ഏക്‌നാഥ് ഷിൻഡെ 
NEWSROOM

മഹാരാഷ്ട്ര നിയമസഭ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്; പതിനൊന്നിൽ ഒമ്പതു സീറ്റുകളും നേടി ബിജെപി സഖ്യം

ഉദ്ധവ് താക്കറെയുടെയും ശരദ് പവാറിന്‍റെയും നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡി (എംവിഎ) മൂന്ന് പേരെയാണ് രംഗത്തിറക്കിയിരുന്നത്

Author : ന്യൂസ് ഡെസ്ക്

മഹാരാഷ്ട്രയില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം മഹാരാഷ്ട്ര നിയമസഭ കൗണ്‍സില്‍ (എംഎൽസി) തെരഞ്ഞെടുപ്പിൽ വന്‍ വിജയം നേടി. ബിജെപിക്കൊപ്പം മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ ശിവസേനയും ഉപമുഖ്യമന്ത്രി അജിത് പവാറിന്‍റെ എൻസിപിയും ഉൾപ്പെടുന്നതാണ് മഹായുതി സഖ്യം. ലോക്സഭ തെരഞ്ഞെടുപ്പിലെ നിരാശാജനകമായ ഫലത്തിനു ശേഷമുള്ള സഖ്യത്തിന്‍റെ തിരിച്ചുവരവാണ് കൗൺസിൽ തെരഞ്ഞെടുപ്പ് ഫലം രേഖപ്പെടുത്തുന്നത്.

മുതിർന്ന നേതാവ് ഗോപിനാഥ് മുണ്ടെയുടെ മകൾ പങ്കജ മുണ്ടെ ഉൾപ്പെടെ അഞ്ച് സ്ഥാനാർഥികളെയാണ് ബിജെപി മത്സര രംഗത്തിറക്കിയത്. അഞ്ചുപേരും ജയിച്ചു. ഷിൻഡെ സേനയും അജിത് പവാറിന്‍റെ എൻസിപിയും രണ്ട് വീതം സ്ഥാനാർഥികളെയാണ് നാമനിർദേശം ചെയ്തത്. ഇവര്‍ നാലുപേരും ജയിച്ചു.

ഉദ്ധവ് താക്കറെയുടെയും ശരദ് പവാറിന്‍റെയും നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡി (എംവിഎ) മൂന്ന് പേരെയാണ് രംഗത്തിറക്കിയിരുന്നത്. ഈ മൂന്ന് സീറ്റുകളും സുരക്ഷിതമാക്കാൻ എംവിഎയ്ക്ക് കഴിഞ്ഞു. കോണ്‍ഗ്രസും എംവിഎയുടെ ഭാഗമാണ്.

മഹാരാഷ്ട്ര നിയമസഭാ കൗണ്‍സിലിലേക്ക് മൊത്തം 11 സീറ്റുകളിലേക്കാണ് ഇന്ന് രാവിലെ വോട്ടെടുപ്പ് നടന്നത്. 11 സീറ്റുകളിലേക്ക് 12 സ്ഥാനാർഥികളാണ് മത്സരിച്ചത്. ഒരു പാർട്ടിക്ക് നിയമസഭയില്‍ എംഎൽഎമാർ ഉണ്ടെങ്കിൽ (മഹാരാഷ്ട്രയില്‍, 23) അവര്‍ക്ക് ഒരു നിയമസഭ കൗൺസിൽ സീറ്റ് അവകാശപ്പെടാന്‍ സാധിക്കും. 103 എംഎൽഎമാരുള്ള ബിജെപി അഞ്ച് സ്ഥാനാർഥികളെയാണ് നിർത്തിയത്. ഇതില്‍ നാല് സീറ്റുകൾ ഉറപ്പും അഞ്ചാമത്തേതില്‍ 12 സീറ്റുകളുടെ കുറവുമുണ്ടായിരുന്നു.37 എംഎല്‍എമാരുള്ള ഷിൻഡെ സേന രണ്ട് പേരെയാണ് നിർത്തിയത്. അതായത് ഒമ്പത് എണ്ണത്തിന്‍റെ കുറവ്. അജിത് പവാറിന്‍റെ എൻസിപിക്ക് 39 എംഎല്‍എമാരും ഏഴു സീറ്റുകളുടെ കുറവുമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ മഹായുതി സഖ്യം മത്സരിച്ച ഒമ്പത് സീറ്റുകളിൽ വിജയിക്കാൻ 28 വോട്ടുകളുടെ കുറവുണ്ടായിരുന്നു.

മറുപക്ഷത്ത്, കോൺഗ്രസിന് 37 എംഎൽഎമാരുണ്ടെങ്കിലും ഒരു സ്ഥാനാർഥിയെ മാത്രമേ പ്രഖ്യാപിച്ചിരുന്നുള്ളു. മിച്ചമുള്ള 14 വോട്ടുകൾ എംവിഎ സഖ്യകക്ഷികള്‍ക്കിടയില്‍ വിതരണം ചെയ്യാൻ ഉദേശിച്ചായിരുന്നു ഇത്.

അഖിലേഷ് യാദവിന്‍റെ സമാജ്‍വാദി പാർട്ടിയിൽ നിന്നുള്ള രണ്ട് എംഎൽഎമാർ, അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം, ഏക സിപിഎം നേതാവ്, ഒരു സ്വതന്ത്ര എംഎല്‍എ എന്നിങ്ങനെയുള്ളവരുടെ സഖ്യങ്ങൾക്ക് പുറത്തുള്ള വോട്ടുകളാണ് എംഎല്‍സി തെരഞ്ഞെടുപ്പില്‍ പ്രധാനപ്പെട്ടത്

SCROLL FOR NEXT