുതിയില്‍ ഏക്നാഥ് ഷിന്‍ഡെയ്ക്ക് കാര്യങ്ങള്‍ അത്ര സുഗമമല്ല. മുഖ്യമന്ത്രി കസേരയില്‍ ഷിന്‍ഡെ തുടരേണ്ട എന്നതാണ് ബിജെപിയുടെ തീരുമാനം എന്നാണ് സൂചന. എന്നാല്‍ മഹാരാഷ്ട്രയില്‍ ഉദ്ധവ് അരയും തലയും മുറുക്കി ഇറങ്ങിയിട്ടും തന്നെ പരാജയപ്പെടുത്താന്‍ സാധിച്ചില്ലെന്ന കാര്യം മുഖ്യമന്ത്രി കസേരയ്ക്കായി വാദിക്കുമ്പോള്‍ ഏക്നാഥ് എടുത്ത് പറയും. അതിന് ബിജെപിയുടെ മറുപടി അനുകൂലമാണെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്ന ദേവേന്ദ്ര ഫഡ്നാവിസിനെക്കാള്‍ പ്രതിപക്ഷത്തുള്ള ഉദ്ധവായിരിക്കും കൂടുതല്‍ പ്രതിസന്ധിയിലാകുക.

ഇനിയുള്ള ദിവസങ്ങള്‍ ഉദ്ധവ് താക്കറെയ്ക്ക് പുനർവിചിന്തനങ്ങളുടേതാണ്. പാർട്ടി സംവിധാനങ്ങളെ താഴേ തട്ട് മുതല്‍ കൂടുതല്‍ ശക്തമാക്കണം. ജനങ്ങള്‍ക്കിടയിലേക്കിറങ്ങി വീണ്ടും താനാണ് ബാല്‍ താക്കറെയുടെ രാഷ്ട്രീയ പിന്‍ഗാമിയെന്ന് പറയും മുന്‍പ് ഉദ്ധവിന് നിലപാടുകളെ ഒന്നു കൂടി 'താക്കറെ സ്റ്റൈലിലേക്ക്' മാറ്റേണ്ടി വരും. അതായത് ഇന്ത്യാ സഖ്യത്തിനുള്ളില്‍ നിന്നും ചിലപ്പോള്‍ തീവ്ര മറാത്ത-ഹിന്ദുത്വ ശബ്ദങ്ങള്‍ ഉയർന്നേക്കാമെന്ന് അർഥം. തല്‍ക്കാലം ശിവസേനയുടെ നേതൃത്വത്തില്‍ നിന്നും ഉദ്ധവ് ഒഴിയേണ്ട സാഹചര്യമുണ്ടാകില്ലെങ്കില്‍ കൂടി ആ സ്ഥാനത്തിനു വേണ്ടി മറ്റ് നേതാക്കളില്‍ നിന്നും അവകാശവാദങ്ങള്‍ ഉയർന്നേക്കാം. മകന്‍ ആദിത്യ താക്കറേയുടെ വൊർളിയിലെ വിജയമാണ് ഉദ്ധവിന് ആകെ ആശ്വാസം നല്‍കുന്ന ഘടകം. എന്നാല്‍ ദുർബലമായ പ്രതിപക്ഷത്ത് ഇരുന്നു കൊണ്ട് ചലനങ്ങള്‍ ഒന്നുംതന്നെ സൃഷ്ടിക്കാന്‍ ആദിത്യക്കും കഴിഞ്ഞേക്കില്ല. അങ്ങനെയെങ്കില്‍ മിഷാലിന്‍റെ (ഉദ്ധവിന്‍റെ ചിഹ്നം) വെളിച്ചത്തില്‍ ഇനി അധികകാലം ശിവസേനയുമായി മുന്നോട്ട് പോകാന്‍ ഉദ്ധവ് താക്കറെയ്ക്ക് സാധിക്കില്ല.

SCROLL FOR NEXT