NEWSROOM

മഹാരാഷ്ട്രയില്‍ ശിവജി പ്രതിമ തകര്‍ന്ന സംഭവം; ശില്‍പി അറസ്റ്റില്‍

ഉദ്ഘാടനം നടത്തി ഒന്‍പത് മാസം തികയുന്നതിന് മുമ്പാണ് പ്രതിമ തകര്‍ന്നു വീണത്. പ്രതിമ തകര്‍ന്നതിന് പിന്നാലെ സംഭവത്തില്‍ പൊലീസ് കേസെടുത്തിരുന്നു.

Author : ന്യൂസ് ഡെസ്ക്



മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗില്‍ തകര്‍ന്നു വീണ ശവജി പ്രതിമയുടെ ശില്‍പി ജയദീപ് ആപ്‌തെ അറസ്റ്റില്‍. പ്രതിമ തകര്‍ന്ന് വീണതിന് പിന്നാലെ ഒളിവിൽ പോയിരുന്ന ജയ്ദീപിനെ താനെ ജില്ലയിലെ കല്യാണില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

ഓഗസ്റ്റ് 26നാണ് പ്രതിമ തകര്‍ന്നു വീണത്. ഉദ്ഘാടനം നടത്തി ഒന്‍പത് മാസം തികയുന്നതിന് മുമ്പാണ് പ്രതിമ തകര്‍ന്നു വീണത്. പ്രതിമ തകര്‍ന്നതിന് പിന്നാലെ സംഭവത്തില്‍ പൊലീസ് കേസെടുത്തിരുന്നു. ശില്‍പിയായ ജയ്ദീപിനും നിര്‍മാണ കണ്‍സള്‍ട്ടന്റ് ചേതന്‍ പാട്ടീലിനെയും പ്രതികളാക്കിയായിരുന്നു കേസ്. ഇരുവരെയും പിടികൂടാന്‍ ഏഴ് ടീമുകളെ തന്നെ പൊലീസ് നിയോഗിച്ചിരുന്നു.


കഴിഞ്ഞ വര്‍ഷം ഡിസംബര്‍ നാലിന് നാവികസേനാ ദിനത്തോടനുബന്ധിച്ചാണ് മോദി പ്രതിമ അനാച്ഛാദനം ചെയ്തത്. ഒരു വര്‍ഷം തികയും മുന്‍പേ പ്രതിമ തകര്‍ന്നതോടെ എന്‍ഡിഎ സര്‍ക്കാരിനും മോദിക്കുമെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഛത്രപതി ശിവജി നിര്‍മിച്ച കോട്ട ഇപ്പോഴും തകരാതെ നില്‍ക്കുമ്പോഴാണ് മാസങ്ങള്‍ക്ക് മുന്‍പ് പ്രധാനമന്ത്രി മോദി, മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവര്‍ ചേര്‍ന്ന് അനാച്ഛാദനം ചെയ്ത പ്രതിമ തകര്‍ന്നതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പരിഹാസം. പ്രതിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് അഴിമതി നടന്നെന്നും പ്രതിപക്ഷം ആരോപിച്ചു.


SCROLL FOR NEXT