ജാർഖണ്ഡ്, മഹാരാഷ്ട്ര തെരഞ്ഞെടുപ്പുകൾക്കൊപ്പം ഇന്ന് അഞ്ച് സംസ്ഥാനങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കും. പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ 15 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. മഹാരാഷ്ട്രയിലെ നാന്ദേഡ് മണ്ഡലത്തിൽ ഇന്ന് ലോക്സഭാ ഉപതെരഞ്ഞെടുപ്പും നടക്കുന്നുണ്ട്.
ജാർഖണ്ഡ്, മഹാരാഷ്ട്രാ നിയമസഭാ വോട്ടെടുപ്പ് ചൂടിലാണ് രാജ്യം. എന്നാൽ കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിൽ ലോക്സഭയിലേക്കും നിയസഭകളിലേക്കുമായി 16 മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പും ഇന്ന് നടക്കും. കേരളത്തിലെ പാലക്കാടിന് പുറമെ, പഞ്ചാബ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലായാണ് ബുധനാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഉത്തർപ്രദേശിൽ ഒമ്പത് ഇടത്താണ് ഉപതെരഞ്ഞെടുപ്പ്. പഞ്ചാബിൽ നാലും, ഉത്തരാഖണ്ഡിൽ ഒരു നിയമസഭാ സീറ്റിലും, മഹാരാഷ്ട്രയിൽ ഒരു ലോക്സഭാ സീറ്റിലുമായി ജനം വിധിയെഴുതുകയാണ്.
യുപിയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിൻ്റെ ക്ഷീണം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഉപതെരഞ്ഞെടുപ്പിൽ തീർക്കേണ്ടതുണ്ട്. ഒഴിഞ്ഞുകിടക്കുന്ന പത്ത് സീറ്റിൽ മിൽകിപൂർ സംവരണ സീറ്റ് ഒഴികെ 9 ഇടത്താണ് വോട്ടെടുപ്പ്. ചില എംഎൽഎമാർ എംപിമാർ ആയതോടെയാണ് കൂടുതൽ ഒഴിവുവന്നത്. സിസാമൗവിൽ സമാജ് വാദി പാർട്ടി എംഎൽഎ ക്രിമിനൽ കേസിൽ അയോഗ്യനാക്കപ്പെട്ടതിനാണ് ഒഴിവ് വന്നത്.
ഉത്തരാഖണ്ഡിൽ ബിജെപി മഹിളാ മോർച്ച അധ്യക്ഷ ആശാ നൗതിയാലും കോൺഗ്രസിൻ്റെ മനോജ് റാവത്തും കേദാർനാഥ് അസംബ്ലി സീറ്റിന് വേണ്ടി മത്സരിക്കും. കേദാർനാഥിൽ ബിജെപി എംഎൽഎ മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. പഞ്ചാബിൽ ദേര ബാബ നാനക്, ഛബ്ബേവാൽ, ഗിദർബാഹ, ബർണാല മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിൽ 16 മണ്ഡലങ്ങളിലായി നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളുടെ ജനവിധി നവംബർ 23ന് അറിയാം.