എൻസിപി ചിഹ്നത്തർക്കത്തിൽ അജിത് പവാർ പക്ഷത്തിനെതിരെ സുപ്രീം കോടതിയുടെ വിമർശനം. സ്വന്തം കാലിൽ നിന്ന് തെരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് അജിത് പവാർ പക്ഷത്തിനോട് കോടതി വിമർശനം. ക്ലോക്ക് ചിഹ്നം അജിത് പവാർ പക്ഷത്തിന് ഉപാധികളോടെ ഉപയോഗിക്കാമെന്നായിരുന്നു കോടതിയുടെ മുൻ ഉത്തരവ്. എന്നാൽ, കോടതിയുത്തരവിന് ശേഷവും വോട്ടർമാർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുന്നു എന്നാണ് ശരത് പവാർ പക്ഷത്തിൻ്റെ ആരോപണം.
നവംബർ 20ന് നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ശരദ് പവാറിൻ്റെ ഫോട്ടോകളോ വീഡിയോകളോ ഒന്നും ഉപയോഗിക്കരുത് എന്നും, കോടതി അജിത് പവാർ പക്ഷത്തോട് ഉപദേശിച്ചു. തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ഇരുവിഭാഗങ്ങളും തങ്ങളുടെ പ്രത്യേക വ്യക്തിത്വം നിലനിർത്തണമെന്ന് ആവശ്യപ്പെട്ടുള്ള മുൻ ഉത്തരവ് മുൻനിർത്തിയാണ് കോടതി നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. "സ്വന്തം കാലിൽ നിൽക്കാൻ പഠിക്കണം. ഇപ്പോൾ ശരദ് പവാർ പക്ഷവുമായി ആശയപരമായ വ്യത്യാസമുണ്ട്. ശരദ് പവാറുമായുള്ള ബന്ധം വേർപെടുത്തി കഴിഞ്ഞതിനാൽ അദ്ദേഹത്തിൻ്റെ പേരോ ഫോട്ടോയോ വീഡിയോയോ ഉപയോഗിക്കരുത്," കോടതി നിർദേശിച്ചു.
ശരത് പവാർ പക്ഷത്തിൻ്റെ പേരും ചിഹ്നവും മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതിയിലാണ് വിമർശനം. അജിത് പവാർ ഇപ്പോഴും ശരദ് പവാറിന്റെ സൽപ്പേര് ഉപയോഗിച്ചാണ് നേട്ടമുണ്ടാക്കുന്നതെന്ന് ശരദ് പവാറിന്റെ അഭിഭാഷകനായ അഭിഷേക് മനു സിങ്‌വി കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് നിർദേശം. സുപ്രീം കോടതി ജസ്റ്റിസുമാരായ ജസ്റ്റിസ്. സൂര്യ കാന്ത്, ജസ്റ്റിസ്. ഉജ്ജൽ ഭുയാൻ എന്നിവരാണ് കേസ് പരിഗണിച്ചത്.