NEWSROOM

മഹാരാഷ്ട്രയില്‍ ഗില്ലന്‍ ബാരി സിന്‍ഡ്രോം: രോഗപ്രതിരോധ സംവിധാനം നാഡീവ്യവസ്ഥയെ ആക്രമിക്കുന്ന അപൂര്‍വ അവസ്ഥ

മഹാരാഷ്ട്രയില്‍ ഗില്ലിന്‍-ബാരെ സിന്‍ഡ്രോം മൂലമുള്ള ആദ്യത്തെ സംശയാസ്പദമായ മരണം റിപ്പോര്‍ട്ട് ചെയ്തു

Author : ന്യൂസ് ഡെസ്ക്

മഹാരാഷ്ട്രയില്‍ ഗില്ലന്‍ ബാരി സിന്‍ഡ്രോം (ജിബിഎസ്) സംശയിക്കുന്ന രോഗി മരിച്ചു. ജിബിഎസ് രോഗം ബാധിച്ച് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ മരണമാണിത്. ഇതു സംബന്ധിച്ച ഔദ്യോഗിക റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല. സോളാപൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗിയാണ് മരിച്ചത്. ജനുവരി 18 നാണ് കടുത്ത വയറിളക്കവും ചുമയും ജലദോശവും ബാധിച്ച് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഐസിയുവിലായിരുന്ന ഇദ്ദേഹത്തെ ആരോഗ്യം മെച്ചപ്പെട്ടതിനെ തുടര്‍ന്ന് വാര്‍ഡിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

ഇതിനിടയില്‍ പൂനെയിൽ ഗില്ലന്‍ ബാരി സിന്‍ഡ്രോം ബാധിച്ചവരുടെ എണ്ണം 101 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 28 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 16 രോഗികള്‍ വെന്റിലേറ്ററിലാണ്. ഒമ്പത് വയസ്സിന് താഴെയുള്ള 19 കുട്ടികളില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 50 നും 80 നും ഇടയില്‍ പ്രായമുള്ള 23 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

എന്താണ് ഗില്ലന്‍ ബാരി സിന്‍ഡ്രോം?

ഒരു ഓട്ടോ ഇമ്മ്യൂണ്‍ ന്യൂറോളജിക്കല്‍ ഡിസോര്‍ഡറാണ് ഗില്ലന്‍ ബാരി സിന്‍ഡ്രോം. രോഗപ്രതിരോധ സംവിധാനം നാഡികളെ ആക്രമിക്കുന്ന അപൂര്‍വ രോഗമാണിത്. തളര്‍ച്ച, ബലഹീനത, മറ്റ് സങ്കീര്‍ണതകളൊക്കെയാണ് രോഗലക്ഷണങ്ങള്‍. രോഗം ബാധിച്ച് ആറ് മാസത്തിനുള്ളില്‍ രോഗി ആരോഗ്യസ്ഥിതി വീണ്ടെടുക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ചില രോഗികളില്‍ പൂര്‍ണമായി സുഖം പ്രാപിക്കാന്‍ ഒരു വര്‍ഷമോ അതില്‍ കൂടുതലോ എടുത്തേക്കാം.

ചെലവേറിയ ചികിത്സയാണ് പലപ്പോഴും രോഗം സങ്കീര്‍ണമാക്കുന്നത്. ഇമ്യൂണോഗ്ലോബുലിന്‍ (IVIG) എന്ന ഇഞ്ചക്ഷനാണ് ചികിത്സയ്ക്കായി വേണ്ടത്. ഇത് ഒരെണ്ണത്തിന് 20,000 രൂപയാണ് ചെലവ്. രോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ സൗജന്യമാക്കിയിട്ടുണ്ട്.

രോഗപ്രതിരോധ സംവിധാനം നാഡികളെ ആക്രമിക്കുന്നതോടെ പേശീ ബലഹീനത ഉണ്ടാകുകയും ഇത് പക്ഷാഘാതത്തിലേക്ക് നയിക്കുകയും ചെയ്യും. രോഗം ബാധിച്ച് ദിവസങ്ങള്‍ക്കുള്ളിലോ ആഴ്ചകള്‍ക്കുള്ളിലോ രോഗി തളര്‍ന്നു കിടപ്പിലാകും. ഏത് പ്രായത്തില്‍ പെട്ട ആളുകള്‍ക്കും രോഗം വരാമെങ്കിലും മുതിര്‍ന്നവരിലും പുരുഷന്മാരിലുമാണ് രോഗം കൂടുതലായി കണ്ടുവരുന്നത്. 100,000 ജനസംഖ്യയില്‍ 1/2 എന്ന തോതില്‍ ഇത് സംഭവിക്കുന്നതായി കണക്കാക്കപ്പെടുന്നു.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍


മഹാരാഷ്ട്രയില്‍ രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. രോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ ജലപരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്. ശനിയാഴ്ച പുറത്തു വന്ന പരിശോധനാ ഫലത്തില്‍ പൂനെയിലെ പ്രാഥമിക ജലസ്രോതസ്സായ ഖഡക്വാസ്ല അണക്കെട്ടിന് സമീപമുള്ള ഒരു കിണറില്‍ ഉയര്‍ന്ന അളവില്‍ ഇ.കോളി ബാക്ടീരിയ കണ്ടെത്തിയിരുന്നു. എങ്കിലും ഈ കിണര്‍ സജീവമായി ഉപയോഗിക്കുന്നുണ്ടോ എന്ന് കണ്ടെത്തിയിട്ടില്ല.

കൂടുതല്‍ ജിബിഎസ് കേസുകള്‍ തിരിച്ചറിയുന്നതിനും പകര്‍ച്ചവ്യാധിയുടെ ഉറവിടം കണ്ടെത്തുന്നതിനുമായി ആരോഗ്യ വകുപ്പ് 25,578 വീടുകളില്‍ സര്‍വേ നടത്തി. സാധാരണഗതിയില്‍ ജിബിഎസ് കേസുകള്‍ പ്രതിമാസം രണ്ട് കേസില്‍ കൂടാറില്ല എന്നതിനാല്‍ നിലവിലെ സാഹചര്യം ആശങ്കയോടെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ കാണുന്നത്.

SCROLL FOR NEXT