NEWSROOM

ലക്ഷ്യം നിയമസഭാ തെരഞ്ഞെടുപ്പ്; മഹാരാഷ്ട്രയിൽ മദ്രസാ അധ്യാപകരുടെ വേതനം മൂന്നിരട്ടി ഉയർത്തി മഹായുതി സർക്കാർ

ഒപ്പം ഡിഎഡ് ബിരുദമുള്ള പ്രൈമറി അധ്യാപകരുടെ പ്രതിമാസ വേതനം 6,000 രൂപയിൽ നിന്ന് 16,000 രൂപയാക്കി ഉയർത്തും

Author : ന്യൂസ് ഡെസ്ക്


ക്രീമിലെയർ വരുമാന പരിധി ഉയർത്തുന്ന നീക്കത്തിന് പിന്നാലെ മറ്റൊരു തെരഞ്ഞെടുപ്പ് തന്ത്രവുമായി മഹാരാഷ്ട്രയിലെ സർക്കാർ. അടുത്ത മാസം നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥനത്തെ മദ്രസ അധ്യാപകരുടെ ശമ്പളം മൂന്നിരട്ടിയാക്കാൻ ബിജെപി നേതൃത്വത്തിലുള്ള മഹായുതി സർക്കാർ തീരുമാനിച്ചു. വ്യാഴാഴ്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് മദ്രസ അധ്യാപകരുടെ ശമ്പളവും മൗലാന ആസാദ് ഫിനാൻഷ്യൽ കോർപ്പറേഷൻ്റെ പ്രവർത്തന മൂലധനവും വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.

നിലവിൽ 8000 രൂപയാണ് മദ്രസ അധ്യാപകരുടെ ശമ്പളം. ഇത് ഒറ്റയടിക്ക് 10000 രൂപ കൂട്ടി 18000 രൂപയാക്കി ഉയർത്താനാണ് സർക്കാർ തീരുമാനം. ഒപ്പം ഡിഎഡ് ബിരുദമുള്ള പ്രൈമറി അധ്യാപകരുടെ പ്രതിമാസ വേതനം 6,000 രൂപയിൽ നിന്ന് 16,000 രൂപയാക്കി ഉയർത്തും. ബിഎഡുള്ള സെക്കൻഡറി സ്കൂൾ അധ്യാപകരുടെ പ്രതിമാസ ശമ്പളം 8,000 രൂപയിൽ നിന്ന് 18,000 രൂപയായി വർധിക്കും.

ALSO READ: ഹരിയാന മോഡൽ പരീക്ഷിക്കാൻ മഹായുതി സർക്കാർ; മഹാരാഷ്ട്രയിൽ ക്രീമിലെയർ വരുമാന പരിധി ഉയർത്താൻ നീക്കം

അതേസമയം ഒബിസി-പട്ടികജാതി വിഭാഗങ്ങളെ ഒപ്പം നിര്‍ത്തി വിജയിച്ച 'ഹരിയാന മോഡല്‍' മഹാരാഷ്ട്രയിലും നടപ്പിലാക്കാൻ ലക്ഷ്യമിടുകയാണ് മഹായുതി സർക്കാർ. ഇതിൻ്റെ ഭാഗമായി ഒബിസി വിഭാഗത്തെ ക്രീമിലെയറില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള വരുമാന പരിധി 15 ലക്ഷമാക്കി ഉയര്‍ത്താനാണ് തീരുമാനം. സംസ്ഥാനത്തെ പട്ടികജാതി കമ്മീഷന് ഭരണഘടനാ പദവി നല്‍കാനും മഹായുതി സർക്കാരിൻ്റെ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഒബിസി വിഭാഗത്തിനെ ക്രീമിലെയറില്‍ ഉള്‍പ്പെടുത്തുന്നതിൻ്റെ വരുമാന പരിധി എട്ടു ലക്ഷത്തില്‍ നിന്ന് 15 ലക്ഷമാക്കി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും. സംസ്ഥാന പട്ടികജാതി കമ്മീഷന് ഭരണഘടനാ പദവി നൽകുന്ന ഓർഡിനൻസിനും സർക്കാർ അംഗീകാരം നൽകി. അടുത്ത നിയമസഭാ സമ്മേളനത്തില്‍ തന്നെ ഓര്‍ഡിനന്‍സ് അവതരിപ്പിക്കും. കമ്മീഷൻ പാനലിനായി 27 തസ്തികകളും കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചു. നേരത്തെ ഹരിയാനയിലും തെരഞ്ഞെടുപ്പിന് മുന്നോടിയായി ക്രീമിലെയർ പരിധി ആറ് ലക്ഷത്തിൽ നിന്ന് എട്ടു ലക്ഷമായി ഉയർത്തിയിരുന്നു.


SCROLL FOR NEXT